തിരുവനന്തപുരം: തെക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യുനമർദം ചുഴലിക്കാറ്റായി രൂപപ്പെടുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ എട്ടു ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ചുഴലിക്കാറ്റിനൊപ്പം കേരളത്തിൽ വ്യാപക മഴ പെയ്യാനുള്ള സാധ്യത മുൻനിർത്തിയാണു നടപടി.
29, 30 തീയതികളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്. 29-ന് എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, വയനാട് എന്നീ ജില്ലകൾക്കാണ് മഞ്ഞ അലർട്ട് ബാധകം. 30-ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.
അടുത്ത 24 മണിക്കൂറിൽ ന്യൂനമർദം അതിതീവ്രമാകുമെന്നും ശേഷമുള്ള 12 മണിക്കൂറിൽ ഒരു ചുഴലിക്കാറ്റായി മാറുമെന്നുമാണ് പ്രവചനം. ഈ സമയത്ത് മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റു വീശിയേക്കും. 30-ന് ഇത് തമിഴ്നാട്-ആന്ധ്ര തീരത്തിന് അടുത്തെത്താനാണ് സാധ്യത.
കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം മത്സ്യത്തൊഴിലാളികൾ ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തിന്റെ കിഴക്കും തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യ ഭാഗത്തും തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും കേരളതീരത്തും മത്സ്യബന്ധനത്തിന് പോകുന്നതു വിലക്കിയിട്ടുണ്ട്. ആഴക്കടലിൽ മത്സ്യബന്ധനത്തിലേർപ്പെടുന്നവർ ഉടൻ തിരിച്ചെത്താനും നിർദേശം നൽകി.