മാർച്ച് 25ന് ഹഡ്സണ്‍ റിവറിനു സമീപമുള്ള പാർക്കിലേക്കു രാവിലെ പ്രഭാത സവാരിക്ക് ഇറങ്ങിയതായിരുന്നു ന്യൂജഴ്സിയിലെ ഒരു വീട്ടമ്മ.
പെട്ടന്നാണ് അവർ ആ കാഴ്ച കണ്ടത്. പുൽത്തകിടിയിൽ ചെറിയൊരു ചുഴലിക്കാറ്റ് രൂപം കൊള്ളുന്നു. അതു ചലിക്കുന്നുണ്ടെന്ന് അവർക്കു തോന്നി.
അവിശ്വസനീയതോടെയും അല്പം ആശങ്കയോടെയും അവർ വീക്ഷിച്ചു. അത് അവിടെത്തന്നെ നിൽക്കുകയാണ്. അതേസമയം, അവർ താഴേക്കു നോക്കി. നടന്നുവന്ന നടപ്പാതയിൽ നിറയെ മണ്ണിരകൾ.
നടപ്പാതയുടെ കോണ്‍ക്രീറ്റ് ഭാഗം ചെന്നു മുട്ടുന്ന പുല്ലിനോടു ചേർന്നുള്ള ഭാഗത്താണ് ചുഴലിദൃശ്യം. അല്പംകൂടി അടുത്തു ചെന്നപ്പോഴാണ് മനസിലായത്, അതു സാധാരണ ചുഴലിക്കാറ്റല്ല, മണ്ണിരകൾ തീർത്തിയിരിക്കുന്ന ചുഴലി ദൃശ്യമാണ്.
ആയിരക്കണക്കിനു മണ്ണിരകൾ അവിടെ കാണപ്പെട്ടു. ഈ ദൃശ്യം അവർ ഫോണിൽ പകർത്തി സിറ്റി കൗണ്‍സിലെ ടിഫാനി ഫിഷറിന് ഫോട്ടോകൾ അയച്ചു കൊടുത്തു.
അവർ ഈ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചുകൊണ്ട് ഇതുപോലൊരു ചിത്രം ആരെങ്കിലും കണ്ടിട്ടുണ്ടോ എന്നു ചോദിക്കുകയും ചെയ്തു.
അന്പരപ്പിൽ ശാസ്ത്ര ലോകം
എന്തായാലും ഈ കാഴ്ച ശാസ്ത്ര ലോകത്തെ പോലും അന്പരിപ്പിച്ചു. മിനസോട്ട സർവകലാശാലയിലെ മണ്ണ്-ജലം-കാലാവസ്ഥാ വിഭാഗം പ്രഫസറായ ക്യുങ്സൂ യൂ ലൈവ് സയൻസിനോട് പറഞ്ഞത് ഇങ്ങനെ:
ഈ ചുഴലിക്കാറ്റ് രൂപം ശരിക്കും രസകരമാണ്. മഴയെത്തുടർന്നു പിണ്ഡം പുറപ്പെടുവിക്കുന്നതിനായി മണ്ണിൽനിന്നു മണ്ണിരകൾ പുറത്തുവരാറുണ്ട്.പക്ഷേ, അവ ഇങ്ങനെ ഒരു ചുഴലിപോലെ കണ്ടിട്ടില്ല.
മണ്ണിര ഉദ്യാനം
ഇങ്ങനെ ഒരു ചുഴലി പോലെ ഇരിക്കുന്ന മണ്ണിരകൾ ഏതു തരമാണെന്നും അതിനുള്ള കാരണമെന്താണെന്നും അറിയില്ലെന്നും ജോർജിയ ടെക്കിലെ അസിസ്റ്റന്റ് പ്രഫസറും ലാബ് മേധാവിയുമായ സാദ് ഭംല പറഞ്ഞു.
അവയുടെ സ്വഭാവത്തെക്കുറിച്ചുള്ള എന്തെങ്കിലും നിഗമനത്തിലേക്ക് ഇപ്പോൾ എത്തുന്നത് ഒരു തരത്തിലുള്ള ഉൗഹം മാത്രമായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്തായാലും, സംഭവത്തെക്കുറിച്ച് ട്വിറ്ററിൽ നിരവധി സിദ്ധാന്തങ്ങൾ പ്രചരിക്കാൻ തുടങ്ങിയിട്ടുണ്ട്. ചിലർ മണ്ണിര വളർത്തലാണെന്നും ചിലർ ഇത് ഒരു വലിയ മണ്ണിര ഉദ്യാനമായിരിക്കുമെന്നൊക്കെയാണ് പറയുന്നത്.
കനത്ത മഴ കാരണം ആ പ്രദേശം ചതുപ്പായതോടെ മണ്ണിരകൾ കൂട്ടത്തോടെ ഭൂമിക്കു മുകളിലേക്കു വന്നതാകുമെന്നാണ് മറ്റു ചിലരുടെ അഭിപ്രായം.