തിരുവനന്തപുരം: ലക്ഷദ്വീപ് തീരത്ത് രൂപപ്പെട്ട ന്യൂനമർദം തീവ്ര ന്യൂനമർദമായി മാറിയതിനെ തുടർന്ന് കേരള തീരത്ത് ചുഴലിക്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂറിനുള്ളിൽ അതി തീവ്ര ന്യൂനമർദമാകുമെന്നും വെള്ളിയാഴ്ച വൈകുന്നേരത്തോടെ ചുഴലിക്കാറ്റാകാൻ സാധ്യതയുണ്ടെന്നുമാണ് മുന്നറിയിപ്പ്.
സംസ്ഥാനത്ത് രണ്ടു ദിവസം ശക്തമായ മഴ തുടരും. വെള്ളിയാഴ്ച മുതൽ വടക്കൻ ജില്ലകളിൽ കൂടുതൽ മഴയുണ്ടാകുമെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു. ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
ലക്ഷദ്വീപിൽ അതീവ ജാഗ്രതാനിർദേശമാണ് നൽകിയിരിക്കുന്നത്. ഇന്ന് 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.