പള്ളുരുത്തി: അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ച സാഹചര്യത്തില്‍ കൊച്ചിയിലെ തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം നൽകി. കടലിൽ പോയിട്ടുള്ള മത്സ്യത്തൊഴിലാളികളോട് തിരിച്ചെത്താൻ ഫിഷറീസ് വകുപ്പ് അറിയിച്ചിട്ടുണ്ട്.
ചെല്ലാനം, കണ്ണമാലി, ഫോർട്ട്കൊച്ചി എന്നിവിടങ്ങിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ജാഗ്രതാ നിർദേശത്തെ തുടർന്ന് കൊച്ചി ഫിഷറീസ് ഹാർബറിൽ ബോട്ടുകൾ കടലിൽ പോയിട്ടില്ല. തിരിച്ചെത്തുവാനുള്ള ബോട്ടുകൾക്ക് അടിയന്തിരമായി മടങ്ങിയെത്തുന്നതിന് നിർദേശം നൽകിയതായി തൊഴിലാളി സംഘടനാ നേതാക്കൾ അറിയിച്ചിട്ടുണ്ട്.
ഇവരൊക്കെ ഇന്ന് വൈകിട്ടോടെ തന്നെ തീരത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാൽ കടൽകയറാൻ സാധ്യതയുണ്ട്. അടിയന്തിര സാഹചര്യം നേരിടാൻ ഉച്ചക്ക് ഫോർട്ടുകൊച്ചി ആർഡിഒയുടെ നേതൃത്വത്തിൽ യോഗം ചേരുന്നുണ്ട്.
മുനന്പം ഹാർബറിൽ 150 വള്ളങ്ങൾ തിരിച്ചെത്തി
വൈപ്പിൻ: കനത്ത മഴയും ചുഴലിക്കാറ്റുമുണ്ടാകുമെന്ന കാലാവസ്ഥമുന്നറിയിപ്പിനെ തുടർന്ന് ഭൂരിഭാഗം മത്സ്യബന്ധന ബോട്ടുകളും തീരത്തണഞ്ഞു. മുനന്പം ഹാർബറിൽ ഇന്ന് രാവിലെ 150 ബോട്ടുകളാണ് തിരിച്ചെത്തിയത്. ഇവയെല്ലാം കച്ചവടം കഴിഞ്ഞ് കരയിൽകെട്ടി. ഇനി ഫിഷറീസ് അധികൃതരുടെ അറിയിപ്പുണ്ടാകുന്നത് വരെ കടലിൽ പോകില്ലെന്ന് ബോട്ട് ഓണേഴ്സ് കോ-ഓർഡിഷനേഷൻ കമ്മിറ്റി ചെയർമാൻ പി.പി. ഗിരീഷ് അറിയിച്ചു.
ഇന്നലെയും ബോട്ടുകൾ തീരമണഞ്ഞിരുന്നു. മുരുക്കുംപാടം മേഖലയിൽ 90 ശതമാനത്തോളം ബോട്ടുകളും കരക്കടുത്തു. ബാക്കിയുള്ളവ ഇന്ന് വൈകുന്നേരത്തോടെ തീരമണയും. പരന്പരാഗത മത്സ്യബന്ധന വള്ളങ്ങൾ ഇന്നുമുതൽ കടലിൽ പോകില്ല. കാളമുക്ക്, മുനന്പം ഹാർബറുകളിലായി എല്ലാ വള്ളവും കെട്ടിയിട്ടിരിക്കുകയാണ്.
മുനന്പം അഴിമുഖത്തും, കൊച്ചി അഴിമുഖത്തും ഫിഷറീസ്-മറൈൻ എൻഫോഴ്സ്മെന്റ് ബോട്ടുകൾ പട്രോളിംഗ് നടത്തുന്നുണ്ട്. യാതൊരു കാരണവശാലും മത്സ്യബന്ധന യാനങ്ങളെ തുറമുഖം വഴി കടലിലേക്ക് വിടുന്നില്ല. കടലിലുള്ള ബോട്ടുകളെ നേവിയുടെ ഹെലികോപ്റ്റർ വഴി കണ്ടെത്തി എത്രയും വേഗം കരക്കടുക്കാനുള്ള നിർദേശങ്ങൾ നൽകി വരുന്നതായി ഫിഷറീസ് അധികൃതർ അറിയിച്ചു.
അഴിമുഖങ്ങളിൽ വെള്ളത്തിന്റെ ഒഴുക്ക് വർധിച്ചിട്ടുണ്ടെങ്കിലും കാര്യമായി ജലനിരപ്പ് ഉയർന്നിട്ടില്ല. ഇന്നലെ വൈകുന്നേരം തീരമേഖലയിൽ കടൽ പ്രഷുബ്ധമായിരുന്നു. നായരന്പലം, എടവനക്കാട് അണിയൽ മേഖലയിൽ കടൽഭിത്തി മുകളിലൂടെ തിരയടിച്ച് കയറിയതായി പ്രദേശവാസികൾ പറഞ്ഞു.