മൂന്നുമുറി (തൃശൂർ): ഇന്നലെ വൈകുന്നേരമുണ്ടായ ശക്തമായ കാറ്റിൽ മരങ്ങൾ വീണ് എട്ടോളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. മറ്റത്തൂർ പഞ്ചായത്ത് ലൈബ്രേറിയനായ ഒന്പതുങ്ങൽ ചൂരക്കാടൻ പ്രദീപിന്റെ വീട് സമീപത്തെ കനാൽ ബണ്ടിൽ നിന്നിരുന്ന പുളിമരം കടപുഴകി വീണ് ഭാഗികമായി തകർന്നു. വീട്ടിലുണ്ടായിരുന്ന കംപ്യൂട്ടർ, ടിവി എന്നിവ തകർന്നു.
കാട്ടുങ്ങൽ സനോജിന്റെ വീടും പ്ലാവ് ഒടിഞ്ഞു വീണ് ഭാഗികമായി തകർന്നു. ചെന്പകശേരി രാധ, ആനന്ദപുരത്തുകാരൻ ബാബു, മാനിയങ്കര പ്രേമൻ ,ചെട്ടിച്ചാൽ പുതുശേരി കാർത്യായനി, ചുങ്കാൽ ചക്കുങ്കൽ അമ്മിണി എന്നിവരുടെ വീടുകൾക്കും മരങ്ങൾ വീണ് നാശമുണ്ടായി.
മറ്റത്തൂർ ശ്രീകൃഷ്ണ ശ്രീകൃഷ്ണ ഹൈസ്കൂളിലെ സ്റ്റേജിന്റെ മേൽക്കൂരയിലെ ഷീറ്റ് കാറ്റിൽ പറന്ന് സമീപത്തെ ഓടിട്ടകെട്ടിത്തിനുമുകളിൽ വീണു. നാശനഷ്ടം നേരിട്ട പ്രദേശങ്ങളിൽ മന്ത്രി സി.രവീന്ദ്രനാഥ് സന്ദർശനം നടത്തി.
മറ്റത്തൂരിൽ കാർഷികമേഖലയിൽ വൻ നഷ്ടം
മറ്റത്തൂർ: ഇന്നലെ വൈകുന്നേരമുണ്ടായ ചുഴലിക്കാറ്റ് മറ്റത്തൂർ പഞ്ചായത്തിലെ കാർഷിക മേഖലയിൽ വരുത്തിയത് ലക്ഷങ്ങളുടെ നഷ്ടം. മൂന്നുമുറി, ഒന്പതുങ്ങൽ, അവിട്ടപ്പിള്ളി, തേവർപ്പാടം, ചെട്ടിച്ചാൽ, മന്ദരപ്പിള്ളി, ചുങ്കാൽ വടക്കുംമുറി, ചെന്പുച്ചിറ എന്നീ പ്രദേശങ്ങളിലാണ് ശക്തമായ കാറ്റ് വീശിയത്.
ജാതികർഷകർക്കാണ് ഏറ്റവുമധികം നാശം നേരിട്ടത്. നൂറുകണക്കിന് വലിയ ജാതിമരങ്ങൾ കാറ്റിൽ കടപുഴകി. തെങ്ങുകളും വ്യാപകമായി നശിച്ചു.തേക്ക്, മാവ്, പ്ലാവ് തുടങ്ങിയ വൃക്ഷങ്ങളും കാറ്റിൽ നിലംപൊത്തി.