ശ്രീകണ്ഠപുരം: നാലു വര്‍ഷത്തിനിടെ പയ്യാവൂര്‍ പുഴ കവര്‍ന്നെടുത്തത് എട്ടു ജീവനുകള്‍. 2016-ല്‍ പുഴയുടെ ചമതച്ചാല്‍ ഭാഗത്ത് കുളിക്കാനിറങ്ങിയ അഞ്ചു വിദ്യാര്‍ഥികളാണ് മുങ്ങിമരിച്ചത്. മധ്യവേനലവധിക്ക് ബന്ധുവീട്ടിലെത്തിയ രണ്ടു വിദ്യാര്‍ഥികളുള്‍പ്പെടെയാണ് അന്ന് മുങ്ങിമരിച്ചത്.
വെള്ളം കുറവാണെങ്കിലും അടിയൊഴുക്കും അപകടകരമായ ചുഴികളുമാണ് പുഴയുടെ ആഴങ്ങളിലുള്ളത്. ഇതൊന്നുമറിയാതെ കുളിക്കാനിറങ്ങുന്നവരാണ് അപകടത്തില്‍പ്പെടുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച അരുണും സനൂപും മനീഷും അപകടത്തില്‍പ്പെട്ട പാറക്കടവ് കൂട്ടുപുഴ പയ്യാവൂര്‍ പുഴയും ഉളിക്കല്‍ പുഴയും ഒത്തുചേരുന്ന ഭാഗമാണ്.
വീതിയുള്ള കരയും മണ്തിട്ടകളുമുള്ളതിനാല് അവധിദിനങ്ങളിലും മറ്റും ഇവിടെ കുളിക്കാനെത്തുന്നവര്‍ നിരവധിയാണ്. ഇത്തവണ കാലവര്‍ഷം തുടങ്ങിയതോടെയാണ് നാടിനെ ഞെട്ടിച്ച ദുരന്തവുമെത്തിയത്.
നാലു പ്രദേശങ്ങളിലുള്ള സുഹൃത്തുക്കളുടെ ഒത്തുചേരലാണ് കറുത്ത വെള്ളിയാഴ്ചയായി മാറിയത്. അപകടത്തില്‍പ്പെട്ടവരുടെ കൂടെയുണ്ടായിരുന്ന അജിത് കുളിക്കാനിറങ്ങിയിരുന്നില്ല. അജിത്തിന്റെ നിലവിളി കേട്ട് എത്തിയ പ്രദേശവാസികളാണ് പോലീസിനെയും അഗ്നിരക്ഷാസേനയേയും വിവരമറിയിച്ചത്.
ഇന്നലെ രാവിലെ ഒൻപതോടെ മനീഷിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. ഉച്ചയോടെ ശക്തമായ മഴയില്‍ വെള്ളം കലങ്ങിയത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു. പാറക്കെട്ടുകള്‍ക്കിടയില്‍ കുടുങ്ങിയ മറ്റു രണ്ടുപേരുടെയും മൃതദേഹങ്ങള്‍ വൈകുന്നേരം അഞ്ചോടെയാണ് കണ്ടെത്തിയത്.
തളിപ്പറമ്പ് അഗ്നിരക്ഷാനിലയം സ്റ്റേഷന് ഓഫീസര്‍ കെ.പി. ബാലകൃഷ്ണന്, അസി. സ്റ്റേഷന് ഓഫീസര്‍ ടി. അജയന്, സീനിയര്‍ ഫയര്‍ ആൻഡ് റസ്ക്യൂ ഓഫീസര്‍ ഹരിനാരായണന് എന്നിവരുടെ നേതൃത്വത്തിലെത്തിയ സ്കൂബ ടീമാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. തളിപ്പറമ്പ് ഡിവൈഎസ്പി ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തില്‍ പോലീസും സ്ഥലത്തുണ്ടായിരുന്നു.