കൊച്ചി: ചിലവന്നൂരിലെ ഹീര വാട്ടേഴ്സ് ഫ്ളാറ്റില്‍ ചൂതാട്ട കേന്ദ്രം നടത്തിയതിന് അറസ്റ്റിലായ വടക്കന്‍ പറവൂര്‍ എളന്തിക്കര സ്വദേശി ടിപ്സന് ഫ്രാന്‍സിസിന് ലഹരി വില്പന ഉണ്ടായിരുന്നോ എന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
അറസ്റ്റിലായ സമയത്ത് ടിപ്സനില് നിന്ന് കഞ്ചാവ് പിടിച്ചിരുന്നു. ഇതുമൂലമാണ് ഇയാള്‍ക്ക് ലഹരി വില്പന ഉണ്ടായിരുന്നോ എന്ന സംശയം പോലീസിനുള്ളത്.
ഇയാളുടെ മൊബൈല്‍ ഫോണും ലാപ്ടോപ്പും സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിക്കും. മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സൈജു തങ്കച്ചനുമായി ടിപ്സനു ബന്ധമില്ലെന്നു പോലീസ് പറഞ്ഞു.
സൈജുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസും നര്‍ക്കോട്ടിക് സെല്ലും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ചൂതാട്ട കേന്ദ്രം കണ്ടെത്തിയത്.
12 പേരെ തിരിച്ചറിഞ്ഞു
ചൂതാട്ട കേന്ദ്രത്തിലെ സ്ഥിരം സന്ദര്‍ശകരായ 12 പേരെ തിരിച്ചറിഞ്ഞു. അതിസമ്പന്നരായ ഇവരെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യാനായി വിളിപ്പിക്കുമെന്ന് എറണാകുളം സൗത്ത് പോലീസ് പറഞ്ഞു.
സ്ഥിരം സന്ദര്‍ശകരില്‍ ഏറെപ്പേരും എറണാകുളം ജില്ലക്കാരാണ്. ഫ്ളാറ്റിലെ സന്ദര്‍ശക രജിസ്റ്ററില്‍നിന്ന് സ്ഥിരം സന്ദര്‍ശകരായ എല്ലാവരുടെയും വിവരങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.
പ്രതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് വന്‍ തോതില്‍ പണം എത്തിയോ എന്നതിനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.