കാട്ടാക്കട : വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസിൽ സിഐ കുറ്റക്കാരനെന്ന് ക്രൈംബ്രാഞ്ച്. മലയിൻകീഴിലെ മുൻ ഇൻസ്പെക്ടർ എ.വി. സൈജുവിനെ പ്രോസിക്യൂട്ട് ചെയ്യാനായി ക്രൈംബ്രാഞ്ച് ആഭ്യന്തരവകുപ്പിന്റെ അനുമതി തേടി.
ഇതുകൂടാതെ മറ്റൊരു പീഡനക്കേസിലും വ്യാജരേഖാ കേസിലും പ്രതിയായിട്ടും പോലീസ് സംഘടനാ നേതാവായ സൈജുവിനെ പോലീസിൽനിന്ന് പിരിച്ചുവിടാൻ നടപടിയില്ല.
തിരുവനന്തപുരത്ത് മലയിൻകീഴിലും കൊച്ചി സിറ്റി കൺട്രോൾ റൂമിലുമെല്ലാം ഇൻസ്പെക്ടറായിരുന്നു എ.വി.സൈജു. മലയിൻകീഴിൽ എസ്ഐയായി ജോലി നോക്കുന്ന സമയത്ത് പരിചയക്കാരിയായ വനിത ഡോക്ടറെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.
2019 ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം. ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റിന്റെ അന്വേഷണത്തിൽ പരാതി ശരിയെന്ന് കണ്ടെത്തിയതോടെയാണ് സൈജുവിനെതിരെ കുറ്റപത്രം നൽകാൻ തീരുമാനിച്ചത്.
അതിന്റെ മുന്നോടിയായാണ് പ്രോസിക്യൂഷൻ അനുമതിക്കായി ആഭ്യന്തരവകുപ്പിനെ സമീപിച്ചിരിക്കുന്നത്.കുറ്റക്കാരനെന്ന് കണ്ടെത്തിയത് കൂടാതെ മറ്റൊരു പീഡനക്കേസിലും വ്യാജരേഖാകേസിലും പ്രതിയായ സൈജു ഒരു ദിവസം പോലും അറസ്റ്റിലായിട്ടില്ല.
എല്ലാകേസിലും ജാമ്യം കിട്ടുംവരെ ഒളിവിൽ കഴിയാൻ അവസരം നൽകി പോലീസ് സംരക്ഷിച്ചു. കുറ്റക്കാരനെന്ന് തെളിഞ്ഞിട്ടും പിരിച്ചുവിടാനും നടപടിയില്ല. പ്രതി ഇടത് അനുകൂല രാഷ്ട്രീയമുള്ള പോലീസ് സംഘടനയുടെ ജില്ലാനേതാവായിരുന്നു.
മലയിൻകീഴ് എസ്എച്ച്ഒ ആയിരുന്ന സൈജു തനിക്കെതിരേ വധഭീഷണി ഉയർത്തിയും പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നതായി വനിതാ ഡോക്ടർ പരാതിയിൽ ആരോപിക്കുന്നുണ്ട്. കുടുംബ ബന്ധം തകർന്നുവെന്നും ഭർത്താവ് ഉപേക്ഷിച്ചെന്നും പരാതിയിൽ പറയുന്നു.