അമ്പലപ്പുഴ: മാധ്യമ പ്രവർത്തകനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ സിഐക്കെതിരെ പരാതി നൽകി. പുന്നപ്ര സ്റ്റേഷൻ ഓഫീസർ യഹിയക്കെതിരെയാണ് മാധ്യമം പ്രതിനിധി സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ, സംസ്ഥാന പോലീസ് മേധാവി, പോലീസ് കംപ്ലെയിന്റ് അതോറിറ്റി എന്നിവർക്ക് പരാതി അയച്ചത്.
ഞായറാഴ്ചയാണ് തന്റെ വീട്ടിൽ വിളിച്ചുവരുത്തി സി ഐ ഭീഷണിപ്പെടുത്തിയത്. തെരുവിൽ ഉറങ്ങുകയായിരുന്ന നാടോടി സംഘത്തിനു നേരെ ആക്രമണം നടത്തിയത് വാർത്തയാക്കിയതിന്റെ പേരിലാണ് ഭീഷണിയുയർത്തിയത്.
എട്ടു വയസുള്ള പെൺകുട്ടിക്ക് ഉൾപ്പെടെ മർദ്ദനമേറ്റതിനെ തുടർന്ന് പരാതി നൽകാൻ സ്റ്റേഷനിൽ എത്തിയ ഇവർക്ക് യഥാസമയം വേണ്ട പരിഗണന നൽകാതിരുന്നത് വാർത്തയാക്കിയതാണ് സിഐയെ ചൊടിപ്പിച്ചത്.
വാർത്തയിൽ തുടക്കത്തിൽ പോലീസ് കാണിച്ച അനാസ്ഥ ചൂണ്ടിക്കാട്ടിയിരുന്നു. ഉന്നത ഉദ്യോഗസ്ഥർ ബന്ധപ്പെട്ടതിനു ശേഷമാണ് ദുർബല വകുപ്പിട്ട് പിന്നീട് പോലീസ് കേസ് എടുത്തത്.
ഇതിനു ശേഷം താമസസ്ഥലത്തു വിളിച്ചു വരുത്തിയ ലേഖകനെതിരെ വനിതാ പോലിസിന്റെ കള്ള പരാതിയിൽ അകത്താക്കുമെന്ന് ആക്രോശിക്കുകയും ചെയ്തു.