കൊച്ചി: കൊച്ചിയിൽനിന്നു കാണാതായ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ സിഐ വി.എസ്. നവാസിനെ എറണാകുളം അസിസ്റ്റന്റ് കമ്മീഷണർ വ്യക്തിപരമായി അധിക്ഷേപിച്ചിരുന്നെന്ന് ഭാര്യ. വാർത്താസമ്മേളനത്തിൽ സംസാരിക്കവെയാണ് അവർ ആരോപണം ഉന്നയിച്ചത്. കള്ളക്കേസെടുക്കാൻ എസിപി നവാസിനെ നിർബന്ധിച്ചിരുന്നെന്നും അദ്ദേഹം കടുത്ത മാനസിക പീഡനം അനുഭവിച്ചിരുന്നെന്നും ഭാര്യ പറഞ്ഞു.
കാണാതായ ദിവസം രാത്രി രണ്ടുമണിക്കാണു വീട്ടിൽ വന്നത്. പ്രശ്നങ്ങളെന്താണെന്ന് ചോദിച്ചപ്പോൾ എസിപിയുമായി സംസാരിച്ചപ്പോൾ പ്രശ്നങ്ങൾ വഷളായി എന്നാണു പറഞ്ഞത്. രാവിലെ എഴുന്നേറ്റു നോക്കുന്പോൾ അദ്ദേഹത്തെ കാണാനില്ലായിരുന്നു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കു പരാതി നൽകിയിട്ടുണ്ടെന്നും ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ഇപ്പോൾ പരാതി നൽകില്ലെന്നും ഭാര്യ പറഞ്ഞു.
വ്യാഴാഴ്ച പുലർച്ചെയാണ് നവാസിനെ കാണാതായത്. കായംകുളത്തുവച്ച് ഇയാളെ കണ്ടതായി വിവരമുണ്ടെങ്കിലും അതിനുശേഷം നവാസിലേക്കു വെളിച്ചം വീശുന്ന വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. എറണാകുളം അസിസ്റ്റന്റ് കമ്മീഷണറുമായി ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങൾ നവാസിന്റെ തിരോധാനത്തിനു പിന്നിലുണ്ടെന്നാണു സൂചന. ഇതു കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
കാണാതായ ദിവസം രാവിലെ തേവരയിലെ എടിഎമ്മിൽനിന്ന് 10,000 രൂപ നവാസ് പിൻവലിച്ചിരുന്നു. ഇതിനുശേഷം മറ്റൊരു പോലീസുകാരന്റെ വാഹനത്തിൽ നവാസ് കായംകുളം വരെ എത്തി. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചു. ബസിൽവച്ച് നവാസിനെ കണ്ട പോലീസുകാരൻ ചേർത്തലയിൽനിന്ന് കായംകുളത്തേക്കു വാഹനത്തിൽ ഒപ്പം കൂട്ടുകയായിരുന്നു. കോടതിയാവശ്യത്തിന് പോകുന്നതായാണ് പോലീസുകാരനോടു നവാസ് പറഞ്ഞത്. ഇതിനുശേഷം നവാസിനെക്കുറിച്ച് ഒരു വിവരവുമില്ല.
താൻ 10 ദിവസത്തെ ഒരു യാത്രയ്ക്ക് പോവുകയാണെന്നു നവാസ് പോലീസ് ഡ്രൈവറോട് പറഞ്ഞിരുന്നു. ഫോണ് സ്വിച്ച് ഓഫ് ചെയ്തിരിക്കുന്നതിനാൽ മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണം സാധിക്കുന്നില്ല. മാത്രമല്ല ഇദ്ദേഹം സിം കാർഡ് മാറ്റിയിട്ടുമുണ്ടെന്നു പോലീസ് അറിയിച്ചു.
നവാസിന്റെ ഭാര്യയാണു തിരോധാനം സംബന്ധിച്ചു പോലീസിൽ പരാതി നൽകിയത്. എറണാകുളം സൗത്ത് പോലീസാണു കേസ് അന്വേഷിക്കുന്നത്. വ്യാഴാഴ്ച രാത്രി സ്റ്റേഷനിൽ എത്തിയ നവാസ് തന്റെ ഒദ്യോഗിക ഫോണ് നന്പറിൻറെ സിം കാർഡ് കീഴുദ്യോഗസ്ഥനു നൽകിയശേഷമാണ് അപ്രത്യക്ഷമായത്.
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടനുബന്ധിച്ചു മാരാരിക്കുളം സർക്കിളിൽനിന്നാണ് എറണാകുളം സെൻട്രൽ സ്റ്റേഷനിലേക്കു നവാസ് എത്തിയത്. കഴിഞ്ഞ ദിവസം മട്ടാഞ്ചേരിയിലേക്കു നവാസിനെ സ്ഥലംമാറ്റിയിരുന്നു. വ്യാഴാഴ്ച മട്ടാഞ്ചേരി സിഐ ആയി ചുമതലയേൽക്കേണ്ടിയിരുന്നുവെങ്കിലും നവാസ് റിപ്പോർട്ട് ചെയ്തില്ല.