കൊച്ചി: തനിക്കു പറയാനുള്ള കാര്യങ്ങളെല്ലാം മേലുദ്യോഗസ്ഥരോടു പറഞ്ഞിട്ടുണ്ടെന്ന് എറണാകുളം സെൻട്രൽ സിഐ വി.എസ്. നവാസ്. കൊച്ചിയിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനസമാധാനം തേടിയാണു മാറിനിന്നത്. ഗുരുവിനെ കാണാനയി രാമനാഥപുരത്തു പോയിരുന്നു. ആത്മഹത്യ ചെയ്യില്ലെന്നു തീരുമാനിച്ചാണു പോയത്. വിഷമമുണ്ടാകുന്പോൾ നാം സ്വയം കലഹിക്കും. അല്ലെങ്കിൽ മറ്റുള്ളവരോടു കലഹിക്കും. അല്ലെങ്കിൽ എവിടെയെങ്കിലും എകാന്തമായി അടച്ചിരിക്കും. എനിക്ക് ഒരു ഏകാന്തത ആവശ്യമുണ്ടെന്നു തോന്നി. മനസിനെ തൃപ്തിപ്പെടുത്താനാണു യാത്രപോകാൻ തീരുമാനിച്ചതെന്നും നവാസ് പറഞ്ഞു.
തന്നെ സ്നേഹിക്കുന്ന ആളുകൾക്ക് തന്നോടു കലഹിക്കാനും അവകാശമുണ്ട്. തനിക്കു കിട്ടിയതിനെക്കാൾ സ്നേഹം പ്രവൃത്തിയിലൂടെ നൽകിയിട്ടേ പോലീസിന്റെ പടിയിറങ്ങുകയുള്ളുവെന്നും നവാസ് പറഞ്ഞു.
വ്യാഴാഴ്ച പുലർച്ചെ തേവരയിലെ ക്വാർട്ടേഴ്സിൽനിന്നു കാണാതായ നവാസിനെ ശനിയാഴ്ച പുലർച്ചെ ഒന്നിനു തമിഴ്നാട്ടിലെ കരൂർ റെയിൽവേ സ്റ്റേഷനിൽനിന്നു റെയിൽവേ പോലീസാണു കണ്ടെത്തിയത്. പിന്നീട് കളമശേരി പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ എത്തിച്ച നവാസിൽനിന്നു ഡിസിപി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘം മൊഴിയെടുത്തു.
മേലുദ്യോഗസ്ഥനിൽനിന്നുണ്ടായ മാനസിക പീഡനത്തെത്തുടർന്നാണു നവാസ് നാടുവിട്ടതെന്നു ചൂണ്ടിക്കാട്ടി ഭാര്യ നൽകിയ പരാതിയെ തുടർന്നാണു സംഭവം വിവാദമായത്. തിരോധാനത്തിന്റെ യഥാർഥ കാരണങ്ങളറിയാൻ അന്വേഷണ സംഘം രണ്ടു ദിവസത്തിനുള്ളിൽ നവാസിനെ ചോദ്യംചെയ്യും.
ആരോപണവിധേയനായ അസിസ്റ്റന്റ് കമ്മീഷണർ പി.എസ്. സുരേഷിൽനിന്ന് അന്വേഷണ സംഘം വെള്ളിയാഴ്ച മൊഴിയെടുത്തിരുന്നു. ഒരുതരത്തിലുമുള്ള സമ്മർദവും നവാസിനു നൽകിയിട്ടില്ലെന്നായിരുന്നു എസിപിയുടെ മൊഴി. സംഭവം സംബന്ധിച്ച സത്യാവസ്ഥ അന്വേഷിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റയും കൊച്ചി സിറ്റി കമ്മീഷണർ വിജയ് സാഖറെയും വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, മേലുദ്യോഗസ്ഥന്റെ പീഡനംകൊണ്ടല്ല നവാസ് നാടുവിട്ടതെന്നാണു മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളോടു വിശദീകരിച്ചത്.