ആലുവ: ജില്ലാ പോലീസ് മേധാവിയുടെ ക്യാമ്പ് ഓഫീസിന് സമീപം തൂങ്ങിമരിച്ച ഗൃഹനാഥന്റെ മൃതദേഹത്തോട് അനാദരം കാട്ടിയെന്ന പരാതിയിൽ ആലുവ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ വി.എസ്. നവാസിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഐജി ഹർഷിത അട്ടല്ലൂരിയാണ് നടപടിയെടുത്തത്.
മൃതദേഹത്തോട് പോലീസ് അനാദരവ് കാണിച്ചതായി മാധ്യമങ്ങളിൽ വാർത്തയായത് ഇന്നലെ അൻവർ സാദത്ത് എംഎൽഎ നിയമസഭയിൽ ഉന്നയിച്ചു.
സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് ജില്ലാ പോലീസ് മേധാവിക്ക് കൈമാറി. സമയബന്ധിതമായി പോസ്റ്റ്മാർട്ടം നടത്തുന്നതിന് സൗകര്യമൊരുക്കുന്നതിൽ വീഴ്ച്ച വരുത്തിയെന്ന സ്പെഷൽ ബ്രാഞ്ച് പോലീസിന്റെ റിപ്പോർട്ടാണ് സസ്പെൻഷനു കാരണമായത്.
ജില്ലാ പോലീസ് മേധാവിയുടെ തോട്ടക്കാട്ടുകരയിലെ ക്യാമ്പ് ഓഫീസിന് എതിരെ കുരുതിക്കുഴി വീട്ടിൽ ജോഷി (67)യാണ് തിങ്കളാഴ്ച്ച വൈകിട്ട് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കാൻസർ രോഗിയായ ഭാര്യ മൃതദ്ദേഹത്തിന് കാവൽ ഇരിക്കേണ്ടതായും വന്നു.
രണ്ട് മക്കളും യുഎഇയിലാണ് ജോലി ചെയ്യുന്നത്. വൈകിട്ട് 5.15ഓടെ അറിയിച്ചിട്ടും സന്ധ്യയാകുമെന്ന പേരിൽ മൃതദേഹം താഴെയിറക്കിയില്ല. രാവിലെ ആലുവ എംഎൽഎ പരാതി പറഞ്ഞഞപ്പോഴാണ് എട്ടരയോടെ മൃതദേഹം താഴെയിറക്കിയത്.