കോഴിക്കോട്/മുക്കം: ജില്ലയില്‍ രണ്ടിടത്തെ പോലീസ് ഇന്‍സ്പെക്ടര്‍മാര്‍ ക്വാറന്റൈനില്‍. മുക്കം ഇന്‍സ്പെക്ടറും തൊട്ടില്‍പാലം ഇന്‍സ്പെക്ടറുമാണ് ക്വാറന്റൈനിലായത്. കൊടുവള്ളിയിലെ ജ്വല്ലറി ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മുക്കം ഇന്‍സ്പെക്ടര്‍ ബി.കെ.സിജു ക്വാറന്റൈനില്‍ പോയത്.
വയോധികയെ പീഡിപ്പിച്ച കേസില്‍ കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ആഭരണങ്ങള്‍ കണ്ടെടുക്കുന്നതിനായി മുക്കം ഇന്‍സ്പെക്ടറും പ്രത്യേക അന്വേഷണ സംഘവും ഈ ജ്വല്ലറിയില്‍ രണ്ടു ദിവസം മുന്‍പ് പോയിരുന്നു.
ജീവനക്കാരന് കോവിഡ് സ്ഥിരീകരിക്കുന്നതിന് തൊട്ട് മുന്‍പായിരുന്നു ഇത്. ഇതോടെ മുക്കം സ്റ്റേഷനിലെ മുഴുവന്‍ പോലീസുകാരും ആശങ്കയിലാണ്. നിരീക്ഷണത്തില്‍ കഴിയവേ കുഴഞ്ഞു വീണ കായക്കൊടി സ്വദേശിയുടെ ഇന്‍ക്വസ്റ്റ് നടപടി സ്വീകരിച്ചതിനെ തുടര്‍ന്നാണ് തൊട്ടില്‍പാലം സിഐ എം.ടി.ജേക്കബും രണ്ടുപോലീസുകാരും ക്വാറന്റൈനില്‍ പോയത്.
പിപിഇ കിറ്റ് ധരിച്ചുകൊണ്ടായിരുന്നു ഇന്‍ക്വസ്റ്റ് നടപടി സ്വീകരിച്ചത്. അതേസമയം സിഐമാര്‍ ക്വാറന്റൈനില്‍ ആയെന്ന വാര്‍ത്ത പുറത്തറിഞ്ഞതോടെ പ്രദേശവാസികള്‍ ആശങ്കയിലാണ്. മുക്കം, തൊട്ടില്‍പാലം പോലീസ് സ്റ്റേഷനിലെ പോലീസുകാരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരാണ് ആശങ്കയിലായത്.