സീമ മോഹന്‍ലാല്‍
“ഉയരെ ഞാന്‍ കാരാഗൃഹത്തിങ്കലെന്നപോല്
വാതിലു ബന്ധിച്ചു ഇരുന്നിടുന്നോന്
മൂടിയ വായയും മൂക്കും മുഖവുമായി
മിണ്ടാതെ ഒറ്റയ്ക്കിരുന്നിടുമ്പോള്…’
കോവിഡ് ബാധിതനായി ക്വാറന്റൈനില്‍ കഴിയുമ്പോഴുള്ള ഏകാന്തത അക്ഷരങ്ങളിലൂടെ മനോഹര കവിതയാക്കി മാറ്റിയിരിക്കുകയാണ് സിഐ എം. ശശിധരന്‍പിള്ള. എറണാകുളം തേവര പോലീസ് സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടറാണ് ഇദേഹം. “ഒരു ഏകാകിയുടെ കവിത’ എന്നു പേരിട്ടിരിക്കുന്ന ഈ കവിത അവസാനിക്കുന്നത് ഇങ്ങനെയാണ്-
“ആരാധനയില്ല ആഘോഷവുമില്ല
ആരുമൊരാള്ക്കുമടുത്തുമില്ല
ഒക്കെയും ദൂരത്തുനില്ക്കാന് പഠിക്കുന്ന
ഒറ്റയായ് പോകുന്ന ജീവിതങ്ങള്‍’
കുട്ടിക്കാലം മുതല്‍ കവിതയെഴുതുന്ന ശീലം ശശിധരന്പിള്ളയ്ക്കുണ്ടായിരുന്നു. കോളജ് പഠനകാലത്ത് എഴുത്തില്‍ സജീവമായി. എംഎ ബിരുദധാരിയായ ഇദേഹം ശ്രദ്ധയില്‍പ്പെടുന്ന എല്ലാ വിഷയങ്ങളും കവിതയ്ക്ക് ഇതിവൃത്തമാക്കും.
ഇങ്ങനെ എഴുതിയ ആയിരത്തിലധികം കവിതകളാണ് ഡയറിയില്‍ എഴുതി സൂക്ഷിച്ചിരിക്കുന്നത്. ഇവയെല്ലാം പുസ്തകമാക്കാനുള്ള ഒരുക്കത്തിലാണ് ശശിധരന്‍പിള്ള.
കഴിഞ്ഞ മേയ് പത്തിന് ഇദേഹം കോവിഡ് രോഗബാധിതനായി. ക്വാറന്റൈന് കാലത്ത് ഇരുപതോളം കവിതകളാണ് ശശിധരന്‍പിള്ള എഴുതിയത്.
ഇതില്‍ പലതും ഇദേഹത്തിന്റെ സുഹൃത്ത് ഹേംകുമാര്‍ സംഗീതസംവിധാനം നിര്‍വഹിച്ചു പാടി. ഒരു മഴക്കാലത്തിന്റെ ഓര്‍മകളിലൂടെ എന്ന കവിത ശ്രോതാവിന് ഒരു മഴ നനയുന്ന അനുഭൂതിയാണ് നല്‍കുന്നത്. മറ്റൊരു കവിതയുടെ വരികള്‍ ഇങ്ങനെയാണ് തുടങ്ങുന്നത്- ‘
വിപ്ലവങ്ങളല്ല സര്‍വജീവ സ്നേഹമാകണം
ആയുധങ്ങളല്ല ആത്മബോധമാണു ജീവിതം
ഉറക്കെ നമ്മള് പാടണം ഉറച്ച ശബ്ദമാകണം
ഉണര്ത്തിടേണ്ടതിനുതക്ക ഊര്‍ജമുള്ള വാക്കുകള്‍’...
കൊട്ടാരക്കര പാറംകോട് സ്വദേശിയാണ് ശശിധരന്‍പിള്ള. ഭാര്യ രഞ്ജുഷ. ദേവികൃഷ്ണ, ഗൗരികൃഷ്ണ എന്നിവരാണ് മക്കള്‍.