ഷൈബിൻ ജോസഫ്
കാഞ്ഞങ്ങാട്: “തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ആദ്യസിനിമയിലെ എസ്ഐ കഥാപാത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ സിഐ സിബി തോമസ് തിരക്കഥാകൃത്താകുന്നു. നിരൂപകപ്രശംസയും വാണിജ്യവിജയവും നേടിയ “അന്നയും റസൂലും,’ “കമ്മട്ടിപ്പാടം’ എന്നീ സിനിമകൾ സംവിധാനം ചെയ്ത രാജീവ് രവിയുടെ പുതിയ ചിത്രത്തിനാണ് സിബി തിരക്കഥയൊരുക്കുന്നത്.
കാസർഗോഡ് ജില്ലയിലെ കുണ്ടംകുഴി എന്ന മലയോരഗ്രാമത്തിലെ സുമംഗലി ജ്വല്ലറിയിൽ നടന്ന കവർച്ചയും പ്രതികളെ തേടി ഉത്തർപ്രദേശിലെ തിരുട്ടുഗ്രാമത്തിലേയ്ക്കുള്ള പോലീസ് സംഘത്തിന്റെ യാത്രയും പ്രതികളെ തന്ത്രപൂർവം പിടികൂടുന്നതുമാണ് കേന്ദ്രപ്രമേയം.
സിബി ആദൂർ സിഐ ആയിരിക്കെ 2016 ഒക്ടോബർ മൂന്നിനാണ് സംഭവം നടക്കുന്നത്. സിബിയുടെ നേതൃത്വത്തിലായിരുന്നു പ്രതികളെ പിടികൂടിയത്. “തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന സിനിമയുടെ കാമറമാൻ രാജീവ് രവിയായിരുന്നു. അന്നാണ് ഈ വിഷയത്തെക്കുറിച്ച് ഞാൻ അദ്ദേഹത്തോട് ആദ്യമായി പറയുന്നത്. കേസന്വേഷണത്തിന്റെ വിവരങ്ങൾ പിന്നീട് സഫാരി ടിവിയിൽ ഞാൻ വിവരിച്ചിരുന്നു.
ഇതു കാണാനിടയായ രാജീവ് സംഭവം സിനിമയ്ക്ക് പറ്റിയ ത്രെഡാണെന്നും തിരക്കഥയെഴുതാനും ആവശ്യപ്പെട്ടു. ഇതിനുമുന്പ് കോളജ് മാഗസിനിൽ മാത്രമാണ് എഴുതിയിട്ടുള്ളതെങ്കിലും ഈ തിരക്കഥയെഴുതാൻ കഴിയുമെന്ന് ആത്മവിശ്വാസമുണ്ടായിരുന്നു. തൊണ്ടിമുതൽ പോലെ റിയലിസ്റ്റിക്ക് സിനിമയാണ് മനസിലുള്ളത്.
തിരക്കഥയുടെ ആദ്യ ഡ്രാഫ്റ്റ് പൂർത്തിയായിക്കഴിഞ്ഞു. ആസിഫലി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കും. സെപ്റ്റംബറിൽ കാസർഗോഡ്, യുപി എന്നിവിടങ്ങളിലായി ചിത്രീകരണം ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. -സിബി പറഞ്ഞു.
ജോലിത്തിരക്കിനിടയിലും അഭിനയരംഗത്ത് സജീവമാണ് സിബി തോമസ്. “കുട്ടനാടൻ മാർപാപ്പ’, . “കാമുകി’, “പ്രേമസൂത്രം’, “ഒരു കുപ്രസിദ്ധ പയ്യൻ’ എന്നീ സിനിമകളിൽ വേഷമിട്ടശേഷം . “സിദ്ധാർഥൻ എന്ന ഞാൻ’ എന്ന സിനിമയിൽ നായകനാവുകയും ചെയ്തു. രാജീവ് രവിയുടെ . “തുറമുഖം,’ ടൊവിനോ തോമസ് നായകനാകുന്ന “എടക്കാട് ബറ്റാലിയൻ 06,’ കുഞ്ചാക്കോ ബോബൻ നായകനാകുന്ന പട, ലെയ്ക്ക, ഗോസ്റ്റ് ഇൻ ബെത് ലഹേം എന്നീ ചിത്രങ്ങളാണ് പുറത്തിറങ്ങാനിരിക്കുന്നത്.
ഡിജിപിയുടെ ബാഡ്ജ് ഒാഫ് ഓണർ, മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ, മികച്ച സഹനടനുള്ള കലാഭവൻ മണി പുരസ്കാരം തുടങ്ങി ഔദ്യോഗികജീവിതത്തിലും കലാജീവിതത്തിലും ഒരു പിടി അംഗീകാരങ്ങളും സിബിയെ തേടിയെത്തിയിട്ടുണ്ട്. ഇപ്പോൾ കണ്ണൂർ അഴീക്കൽ കോസ്റ്റൽ പോലീസ് സ്റ്റേഷൻ സിഐയാണ്. കാസർഗോഡ് ജില്ലയിലെ മലയോരഗ്രാമമായ മാലോം ചുള്ളി സ്വദേശിയായ സിബി കാഞ്ഞങ്ങാട് മാവുങ്കാലിലാണ് താമസം. എലിസബത്ത് ആണ് ഭാര്യ. ഹെലൻ, കരോളിൻ, എഡ്വിൻ എന്നിവർ മക്കളാണ്.