തൊടുപുഴ: സർവീസിൽ ഇരിക്കെ കേസുകളിൽ അനാവശ്യ ഇടപെടൽ നടത്തിയതിന്റെ പേരിൽ ഡിപ്പാർട്ട്മെന്റിൽ നിന്നു പിരിച്ചു വിടപ്പെട്ട കണ്ണൂർ അഴിക്കൽ കോസ്റ്റൽ സിഐ എൻ.ജി. ശ്രീമോൻ തൊടുപുഴ സിഐ ആയിരിക്കുന്പോൾ തന്നെ വിവാദ നായകൻ.
തിരുവനന്തപുരത്തു കോണ്ഗ്രസ് മാർച്ചിനു നേരെയുണ്ടായ പോലീസ് ലാത്തിച്ചാർജിൽ പ്രതിഷേധിച്ചു തൊടുപുഴയിൽ പ്രകടനം നടത്തിയ കോണ്ഗ്രസ് പ്രവർത്തകരെ ക്രൂരമായ തല്ലിയ സംഭവം അന്നു തന്നെ ഇയാൾക്കെതിരെയുള്ള നിയമ പോരാട്ടങ്ങൾക്ക് വഴി തെളിച്ചിരുന്നു. 2017 ജൂലൈ ആറിനായിരുന്നു ഈ സംഭവം.
തൊടുപുഴ സിഐ ആയിരിക്കെയാണ് ഇയാൾ തന്റെ പരിധിയിലല്ലാത്ത കേസുകളിൽ പോലും അനാവശ്യ ഇടപെടൽ നടത്തിയതായി ആരോപണം ഉള്ളത്. ഇതിനു ശേഷമാണ് വസ്തു ഇടപാട് കേസിൽ അനധികൃതമായി ഇടപെടൽ നടത്തിയ സിഐ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായതായി കാട്ടി തൊടുപുഴ കരിമണ്ണൂർ സ്വദേശി ബേബിച്ചൻ വർക്കി ഇയാൾക്കെതിരെ കോടതിയിൽ പരാതി നൽകിയത്.
വസ്തു ഇടപാട് കേസിൽ സിഐ ശ്രീമോൻ അനാവശ്യമായി ഇടപെട്ടെന്നായിരുന്നു ബേബിച്ചൻ വർക്കി അഡ്വ. തോമസ് ആനക്കല്ലുങ്കൽ മുഖേന നൽകിയ പരാതി. ഇതിനു പുറമെ കോണ്ഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ചത് ഉൾപ്പെടെ 33ഓളം കേസുകൾ ഇയാൾക്കതിരെയുണ്ടെന്നതും കോടതി പരിഗണിച്ചിരുന്നു.
തൊടുപുഴയിൽനിന്നു കോട്ടയം ക്രൈംബ്രാഞ്ച് സിഐ ആയി സ്ഥലം മാറിയ സമയത്താണ് ശ്രീമോനെ സസ്പെൻഡ് ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. സിഐക്ക് എതിരായ മുപ്പതോളം പരാതികളിൽ കോടതി വിജിലൻസ് അന്വേഷണവും പ്രഖ്യാപിച്ചിരുന്നു.
ഉടനടി അന്വേഷണം തുടങ്ങണമെന്നു കാണിച്ചു വിജിലൻസ് ഐജി എച്ച്.വെങ്കിടേഷിനു കോടതി നോട്ടീസ് നൽകുകയും ചെയ്തു. ഐജി ആയിരം പേജുള്ള അന്വേഷണ റിപ്പോർട്ടാണ് കോടതിയിൽ സമർപ്പിച്ചത്.ഇതേത്തുടർന്നാണ് സർവീസിൽനിന്നു സസ്പെൻഡ് ചെയ്യാൻ കോടതി ഉത്തരവിട്ടത്.
അഞ്ചു മാസത്തിനുള്ളിൽ നടപടിയെടുക്കണമെന്നായിരുന്നു നിർദേശം. അനുവദിച്ച കാലാവധി അവസാനിച്ചതോടെയാണ് പിരിച്ചു വിട്ടത്. ശ്രീമോനെതിരെ കടുത്ത ഭാഷയിലുള്ള വിമർശനമാണ് അന്നു ഹൈക്കോടതി ഉയർത്തിയത്. ശ്രീമോനെപ്പോലെയുള്ള ഉദ്യോഗസ്ഥർ സമൂഹത്തിനു ഭീഷണിയാണെന്നും കോടതി നിരീക്ഷിച്ചു.
കോണ്ഗ്രസ് പ്രകടനത്തിനു നേരെ പിസ്റ്റൽ നീട്ടിയതിനും നഗരത്തിലെ ഓട്ടോഡ്രൈവർ ആത്മഹത്യ ചെയ്ത സംഭവത്തിലും ശ്രീമോനെതിരെ പരാതി ഉയർന്നിരുന്നു. പോലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി സിഐ മർദിച്ചതിനെ തുടർന്നാണ് ഓട്ടോ ഡ്രൈവറായ യുവാവ് ജീവനൊടുക്കിയതെന്ന് ആരോപിച്ചു ബന്ധുക്കളും നാട്ടുകാരും മൃതദേഹവുമായി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു.
പിരിച്ചുവിടൽ ഉത്തരവിനെതിരെ അപ്പീൽ നൽകാൻ രണ്ടു മാസത്തെ കാലയളവും കോടതി അനുവദിച്ചിട്ടുണ്ട്. ലോ ആന്ഡ് ഓർഡർ എഡിജിപിയ്ക്ക് അപ്പീൽ നൽകുകയോ സർക്കാരിന് അപേക്ഷ സമർപ്പിക്കുകയോ ചെയ്യാം. ഇതിനിടെ ശ്രീമോനെതിരെ അനധികൃത സ്വത്ത് സന്പാദനത്തിനും അന്വേഷണം ഉണ്ടായേക്കുമെന്നാണ് സൂചന.