2011 നവംബര്‍ 22-ന് ഇരിങ്ങാലക്കുട ഠാണാവിലെ ഒരു ലോഡ്ജില്‍ നടന്ന കൊലപാതകമായിരുന്നു കേസിന് ആസ്പദമായ സംഭവം. ലോഡ്ജില്‍ മുറിയെടുക്കാനെത്തിയവര് 21-ന് രാത്രിയോടെയാണ് അയാളും ആ ചെറുപ്പക്കാരും ഠാണാവിലെ മീഡിയം ടൈപ്പ് ലോഡ്ജില്‍ മുറിയെടുക്കാന്‍ എത്തിയത്.
ഐ. ദാസ്, ഐഎസ്ആര്‍ഒ ക്ലര്‍ക്ക് എന്നാണ് സന്ദര്‍ശക രജിസ്റ്ററില്‍ പേരുകൊടുത്തത്. അവര്‍ രണ്ടു മുറികള്‍ എടുത്തു. ഒരു മുറിയില്‍ ദാസും രണ്ടാമത്തെ മുറിയില്‍ 22ഉം 23ഉം വയസുള്ള ആ ചെറുപ്പക്കാരും തങ്ങി.
പിറ്റേന്ന് ഉച്ചയായിട്ടും ദാസിന്റെ മുറി തുറന്നിരുന്നില്ല. ചെറുപ്പക്കാര്‍ താമസിച്ച മുറി പുറത്തുനിന്നു പൂട്ടിയിരുന്നു. ഇരുവരെയും അവിടെയെങ്ങും കണ്ടില്ല. ഇതോടെ ലോഡ്ജ് ജീവനക്കാര്‍ക്ക് സംശയം ഏറി. ദാസിന്റെ മുറിക്കു മുന്നില്‍നിന്ന് പലതവണ വിളിച്ചിട്ടും പ്രതികരണം ഉണ്ടായില്ല.
തുടര്‍ന്ന് ജീവനക്കാര്‍ മുറി തളളിത്തുറന്നു നോക്കിയപ്പോള്‍ ദാസ് കട്ടിലില്‍ കമിഴ്ന്നു കിടക്കുന്നതായി കണ്ടു. കഴുത്തില്‍ കയര്‍ മുറുക്കിയിരിക്കുന്നു. കൈകള്‍ പിന്നിലേക്ക് കെട്ടിയ നിലയിലായിരുന്നു. ലോഡ്ജ് ജീവനക്കാര്‍ ഉടന്‍ത്തന്നെ പോലീസില്‍ വിവരം അറിയിച്ചു.
പോലീസ് സംഘം ലോഡ്ജിലേക്ക്
അന്ന് ഇരിങ്ങാലക്കുട സിഐ ആയിരുന്ന സിനോജ് സംഭവസ്ഥലത്തെത്തി. തലേന്ന് അവിടെ മറ്റൊരു കൊലപാതകം കൂടി നടന്നതിനാല്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാന്‍ ജില്ല പോലീസ് മേധാവി നിര്‍ദേശം നല്കി. ബിജു ഭാസ്കര്‍ ആയിരുന്നു ഡിവൈഎസ്പി. ചേര്‍പ്പ് സിഐ കെ.സി. സേതു, കോസ്റ്റല്‍ സിഐ എം. സുകുമാരന്‍, വലപ്പാട് സിഐ ആയ ഞാനും ഉള്‍പ്പെടുന്നതായിരുന്നു അന്വേഷണ സംഘം. ഓരോരുത്തര്‍ക്കും ഓരോ ചുമതലകള്‍ നല്കി.
സേതുവിന് ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും സുകുമാരന്‍ ഇന്‍ക്വസ്റ്റ് ചുമതലയും എനിക്ക് പ്രതി അന്വേഷണവുമായിരുന്നു ചുമതല. തുടര്‍ന്ന് 42 വയസുള്ള ദാസിനെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.
സൈബര്‍സെല്ലിന്റെ സഹായം
ദാസിന്റെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കോഴിക്കോടുനിന്നു സഞ്ചരിച്ച് ഇയാള്‍ ഇരിങ്ങാലക്കുടയില്‍ ഇറങ്ങിയതായി ലൊക്കേഷന്‍ കാണിച്ചു. അപ്പോഴും കൂടെ ഉണ്ടായിരുന്ന ചെറുപ്പക്കാരെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല.
എങ്കിലും ഞങ്ങള്‍ പ്രതീക്ഷ കൈവെടിഞ്ഞില്ല. ദാസിന്റെ അതേപാതയില്‍ വന്ന ഫോണ്‍നമ്പറുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം തുടങ്ങി. അങ്ങനെയുള്ള അന്വേഷണത്തിലാണ് അര്‍ധരാത്രി 12.04-ന് ദാസിന്റെ ഫോണിലേക്കു വന്ന നാലു സെക്കന്‍ഡ് കോള്‍ ശ്രദ്ധയില്‍പ്പെട്ടത്.
22-ാം തീയതിയിലെ ഏക കോളായി കാണിച്ചത് അതായിരുന്നു. നാലു സെക്കന്‍ഡ് മാത്രമാകുമ്പോള്‍ ഹലോ എന്നു മാത്രമായിരിക്കാം വന്നിരിക്കുന്നത്. ആ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ വയനാടാണ് ലൊക്കേഷന്‍ കാണിച്ചത്.
ആ നമ്പറും ദാസിന്റെ അതേ പാതയിലാണ് സഞ്ചരിച്ചത്. ഒടുവില്‍ ഞങ്ങളുടെ സംശയം ആ രണ്ടു ചെറുപ്പക്കാരിലേക്കു നീണ്ടു. അവരെ കണ്ടിട്ടുള്ളത് ലോഡ്ജിലെ സെക്യൂരിറ്റി രാമകൃഷ്ണന് മാത്രമാണ്. അദേഹം പറഞ്ഞതനുസരിച്ച് പോലീസിലെ രേഖാചിത്രം വരയ്ക്കുന്ന ഉദ്യോഗസ്ഥന് ചെറുപ്പക്കാരുടെ ചിത്രം വരച്ചു.
പ്രതികളെത്തേടി
രാത്രി പത്തോടെ സെക്യൂരിറ്റി ജീവനക്കാരനായ രാമകൃഷ്ണനേയും കൂട്ടി ഞാനും പോലീസ് സംഘവും വയനാട്ടിലേക്കു പുറപ്പെട്ടു. ചെറുപ്പക്കാര്‍ അര്ധരാത്രിത്തന്നെ കൊലപാതകം നടത്തി പുലര്‍ച്ചെ അവിടെനിന്നു പോയിട്ടുണ്ടാകാമെന്ന നിഗമനത്തിലായിരുന്നു ഞങ്ങള്‍. ഒടുവില്‍ കല്പ്പറ്റയായിരുന്നു അവരുടെ ലൊക്കേഷന്‍ കാണിച്ചത്.
പുലര്‍ച്ചെ മൂന്നോടെ ഞങ്ങള്‍ കല്‍പ്പറ്റയില്‍ എത്തി. ഠാണാവിലെ ഇടത്തരം ലോഡ്ജിലാണ് ചെറുപ്പക്കാര്‍ താമസിച്ചതെന്നതിനാല്‍ ഇടത്തരം ലോഡ്ജ് കേന്ദ്രീകരിച്ച് അന്വേഷണം നടത്താനായിരുന്നു ഞങ്ങളുടെ തീരുമാനം. ചെറുപ്പക്കാരുടെ രേഖാചിത്രവുമായി ഞങ്ങള്‍, സംഘം തിരിഞ്ഞ് 25ലധികം ഇടത്തരം ലോഡ്ജുകളില്‍ അന്വേഷിച്ചു. ലോഡ്ജിലെ രജിസ്റ്റര്‍ പരിശോധിക്കുന്നതിനൊപ്പം രേഖാചിത്രവും കാണിക്കും.
ഒടുവില്‍ ഞങ്ങള്‍ എത്തിയ ലോഡ്ജിലെ മാനേജര്‍ രേഖാചിത്രത്തോടു സാദൃശ്യമുള്ള രണ്ടുപേര്‍ ഇവിടെ മുറിയെടുത്തിട്ടുണ്ടെന്ന് അറിയിച്ചു. ആ മുറിയിലെത്തി മുട്ടിയപ്പോള്‍ രണ്ടു ചെറുപ്പക്കാരാണ് വാതില്‍ത്തുറന്ന് പുറത്തുവന്നത്.
വയനാട് സ്വദേശികളാണെന്നും തൃശൂരില്‍ വന്നിട്ടില്ലെന്നും ഞങ്ങളുടെ ചോദ്യം ചെയ്യലില്‍ അവര്‍ പറഞ്ഞു. മലപ്പുറം സ്വദേശിയായ 23കാരന് സജീഷും വയനാട്ടുകാരന് 22 വയസുള്ള ലിജോയുമായിരുന്നു അവര്‍.
അപ്പോഴാണ് രാമകൃഷ്ണന് അവരില്‍ ഒരാള്‍ ഇട്ടിരിക്കുന്ന അഗ്രം കൂര്‍ത്ത ഷൂ ശ്രദ്ധിച്ചത്. ഠാണാവിലെ ലോഡ്ജിലെത്തിയ മൂന്നുപേരില്‍ ഒരാള്‍ ഇത്തരത്തിലുള്ള അഗ്രം കൂര്‍ത്ത ഷൂ തന്നെയാണ് അണിഞ്ഞിരുന്നത്. അവരോട് ഏകദേശം സാമ്യം ഇവര്‍ക്കുണ്ടെന്ന് രാമകൃഷ്ണന് ഞങ്ങളെ അറിയിച്ചു. പക്ഷേ ചെറുപ്പക്കാര്‍ തൃശൂരില്‍ വന്നിട്ടില്ലെന്ന നിലപാടില്‍ തന്നെ ഉറച്ചുനിന്നു.
തുടര്‍ന്ന് ഞങ്ങള്‍ ഇരുവരെയും മാറ്റി നിറുത്തി ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ ആദ്യം അവര്‍ പരസ്പര വിരുദ്ധമായി സംസാരിച്ചു. ഒടുവില്‍ കൊലയ്ക്കുപിന്നില്‍ തങ്ങള്‍ തന്നെയാണെന്ന് അവര്‍ സമ്മതിച്ചു.
കൊലയ്ക്കു പിന്നില്‍
സുഹൃത്തിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുത്തു മടങ്ങും വഴി ട്രെയിനില്‍ വച്ചാണ് സജീഷും ലിജോയും ദാസിനെ പരിചയപ്പെടുന്നത്. കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ ദാസ് ചെറുപ്പക്കാരുമായി വളരെയധികം അടുത്തു. ചെറുപ്പക്കാരില്‍ ലിജോയ്ക്ക് സ്ത്രൈണഭാവം ഉണ്ടായിരുന്നു.
ദാസിന് ലിജോയോടു കൂടുതല്‍ ഇഷ്ടം തോന്നാന്‍ ഇതു കാരണമായി. അങ്ങനെയാണ് ചെറുപ്പക്കാരോട് തൃശൂരില്‍ ഇറങ്ങാന്‍ അയാള്‍ ആവശ്യപ്പെട്ടത്. ദാസ് ഇരുവര്‍ക്കും ഒരു മുറിയും എടുത്തുനല്‍കി.
അതേസമയം ചെറുപ്പക്കാര്‍ ശ്രദ്ധിച്ചത് ദാസിന്റെ കഴുത്തില്‍ അണിഞ്ഞിരുന്ന സ്വര്‍ണമാലയായിരുന്നു. ഏകദേശം രണ്ടുപവന്‍ തൂക്കം വരുന്ന മാല എങ്ങനെയും കൈക്കലാക്കാന്‍ അവര്‍ തയാറെടുക്കുകയായിരുന്നു. ദാസിന്റെ കൈവശം ഉണ്ടായിരുന്ന സ്യൂട്ട്കേസില്‍ പണം ഉണ്ടാകുമെന്നും യുവാക്കള്‍ വിചാരിച്ചു. സജീഷിന് അല്പം ക്രിമിനല്‍ പശ്ചാത്തലവും ഉണ്ടായിരുന്നു. മുറിയിലെത്തി ഫ്രെഷായി ഏറെ വൈകും മുമ്പേ ദാസ് ലിജോയെ മുറിയിലേക്കു ക്ഷണിച്ചു. തനിച്ചു വരണമെന്നുള്ള മുന്നറിയിപ്പും നല്കി.
എന്നാല്‍ ആ സമയംതന്നെ മുറിയിലേക്കു ചെല്ലാന്‍ യുവാക്കള്‍ തയാറായില്ല. ഇരുവരും ചായ കുടിക്കാനായി പുറത്തേക്കു പോയി. അവിടെ വച്ചാണ് ദാസിന്റെ ഫോണിലേക്ക് വിളിച്ചത്. അയാള്‍ ഉറങ്ങിയിട്ടുണ്ടോയെന്ന് അറിയാനായിട്ടാണ് ഫോണ്‍ വിളിച്ചത്. അപ്പോള്‍ സമയം പുലര്‍ച്ചെ 12.04 ആയിരുന്നു. അതായിരുന്നു ദാസിന്റെ ഫോണിലുണ്ടായിരുന്ന ലാസ്റ്റ് കോള്‍. ലിജോ ഇവിടെ വന്നു കിടക്കാന്‍ ദാസ് വീണ്ടും ആവശ്യപ്പെട്ടു.
അതുപ്രകാരം മുറിയിലെത്തിയ ചെറുപ്പക്കാര്‍ എങ്ങനെയെങ്കിലും മാല കൈക്കലാക്കുക എന്ന ദൃഢനിശ്ചയത്തിലായിരുന്നു. ആരോഗ്യദൃഢഗാത്രനായ സജീഷ് ദാസിനെ കട്ടിലിലേക്കു കമിഴ്ത്തി കിടത്തി. മുറിയില്‍ ഉണ്ടായിരുന്ന അഴ കെട്ടാനുള്ള ചരട് അഴിച്ചെടുത്ത് കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തി. കൈകള്‍ പിന്നിലേക്കാക്കി കെട്ടി. തുടര്‍ന്ന് ദാസിന്റെ കഴുത്തില്‍ കിടന്ന രണ്ടു പവന് തൂക്കംവരുന്ന സ്വര്‍ണമാല ഊരിയെടുത്തു. പെട്ടിയില്‍ ഉണ്ടായിരുന്ന 40,000 രൂപയും കൈക്കലാക്കി.
ഇമ്മാനുവൽ ദാസിന്റെ കാലില്‍ കിടന്നിരുന്ന അഗ്രം കൂര്‍ത്ത ഷൂസും എടുത്തു. തുടര്‍ന്ന് മുറി പൂട്ടി പുലര്‍ച്ചെതന്നെ ഇരുവരും ഓട്ടോവിളിച്ച് റെയില്‍വേ സ്റ്റേഷനിലേക്കു പോയി. അവിടെ നിന്നാണ് ഇരുവരും കല്‍പ്പറ്റവരെ എത്തിയത്. വിശദമായ ചോദ്യം ചെയ്യലില്‍ അവര്‍ കുറ്റകൃത്യം നടത്തിയതായി സമ്മതിച്ചു. കുറ്റകൃത്യം നടത്തിയ രീതികളും വിവരിച്ചു. തെളിവുകളും കണ്ടെത്താന്‍ കഴിഞ്ഞു.
ഈ കേസില്‍ വയനാട്ടിലെ ലോഡ്ജ് ഉടമയും ജീവനക്കാരും കൃത്യമായ മൊഴി നല്‍കിയത് പോലീസിന് സഹായകമായി. പ്രായാധിക്യം ഉണ്ടെങ്കിലും രാമകൃഷ്ണനും പ്രോസിക്യൂഷന് അനുകൂലമൊഴിയാണ് നല്‍കിയത്. കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം കഠിനതടവാണ് കോടതി വിധിച്ചത്. ആ നാലു സെക്കന്‍ഡ് കോളിനെ കേന്ദ്രീകരിച്ച് നടത്തിയ ടീം വര്‍ക്കാണ് പ്രതികളെ കണ്ടെത്താനും ശിക്ഷ വാങ്ങിച്ചുകൊടുക്കാനും ഇടയാക്കിയത്.
തയാറാക്കിയത്-
സീമ മോഹന്‍ലാല്‍