നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസന ചരിത്രത്തിൽ നിർണായകമായ ഒരു ഘട്ടത്തിന് കൂടി സിയാൽ തുടക്കമിടുന്നു.
യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വർധനവ്, വിമാനത്താവള ആധുനിക വത്കരണം, വിനോദ സഞ്ചാര സാധ്യത, കാർഷിക മേഖലയുടെ വളർച്ച മുതലായ ഘടകങ്ങൾ മുൻനിർത്തി അടിസ്ഥാന സൗകര്യവികസനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ഏഴ് പദ്ധതികൾക്കാണ് ഒരൊറ്റ ദിനത്തിൽ സിയാൽ തുടക്കം കുറിക്കുന്നത്.
ഒക്ടോബർ രണ്ടിന് തിങ്കളാഴ്ച്ച 4.30ന് സിയാൽ കാർഗോ ടെർമിനലിൽവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതികൾ ഉദ്ഘാടനം ചെയ്യും.
കാർഗോയിലും യാത്രക്കാരുടെ എണ്ണത്തിലും ഉണ്ടാകുന്ന വളർച്ച ഉൾകൊള്ളുന്ന വിധം വിഭാവനം ചെയ്തിട്ടുള്ള ഏഴ് പദ്ധതികളാണ് സിയാൽ സജ്ജമാക്കിയിട്ടുള്ളത്. ഇവയിൽ കാർഗോ ടെർമിനൽ ഉദ്ഘാടനം ചെയ്യുന്നതിനൊപ്പം ഡിജിയാത്ര, എയർപോർട്ട് എമർജൻസി സർവീസ്, ആധുനികവത്ക്കരണം എന്നിവയും ഉദ്ഘാടനം ചെയ്യപ്പെടും.
രാജ്യാന്തര ടെർമിനൽ വികസനത്തിന്റെ ഒന്നാം ഘട്ട വികസനം, എയ്റോ ലോഞ്ച്, ഗോൾഫ് ടൂറിസം, ഇലക്ട്രോണിക് സുരക്ഷാ വലയം എന്നിവയുടെ നിർമാണ പ്രവർത്തനങ്ങളുടെ തറക്കല്ലിടലിനും ചടങ്ങ് സാക്ഷ്യം വഹിക്കും.
15 ലക്ഷം ചതുരശ്രയടിയിൽ പുതിയ ഏപ്രൺ
നിലവിലെ രാജ്യാന്തര ടെർമിനലായ ടി 3 യുടെ വടക്കുഭാഗത്തു കൂടിയാണ് 15 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ പുതിയ ഏപ്രൺ വരുന്നത്.
എട്ട് പുതിയ എയ്റോ ബ്രിഡ്ജുകൾ ഉൾപ്പെടെ അഞ്ച് ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ രാജ്യാന്തര ടെർമിനലിന്റെ വികസനവും ഉണ്ടാകും. ഇതോടെ വിമാന പാർക്കിംഗ് ബേയുടെ എണ്ണം 44 ആയി ഉയരും. ഭാവിയിലെ ട്രാഫിക് വളർച്ച പരിഗണിച്ച് തയാറാക്കിയിട്ടുള്ള ഈ പദ്ധതിയുടെ ഒന്നാം ഘട്ടത്തിനാണ് തറക്കല്ലിടുന്നത്.
ഇംപോർട്ട് കാർഗോ ടെർമിനൽ ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ സിയാലിന്റെ പ്രതിവർഷ കാർഗോ കൈകാര്യം ചെയ്യൽ ശേഷി രണ്ട് ലക്ഷം മെട്രിക് ടണ്ണായി വർധിക്കും. നിലവിലെ കാർഗോ സ്ഥലം മുഴുവനും കയറ്റുമതി ആവശ്യങ്ങൾക്ക് ഉപയോഗിക്കാനുമാകും.
കേരളത്തിലെ കാർഷികോത്പന്നങ്ങൾക്ക് ആഗോള വിപണി കണ്ടെത്തുന്നതിനായുള്ള സർക്കാരിന്റെ നയങ്ങൾക്ക് ഇത് കരുത്ത് പകരുകരുകയും ചെയ്യും.
എയ്റോലോഞ്ച്
യാത്രക്കാർക്ക് ഹ്രസ്വസമയ വിശ്രമത്തിന് രണ്ടാം ടെർമിനലിന് സമീപം പണികഴിപ്പിക്കുന്ന “0484 ലക്ഷ്വറി എയ്റോ ലോഞ്ച് ‘ എന്ന് നാമകരണം ചെയ്യപ്പെട്ട എയ്റോലോഞ്ചിന്റെ തറക്കല്ലിടൽ.
42 ആഡംബര ഗസ്റ്റ് റൂമുകൾ, റസ്റ്റൊറന്റ്, മിനി കോൺഫറൻസ് ഹാൾ, ബോർഡ് റൂം, ജിം, സ്പാ എന്നിവയടക്കം അരലക്ഷം ചതുരശ്രയടി വിസ്തീർണമാണ് വിഭാവനം ചെയ്തിരിക്കുന്നത്. നിർമാണം പൂർത്തിയാകുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവള ലോഞ്ചായി ഇത് മാറും.
ഡിജിയാത്ര
വിമാനത്താവള ടെർമിനലുകളിലെ പുറപ്പെടൽ പ്രക്രിയ, ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടുതൽ കാര്യക്ഷമവും സുഗമവുമാക്കുന്ന സംവിധാനമാണ് ഡിജിയാത്ര.
കൊച്ചി വിമാനത്താവളത്തിൽ ഡിജിയാത്ര സോഫ്ട്വെയർ രൂപകല്പന ചെയ്തത് സിയാലിന്റെ തന്നെ ഐടി വിഭാഗമാണ്. ഇതിന്റെ ഉദ്ഘാടനവും നടക്കും.
ആഭ്യന്തര ടെർമിനലിൽ 22 ഗേറ്റുകളിൽ യാത്രക്കാരുടെ മുഖം തിരിച്ചറിഞ്ഞ് പ്രവേശനം സുഗമമാക്കും. ബെൽജിയത്തിൽ നിന്ന് ഇറക്കുമതി ചെയ്ത ഇ-ഗേറ്റുകൾ ആണ് ഇവിടെ ഉപയോഗിക്കുക.
ആധുനിക സുരക്ഷ
വിമാനത്താവള അഗ്നിശമന സേനയെ എയർപോർട്ട് എമർജൻസി സർവീസ് എന്ന നിലയിലേയ്ക്ക് ആധുനികവത്ക്കരിക്കുന്നതാണ് മറ്റൊരു പദ്ധതി. അടിയന്തരാവശ്യ വാഹന വ്യൂഹത്തിലേയ്ക്ക് ഓസ്ട്രിയൻ നിർമിത രണ്ട് ഫയർ എൻജിനുകൾ, മറ്റ് ആധുനിക വാഹനങ്ങളും വാങ്ങിച്ചിട്ടുണ്ട്.
ഇവയുടെ പ്രവർത്തന ഉദ്ഘാടനവും വിമാനത്താവളത്തിന്റെ ഓപ്പറേഷണൽ മേഖലയുടെ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള പെരിമീറ്റർ ഇൻട്രൂഷൻ ഡിറ്റക്ഷൻ സിസ്റ്റം (പിഐഡി എസ്) സംവിധാനത്തിന്റെ നിർമാണ ഉദ്ഘാടനം തിങ്കളാഴ്ച നടക്കും.
കേരളത്തിലെ ഏക 18-ഹോൾ കോഴ്സായ സിയാൽ ഗോൾഫ് കോഴ്സിൽ വിനോദസഞ്ചാര സാധ്യത ലക്ഷ്യമിട്ട് നിർമിക്കുന്ന റിസോർട്ടുകൾ, വാട്ടർഫ്രണ്ട് കോട്ടേജുകൾ, പാർട്ടി/കോൺഫറൻസ് ഹാൾ, സ്പോർട്സ് സെന്റർ എന്നിവയുടെ നിർമാണോദ്ഘാടനവും ചടങ്ങിൽ നടക്കുമെന്ന് സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് പറഞ്ഞു.
വ്യവസായ മന്ത്രി പി. രാജീവ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ. രാജൻ, പി. എ. മുഹമ്മദ് റിയാസ്, പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ, എംപിമാർ, എംഎൽഎ മാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.