മൊഹാലി: മൂന്നാം ദിനം ബാറ്റ് കൊണ്ടു പ്രഹരിച്ചതു മതിയാവാതെ ബോള്‍ കൊണ്ടുമുള്ള സര്‍ ജഡേജയുടെ ഇന്ദ്രജാലത്തില്‍ ഇംഗ്ലണ്ട് തകര്‍ന്നു. മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് എട്ടു വിക്കറ്റ് വിജയം. രണ്ടാം ടെസ്റ്റിലും തോല്‍വിയേറ്റുവാങ്ങിയിരുന്ന ഇംഗ്ലീഷ് നിര പരമ്പരയില്‍ 2–0ത്തിന് പിന്നിലായി. രണ്ടാം ഇന്നിംഗ്‌സില്‍ 103 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ രണ്ടു വിക്കറ്റുകള്‍ മാത്രം നഷ്ടമാക്കി ലക്ഷ്യത്തിലെത്തി. എട്ടു വര്‍ഷത്തിനു ശേഷമുള്ള മടങ്ങിവരവില്‍ 67 റണ്‍സെടുത്ത് പാര്‍ഥിവ് പട്ടേല്‍ സുനിശ്ചിതമായിരുന്ന ഇന്ത്യന്‍ വിജയം നേരത്തെയാക്കി. ചേതേശ്വര്‍ പൂജാര 25 റണ്‍സെടുത്തപ്പോള്‍ മുരളി വിജയ് റണ്ണൊന്നും നേടാതെ പുറത്തായി. പാര്‍ഥിവിനൊപ്പം ക്യാപ്റ്റന്‍ വിരാട് കോഹ്ലി ആറു റണ്‍സുമായി പുറത്താകാതെ നിന്നു.
സ്‌കോര്‍: ഇംഗ്ലണ്ട് 283, 236. ഇന്ത്യ 417, 104–2
നാലാം ദിനത്തില്‍ നാലിന് 78 എന്ന നിലയില്‍ തുടങ്ങിയ ഇംഗ്ലണ്ട് പിടിച്ചു നില്‍ക്കാനുള്ള ശ്രമമാണ് ആദ്യം മുതല്‍ നടത്തിയത്. ആറ് വിക്കറ്റുകള്‍ ബാക്കിനില്‍ക്കേ 56 റണ്‍സിന്റെ കടവുമായാണ് ജോ റൂട്ടും ഗാരത് ബാറ്റിയും ക്രീസിലെത്തിയത്. എന്നാല്‍, മത്സരത്തിന്റെ രണ്ടാം പന്തില്‍ത്തന്നെ ഇംഗ്ലണ്ടിനു അഞ്ചാം വിക്കറ്റ് നഷ്ടമായി. നൈറ്റ് വാച്ച്മാനായെത്തിയ ബാറ്റിയെ ജഡേജ വിക്കറ്റിനു മുന്നില്‍ കുരുക്കി. ആദ്യ രണ്ടു ടെസ്റ്റുകളില്‍ പുറത്തിരുന്ന ജോസ് ബട്‌ലര്‍ എത്തിയതോടെയാണ് ഇംഗ്ലീഷ് ഇന്നിംഗ്‌സിന് അല്‍പമെങ്കിലും ജീവന്‍ വച്ചത്. പ്രതിരോധിച്ചു നില്‍ക്കാതെ ബട്‌ലര്‍ ആക്രമണത്തിനു തുനിഞ്ഞപ്പോള്‍ റൂട്ട് വിക്കറ്റിനിടയില്‍ ഓടി റണ്‍സ് എടുക്കാനാണ് ശ്രമിച്ചത്. ജഡേജയെ ക്രീസ് വിട്ടിറങ്ങി ബട്‌ലര്‍ സിക്‌സറിനു പായിച്ചപ്പോള്‍ കോഹ്ലി ആക്രമണോത്സുക ഫീല്‍ഡൊരുക്കി. ബട്‌ലര്‍ നിലയുറപ്പിക്കും മുമ്പ് ജയന്ത് യാദവിനുമുന്നില്‍ കീഴടങ്ങി. ജയന്തിനെ മിഡ് വിക്കറ്റിലൂടെ അതിര്‍ത്തി കടത്താനുള്ള ബട്‌ലറുടെ ശ്രമം ജഡേജയുടെ കൈകളില്‍ അവസാനിക്കുകയായിരുന്നു. വിരലിനു പരിക്കേറ്റതിനാല്‍ ഓപ്പണിംഗില്‍ ഇറങ്ങാതിരുന്ന ഹസീബ് ഹമീദ് കളത്തിലെത്തി. തുടര്‍ന്ന് റൂട്ട് രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്തു. ഇന്നിംഗ്‌സിലെ മൂന്നാം ബൗണ്ടറി നേടി റൂട്ട് അര്‍ധശതകത്തിലേക്കെത്തി. അദ്ദേഹത്തിന്റെ ഏറ്റവും വേഗം കുറഞ്ഞ രണ്ടാമത്തെ അര്‍ധശതകമാണ് മൊഹാലിയില്‍ പിറന്നത്. പിന്നീട് അശ്വിനുമായി റൂട്ട് മത്സരം ആരംഭിച്ചു. കവര്‍ െ്രെഡവിലൂടെയും സ്വീപ് ചെയ്തും ഫോറുകള്‍ നേടി സുന്ദരമായി അശ്വിനെ നേരിട്ട റൂട്ടിനെ കുടുക്കാന്‍ കോഹ്ലി വീണ്ടും ജഡേജയെ പന്തേല്‍പ്പിച്ചു. ജഡേജയുടെ പന്തിന്റെ ഗതി മനസിലാക്കാതെ ബാറ്റ് വച്ച റൂട്ട് സ്ലിപ്പില്‍ രഹാനെയ്ക്കു ക്യാച്ച് നല്‍കി മടങ്ങി. 179 പന്തുകളില്‍ നിന്നും ആറ് ഫോറുകള്‍ നേടിയ റൂട്ട് 78 റണ്‍സ് നേടിയാണ് പുറത്തായത്.
പിന്നീട് ഇംഗ്ലണ്ട് ഇന്നിംഗ്‌സ് എപ്പോള്‍ അവസാനിക്കും എന്ന് മാത്രമേ സംശയമുണ്ടായിരുന്നുള്ളൂ. പരിക്കേറ്റിട്ടും പോരാട്ടവീര്യം പുറത്തെടുത്ത ഹമീദ് പിടിച്ചുനിന്നു. 19 പന്തുകള്‍ വേണ്ടി വന്നു ഹമീദിന് ആദ്യ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍. 111 പന്തുകള്‍ കളിച്ച ശേഷമാണ് ഹമീദിന്റെ ബാറ്റില്‍നിന്നും ഒരു ബൗണ്ടറി പിറന്നത്. ഹമീദ് ആറ് റണ്‍സില്‍ നില്‍ക്കേ അശ്വിന്റെ പന്തില്‍ പാര്‍ഥിവിനു അവസരം കിട്ടിയതു മുതലാക്കാന്‍ സാധിച്ചിരുന്നില്ല. 47 പന്തുകളില്‍ നിന്നും 30 റണ്‍ലെടുത്ത ക്രിസ് വോക്‌സും ഹമീദും ചേര്‍ന്നു 43 റണ്‍സിന്റെ സഖ്യമാണുണ്ടാക്കിയത്. പിന്നീടെത്തിയ ആദില്‍ റഷീദിനു വലിയ സംഭാവകളൊന്നും നല്‍കാനായില്ലെങ്കിലും അവസാന വിക്കറ്റായെത്തിയ ജയിംസ് ആന്‍ഡേഴ്‌സണ്‍ ഹമീദിനൊപ്പം പിടിച്ചുനിന്നു. ആന്‍ഡേഴ്‌സണ്‍ ക്രീസിലെത്തുമ്പോള്‍ 127 പന്തില്‍ 23 റണ്‍സായിരുന്നു ഹമീദ് എടുത്തിരുന്നത്. തുടര്‍ന്നു ഗിയര്‍ മാറ്റിയ ഹമീദ് ആക്രമിച്ചു കളിച്ചു. 147 പന്തുകളില്‍ നിന്നും സിക്‌സറിലൂടെ ഹമീദ് അര്‍ധ ശതകത്തിലേക്കെത്തി. രണ്ടാം റണ്ണിനായി ശ്രമിച്ചതില്‍ പിഴച്ച് ആന്‍ഡേഴ്‌സണ്‍ പുറത്തായതോടെ ഇംഗ്ലണ്ടിന്റെ ഇന്നിംഗ്‌സിനും തിരശീലവീണു. പരിക്കിനെത്തുടര്‍ന്ന് ഈ പരമ്പരയില്‍ ഇനി കളിക്കാന്‍ പത്തൊമ്പതുകാരനായ ഹസീബ് ഹമീദിന് സാധിക്കുകയില്ല. 156 പന്തുകളിന്‍നിന്ന് ആറ് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 59 റണ്‍സാണ് ഹമീദ് സ്വന്തമാക്കിയത്. ഇന്ത്യക്കായി അശ്വിന്‍ മൂന്നു വിക്കറ്റുകള്‍ നേടിയപ്പോള്‍ ജഡേജ, മുഹമ്മദ് ഷാമി, ജയന്ത് യാദവ് എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതം സ്വന്തമാക്കി.
ചെറിയ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ഇന്ത്യക്കു തുടക്കം നഷ്ടത്തോടെയായിരുന്നു. രാജ്‌കോട്ടില്‍ സെഞ്ചുറി നേടിയ ശേഷം മികച്ച ഇന്നിംഗ്‌സുകള്‍ കളിക്കാനാവാത്ത വിജയ് എട്ടു പന്തില്‍ സംപൂജ്യനായി പുറത്തായി. പാര്‍ഥിവ് അടിച്ചുകളിക്കുകയും പൂജാര നിലയുറപ്പിക്കുകയും ചെയ്തതോടെ ഇന്ത്യ ദ്രുതഗതിയില്‍ ജയത്തിലേക്കെത്തി. 50 പന്തില്‍ 25 റണ്‍സെടുത്ത പൂജാരയെ നഷ്ടമാടെങ്കിലും കോഹ്ലിയുമായി ചേര്‍ന്നു പാര്‍ഥിവ് ഇന്ത്യയെ വിജയതീരത്തടുപ്പിച്ചു. 54 പന്തില്‍ 11 ഫോറുകളുടെയും ഒരു സിക്‌സറിന്റെയും അകമ്പടിയോടെയാണ് പാര്‍ഥീവ് 67 റണ്‍സെടുത്തത്. ഇംഗ്ലണ്ടിനായി വോക്‌സും റഷീദും ഓരോ വിക്കറ്റ് വീതം നേടി. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തിളങ്ങിയ രവീന്ദ്ര ജഡേജയാണ് കളിയിലെ താരം. അഞ്ചു മത്സര പരമ്പരയില്‍ ഇന്ത്യ 2–0ത്തിന് മുന്നിലെത്തി. പരമ്പരയിലെ നാലാം ടെസ്റ്റ് ഡിസംബര്‍ എട്ടിന് മുംബൈയില്‍ ആരംഭിക്കും.
സ്‌കോര്‍ ബോര്‍ഡ്
ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സ് 283
ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ് 417
ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്‌സ്
കുക്ക് ബി അശ്വിന്‍ 12, റൂട്ട് സി രഹാനെ ബി ജഡേജ 78, അലി സി ജയന്ത് ബി അശ്വിന്‍ 5, ബെയര്‍സ്‌റ്റോ സി പട്ടേല്‍ ബി ജയന്ത് 15, സ്‌റ്റോക്‌സ് എല്‍ബിഡബ്ല്യു ബി അശ്വിന്‍ 5, ബാറ്റി എല്‍ബിഡബ്ല്യു ബി ജഡേജ 0, ബട്ട്‌ലര്‍ സി ജഡേജ ബി ജയന്ത് യാദവ് 18, ഹസീബ് ഹമീദ് നോട്ടൗട്ട് 59, വോക്‌സ് സി പാര്‍ഥീവ് ബി ഷാമി 30, റഷീദ് സി ഉമേഷ് യാദവ് ബി ഷാമി 0, ആന്‍ഡേഴ്‌സണ്‍ റണ്‍ഔട്ട് ജഡേജ/ അശ്വിന്‍ 5. എക്‌സട്രാസ് 9. ആകെ 90.2 ഓവറില്‍ 236
ബൗളിംഗ്
ഷാമി 14–3–37–2 ഉമേഷ് യാദവ് 8–3–26–0, അശ്വിന്‍ 26.2–4–81–3, ജഡേജ 30–12–62–2, ജയന്ത് യാദവ് 12–2–21–2
ഇന്ത്യ രണ്ടാം ഇന്നിംഗ്‌സ്
വിജയ് സി റൂട്ട് ബി വോക്‌സ് 0, പാര്‍ഥിവ് നോട്ടൗട്ട് 67, പൂജാര സി റൂട്ട് ബി റഷീദ് 25, കോഹ്ലി നോട്ടൗട്ട് 6. എക്‌സട്രാസ് 6. ആകെ 20.2 ഓവറില്‍ രണ്ടിന് 104.
ബൗളിംഗ്
ആന്‍ഡേഴ്‌സണ്‍ 3–2–8–0, വോക്‌സ് 2–0–16–1, റഷീദ് 5–0–28–1, സ്‌റ്റോക്‌സ് 4–0–16–0, മോയിന്‍ അലി 3–0–13–0, ബാറ്റി 3.2–0–18–0