നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപ് അറസ്റ്റിയായിട്ട് മൂന്നാഴ്ച കഴിഞ്ഞിരിക്കുന്നു. ഇതിനോടകം സിനിമയ്ക്കകത്തും പുറത്തുമുള്ള നിരവധിയാളുകള്‍ ദിലീപിന് പിന്തുണയറിയിച്ചും ദിലീപിനെ കുറ്റപ്പെടുത്തിയും രംഗത്തെത്തുകയും ചെയ്തു. സോഷ്യല്‍മീഡിയ അടക്കമുള്ള മാധ്യമങ്ങളാകട്ടെ ദിലീപുമായി ബന്ധപ്പെട്ട ഓരോ കാര്യങ്ങളും വാര്‍ത്തയാക്കുകയും ചെയ്തിരുന്നു. ഇത്രയും ദിവസങ്ങള്‍ പിന്നിട്ടിട്ടും ദിലീപിന്റെ ജാമ്യത്തിന്റെ കാര്യം അനശ്ചിതത്വത്തില്‍ തന്നെയാണ്. ഈയവസരത്തിലാണ് ദിലീപിന്റെ അവസ്ഥില്‍ പരിതപിച്ചുകൊണ്ടും ദിലീപിന് പിന്തുണയറിയിച്ചുകൊണ്ടും നടന് സുധീര്‍ സുകുമാരന്‍ ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരിക്കുന്നത്. ദിലീപിന്റെ തന്നെ സിഐഡി മൂസ എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെ ശ്രദ്ധേയനായ നടനാണ് സുധീര്‍. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് സുധീര്‍ അഭിപ്രായപ്രകടനം നടത്തിയിരിക്കുന്നത്. ഇത്രയുമെങ്കിലും ചെയ്തില്ലെങ്കില്‍ അത് നന്ദി കേടായിപ്പോകുമെന്ന് വ്യക്തമാക്കികൊണ്ടാണ് സുധീര്‍ തന്റെ അഭിപ്രായങ്ങള്‍ വെളിപ്പെടുത്തിയത്.
ഫേസ്ബുക്ക് വീഡിയോയിലൂടെ സുധീര്‍ പറയുന്നതിങ്ങനെ…
ഇന്ന് സൗഹൃദദിനം. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്നെയൊരു സിനിമയിലേക്ക് കാസ്റ്റ് ചെയ്ത ദിവസം കൂടിയാണ് ആഗസ്റ്റ് 6. സിനിമയുടെ പേര് സിഐഡി മൂസ. അന്ന് ഉദയേട്ടനും സിബിചേട്ടനും ജോണി ആന്റണി ചേട്ടനും ദിലീപേട്ടനും ഇരിക്കുന്ന സദസ്സിന്റെ നടുവിലേക്ക് ഞാന്‍ ചെല്ലുന്നു. പാലാരിവട്ടം ഹൈവേ ഗാര്‍ഡനില്‍ വച്ചാണ് കൂടിക്കാഴ്ച. എന്നെ സിനിമയിലേക്ക് സെലക്ട് ചെയ്തു. ജീവിതത്തില്‍ മറക്കാനാകാത്ത ദിവസമായിരുന്നു അത്. ഈ അവസരത്തില്‍ ഞാന്‍ ദിലീപേട്ടനെ ഓര്‍ക്കുന്നു. കാരണം സിഐഡി മൂസ എന്ന സിനിമ ഇല്ലായിരുന്നെങ്കില്‍ ജീവിതം വഴിമാറിപ്പോയേനെ. ദിലീപേട്ടനാണ് എന്നെ സിനിമയിലേക്ക് തെരഞ്ഞെടുത്തത്. അദ്ദേഹം തന്നെയായിരുന്നു ആ സിനിമയുടെ നിര്‍മാതാവും. ഇന്ന് അദ്ദേഹം ജയിലിലാണ്. എന്താണ് ചെയ്ത തെറ്റെന്നോ കേസിന്റെ പിന്നിലെ കാര്യങ്ങളോ എനിക്ക് അറിയില്ല. പലരും പറഞ്ഞപ്പോഴും അദ്ദേഹം ആകരുതേ എന്ന് ആഗ്രഹിച്ചു.
എന്നാല്‍ അറസ്റ്റ് ചെയ്ത് കഴിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി. പിന്നെ നമ്മള് സംസാരിച്ചിട്ടോ പ്രതികരിച്ചിട്ടോ കാര്യമില്ല. അറസ്റ്റ് ചെയ്ത ശേഷം അദ്ദേഹത്തിന് ജാമ്യം ലഭിക്കുമെന്ന് വിചാരിച്ചു, പക്ഷേ അതുണ്ടായില്ല. ഇപ്പോള്‍ ഇരുപത്തിയഞ്ച് ദിവസമായി അദ്ദേഹം ജയിലിലായിട്ട്. ഈ ദിവസങ്ങള്‍ക്കിടെ എന്തെല്ലാം കെട്ടുകഥകളാണ് അദ്ദേഹത്തിനെതിരെ വന്നത്. ക്രിമിനലും കയ്യേറ്റക്കാരനുമാക്കി, നാറ്റിച്ച് അദ്ദേഹത്തെ ഇല്ലാതാക്കുകയായിരുന്നു. ഇതൊക്കെ തെണ്ടിത്തരമെന്നേ പറയാന്‍ കഴിയൂ. തിയറ്റര്‍ പൂട്ടുന്നതൊക്കെ ചിന്തിക്കാന്‍ പോലും കഴിയുന്നില്ല. കേരളത്തിലെ ജനങ്ങള്‍ ഇതിനിതിരെ പ്രതികരിക്കണം. ശത്രുക്കള്‍ പോലും കിടക്കരുതെന്ന് ആഗ്രഹിക്കുന്ന സ്ഥലമാണ് ജയില്‍.
പതിനെട്ടാം വയസ്സില്‍ ഞാനും ജയിലില്‍ കിടന്നിട്ടുണ്ട്. അന്ന് കല്‍ക്കത്തയില്‍ വച്ച് ഐജിയുടെ മകനുമായി വഴക്കുപിടിച്ച് അവസാനം രക്ഷപ്പെടാനായി ഒരു സോഡാക്കുപ്പി എടുത്ത് തലക്കടിച്ചു. അന്നെന്നെ ഒരാഴ്ചയോളം ജയിലിലിട്ടു. അതുകഴിഞ്ഞ് പുറത്തിറങ്ങിയ മാനസികാവസ്ഥ വളരെ മോശമായിരുന്നു. ശത്രുക്കള്‍ക്ക് പോലും ഈ ഗതി വരരുതെന്ന് അന്ന് ഞാന്‍ ഓര്‍ത്തു. ദിലീപ് എന്ന മനുഷ്യന് അവിടെ ജയിലില്‍ കിടക്കുകയാണ്. കേരളത്തിലെ പോലീസിനെ എനിക്ക് ബഹുമാനമുണ്ട്. എന്നാല്‍ ഒരു രാജ്യദ്രോഹിയായി മാധ്യമങ്ങളോ സോഷ്യല്‍മീഡിയയോ ദിലീപിനെ ചിത്രീകരിക്കരുത്. ഉണ്ട ചോറിന് നന്ദിയെന്ന് പറയാം. വിനയനെ വിലക്കിയപ്പോള്‍ ഞാന്‍ ഒപ്പം നിന്നു. അന്ന് ഞാനും ഒരുപാട് അനുഭവിച്ചു.
ഒറ്റയ്ക്ക് നേരിടുന്ന ഒരു ഫൈറ്ററോടുള്ള ബഹുമാനമാണ് എനിക്ക് വിനയന് ചേട്ടനോട് തോന്നിയത്. ഞാന്‍ അങ്ങോട്ട് പോയി സിനിമ ചെയ്യുകയായിരുന്നു. എന്റെ മനസാക്ഷിക്ക് ശരിയെന്ന് തോന്നിയതാണ് ചെയ്തത്. ദിലീപേട്ടനൊക്കെ അന്ന് എനിക്ക് എതിരെ നിന്നു. എന്നാല്‍ ഇന്ന് ദിലീപേട്ടന്റെ അവസ്ഥ വളരെ ദയനീയമാണ്. തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹത്തെ കോടതി ശിക്ഷിക്കട്ടെ. അതല്ലാതെ ഇല്ലാക്കഥകള്‍ ദയവായി പടച്ചുവിടാതിരിക്കുക. ദിലീപേട്ടനെ നശിപ്പിക്കരുത്. ഇത്രയും പറഞ്ഞില്ലെങ്കില്‍ അത് നന്ദികേടായിപ്പോകും. ഇതൊരു അപേക്ഷയാണ്. എന്റെ അഭിപ്രായം പറഞ്ഞതുകൊണ്ട് ദയവ് ചെയ്ത ഉപദ്രവിക്കരുത്. അത്താഴപ്പട്ടിണിക്കാരനാണ്. ഇപ്പോഴും ഒരു സിനിമയ്ക്ക് വേണ്ടി ഒരുപാട് പേരോട് ചാന്‍സ് ചോദിച്ച് വിളിക്കുന്ന നടനാണ് ഞാന്‍. അതുകൊണ്ട് വേദനിപ്പിക്കരുത്. സുധീര്‍ പറയുന്നു.