സ്വന്തം ലേഖകൻ
തിരുവനന്തപുരം: വിദേശത്തു നിന്നെത്തുന്നവർക്കു കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കോവിഡ് പരിശോധന നിർബന്ധമാക്കിയതോടെ യാത്രക്കാർ ദുരിതത്തിൽ.
യാത്രയ്ക്കുശേഷം ആർടിപിസിആർ പരിശോധനയ്ക്കായി മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ടി വരുന്നു. പരിശോധനയ്ക്കായി വേണ്ടത്ര കൗണ്ടറുകളോ മറ്റു സംവിധാനങ്ങളോ ഒരുക്കിയിട്ടില്ല.
വിദേശത്തുനിന്നും എത്തുന്ന യാത്രക്കാർക്ക് കേന്ദ്രസർക്കാരിന്റെ നിർദേശപ്രകാരമാണ് ആർടിപിസിആർ പരിശോധന നടത്തുന്നത്. യാത്രക്കാർ സ്വന്തം ചെലവിൽ പരിശോധന നടത്തണമെന്നാണ് നിബന്ധന.
കോവിഡ് പരിശോധന ആരംഭിച്ച 23ന് വലിയ പ്രതിഷേധമാണ് യാത്രക്കാർ ഉയർത്തിയത്. സാമൂഹ്യ അകലം പാലിക്കാതെയും കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെയുമാണ് ഇവിടെ പരിശോധന നടന്നതെന്നു യാത്രക്കാർ പറഞ്ഞു.
കോവിഡ് പരിശോധന ആരംഭിച്ചപ്പോൾ ഒരു കൗണ്ടർ മാത്രമാണ് ഉണ്ടായിരുന്നത്. ഗൾഫ് രാജ്യങ്ങളിൽ നിന്നും സ്വന്തം ചെലവിൽ പരിശോധന നടത്തി സർട്ടിഫിക്കറ്റുമായി എത്തിയവർ വലിയ പ്രതിഷേധമാണ് ഉയർത്തിയത്.
24 മണിക്കൂറിനിടെയും 48 മണിക്കൂറിനിടെയും പരിശോധന നടത്തിയവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇവർ വീണ്ടും 1700 രൂപ മുടക്കി കോവിഡ് ടെസ്റ്റ് നടത്തണമെന്നാണ് നിർദേശം. അഞ്ച് അംഗങ്ങൾ വരെയുള്ള കുടുംബങ്ങൾ ഇക്കൂട്ടത്തിലുണ്ടായിരുന്നു.
ഇവർക്കു വൻ തുകയാണ് കോവിഡ് പരിശോധനയ്ക്കു വേണ്ടിവന്നത്. യുഎഇയിൽ മൂവായിരത്തോളം രൂപയാണ് കോവിഡ് ടെസ്റ്റിനായി ഈടാക്കുന്നത്.
നാലു പേർ അടങ്ങുന്ന കുടുംബത്തിന് പരിശോധനയ്ക്കു മാത്രം ചെലവാകുന്നത് 12,000 രൂപ. ഇവിടെ നാലു പേർക്ക് ടെസ്റ്റിന് ചെലവാകുന്നത് 6800 രൂപ. ജോലി നഷ്ടപ്പെട്ടു വിദേശത്തുനിന്നും വരുന്ന നിരവധി കുടുംബങ്ങളാണുള്ളത്. ഇവർക്കും കോവിഡ് പരിശോധന വൻ തരിച്ചടിയായി.
അതേസമയം, വിമാനത്താവളത്തിൽ ആർടിപിസിആർ പരിശോധനയ്ക്കായി നിലവിൽ 20 കൗണ്ടറുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചു.
ഇതിനായി പ്രത്യേക മെഡിക്കൽ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. എന്നാൽ ആദ്യദിനത്തിൽ കൗണ്ടറുകളുടെ എണ്ണം പരിമിതമായതിനാലാണ് ചിലർ പ്രതിഷേധവുമായി രംഗത്തെത്തിയതെന്നും എയർപോർട്ട് അധികൃതർ പറഞ്ഞു.
വിദേശരാജ്യങ്ങളിൽ നിന്നും നാട്ടിലെത്തുന്ന പ്രവാസികൾക്കു കോവിഡ് ടെസ്റ്റ് സൗജന്യമാക്കണമെന്നു വേൾഡ് മലയാളി കൗണ്‍സിൽ ഗ്ലോബൽ പ്രസിഡന്റ് ജോണി കുരുവിള ആവശ്യപ്പട്ടു.
വിദേശരാജ്യങ്ങളിൽ നിന്നും നാട്ടിലെത്തുന്ന പ്രതിരോധ കുത്തിവയ്പ്പെടുത്ത പ്രവാസികൾക്ക് ഏഴു ദിവസത്തെ ക്വാറന്റൈൻ വ്യവസ്ഥ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനു നിവേദനം നൽകിയിട്ടുണ്ട്.
നാട്ടിൽ നിന്നും വിദേശത്തേക്കു പോകാൻ കാത്തിരിക്കുന്ന പ്രവാസികൾക്കു കോവിഡ് പ്രതിരോധ കുത്തിവയ്പ് നൽകുന്നതിനു മുൻഗണന നൽകണമെന്നു നിവേദനത്തിൽ ആവശ്യപ്പെടുന്നു.
കൗണ്‍സിൽ ഗ്ലോബൽ പ്രസിഡന്റ് ജോണി കുരുവിള, ഡോ.എ.വി. അനൂപ്, ഐസക് ജോണ്‍ പട്ടാണിപറന്പിൽ എന്നിവർ ചേർന്നാണ് നിവേദനം സമർപ്പിച്ചത്.