ഒരു സിഗരറ്റ് വലിച്ചാൽ പുരുഷന്മാർക്ക് അവരുടെ ജീവിതത്തിലെ 17 മിനിറ്റ് നഷ്ടപ്പെടും. സ്ത്രീകൾക്കാണെങ്കിൽ 22 മിനിറ്റും! പുകവലിയുടെ വിനാശകരമായ പ്രത്യാഘാതങ്ങളെക്കുറിച്ചു പഠിക്കുന്ന ഗവേഷകരാണു മനുഷ്യാരോഗ്യത്തെ ബാധിക്കുന്ന പുതിയ കണ്ടെത്തൽ നടത്തിയത്. ഓരോ സിഗരറ്റും പുകവലിക്കാരന്റെ ആയുസിൽനിന്നു 11 മിനിറ്റ് കുറയ്ക്കുമെന്നു സൂചിപ്പിക്കുന്ന മുൻ കണക്കുകളേക്കാൾ ഉയർന്നതാണു പുതിയ കണക്കുകൾ
ഒരു ദിവസം 20 സിഗരറ്റ് വലിച്ചാൽ, ഏകദേശം ഏഴു മണിക്കൂറോളം പ്രതിദിന ആയുസ് കുറയും. ജീവിതത്തിൽ ശരാശരി ഒരു ദശാബ്ദത്തോളം നഷ്ടപ്പെടും. ലണ്ടൻ യൂണിവേഴ്സിറ്റി കോളജിലെ ഗവേഷകരാണു പഠനം നടത്തിയത്. വിലയേറിയ സമയവും പ്രിയപ്പെട്ടവരുമായുള്ള ജീവിത മുഹൂർത്തങ്ങളും നഷ്ടപ്പെടുത്താതെ പുകവലിക്കാർ അനാരോഗ്യകരമായ ഈ ശീലം ഉപേക്ഷിച്ച് പുതുവർഷത്തിലേക്കു കടക്കണമെന്നു ഗവേഷകർ ഉപദേശിക്കുന്നു.
ലോകാരോഗ്യസംഘടനയുടെ അഭിപ്രായത്തിൽ, ഇതുവരെ നേരിട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പൊതുജനാരോഗ്യ ഭീഷണികളിലൊന്നാണു പുകയിലജന്യരോഗങ്ങൾ. ഓരോ വർഷവും എട്ടു ദശലക്ഷത്തിലധികം ആളുകൾക്കു പുകവലി കാണം ജീവൻ നഷ്ടമാകുന്നു. ഇവരുടെ സാമീപ്യംകൊണ്ട് പുകവലിക്കാത്ത ഏകദേശം 1.3 ദശലക്ഷം ആളുകളും പുകയിലദുരന്തത്തിന് ഇരയാകുന്നു.