പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കോവിഡ് പ്രതിരോധത്തിന്റെ മറവിൽ കൊല്ലം സിറ്റി പോലീസ് കഴിഞ്ഞ ഒരാഴ്ച കൊണ്ട് പിഴയിടാക്കിയത് 2.11 കോടി രൂപ.
മുഖാവരണം ശരിയായി ധരിച്ചില്ലെന്ന കാരണത്തിന് 15370000 രുപയും സാമൂഹിക അകലം പാലിച്ചില്ലെന്ന കുറ്റത്തിന് 577100 രൂപയുമാണ് പിഴ ഈടാക്കിയത്.
കൊല്ലം സിറ്റി പോലീസ് ജില്ലയിൽ നിന്നു മാത്രമാണ് ഇത്രയും ഭീമമായ തുക ഏഴ് ദിവസം കൊണ്ട് ദുരിതമനുഭവിക്കുന്ന ജനങ്ങളിൽ നിന്നും പിഴിഞ്ഞെടുത്തത്.
കൊല്ലം സിറ്റി ഉൾപ്പെടെ കേരളത്തിൽ ക്രമസമാധാനത്തിന് 19 പോലീസ് ജില്ലകളാണുള്ളത്. 19 പോലീസ് ജില്ലകളിൽ നിന്നായി 40 കോടിയിലേറെയാണ് സംസ്ഥാന ഖജനാവിൽ പോലീസ് എത്തിച്ചത്.
കോവിഡ് രണ്ടാം ഘട്ട വ്യാപനത്തോടെ ജോലിയും കൂലിയുമില്ലാതെ ബുദ്ധിമുട്ടുന്നവരെയും നിത്യവൃത്തിയ്ക്ക് നിവൃത്തിയില്ലാത്തവരെയും പോലും പോലീസ് വെറുതേ വിട്ടില്ല.
ദിനംതോറും കോവിഡ് രോഗികളുടെ എണ്ണം പെരുകുമ്പോഴും പിഴ ഈടാക്കലിന് ഒരു കുറവുമില്ല.
ബസുകളുടെ എണ്ണം കുറച്ച് കെ എസ് ആർ ടി സി കൊറോണയുടെ ചാലകം ആകുന്നുവെന്നും ആക്ഷേപം ഉയരുന്നുണ്ട്.
ബസുകളുടെ എണ്ണവും ട്രിപ്പുകളും വെട്ടിച്ചുരുക്കിയത് കാരണം യാതൊരു സാമൂഹിക അകലവും പാലിക്കാതെ ബസുകളിൽ ജനം തിങ്ങി നിറഞ്ഞ് യാത്ര ചെയ്യുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്.
ആറായിരത്തിലധികം ബസുകളും ഇരുപതിനായിരത്തോളം കണ്ടക്ടർമാരും ഡ്രൈവർമാരും ഉള്ള കെഎസ്ആർടിസി കേരളത്തിലെ പൊതുജനങ്ങളെ വെല്ലുവിളിച്ചുകൊണ്ടാണ് അവ ഓടിക്കാതെ ഇടുന്നതെന്നും ജീവനക്കാർ തന്നെ ചൂണ്ടിക്കാട്ടുന്നു.
ജീവനക്കാർക്കും കോവിഡ് രോഗബാധ ഉണ്ടാകാതിരിക്കാൻ ഒരു പ്രതിരോധ സംവിധാനവുമില്ല. ട്രിപ്പോ സർവീസോ കഴിഞ്ഞെത്തുന്ന ബസുകളിൽ അണു നശീകരണം നടത്തുന്നുമില്ല.
കൃത്യമായ സാമൂഹിക അകലം പാലിച്ച് ജനങ്ങൾക്ക് യാത്ര ചെയ്യാനുള്ള എല്ലാ സംവിധാനവും സർക്കാരിന്റെ പക്കൽ ഉള്ളപ്പോൾ പൊതുജനത്തിന് അത് നിഷേധിക്കുന്നവരെ കണ്ടെത്തി അനിവാര്യമായ നടപടി സ്വീകരിക്കുകയും കെഎസ്ആർടിസിയെ സർക്കാർ പിടിച്ചെടുത്ത് പൊതുജനത്തിന്റെ ആവശ്യത്തിന് ഉപയോഗിക്കുവാൻ ഉള്ള നടപടി സ്വീകരിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.
വേണ്ടിവന്നാൽ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ആക്ട് ഓഫ് ഇന്ത്യയിലെ 37, 38, 39 എന്നീ വകുപ്പുകൾ ഉപയോഗിച്ച് സംസ്ഥാന സർക്കാർ കെഎസ്ആർടിസി യെ പിടിച്ചെടുത്ത് സർക്കാർ വകുപ്പായി ആയി പ്രവർത്തിപ്പിക്കാനാകുമെന്നും ഈ മേഖലയിലെ വിദഗ്ദർ ചൂണ്ടിക്കാട്ടി.