ബഹുനില കെട്ടിടത്തിന്റെ 23-)മത്തെ നിലയിലെ ജനാലയിൽ കൂടി പോലീസിന്റെ പിടിയിൽ നിന്നും രക്ഷപെടാൻ ഒരു മോഷ്ടാവ് ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ അമ്പരപ്പുണർത്തുന്നു. ചൈനയിലെ ഹുനാൻ സിറ്റിയിലാണ് സിനിമ രംഗങ്ങളെ വെല്ലുന്ന സംഭവം അരങ്ങേറിയത്.
ബഹുനില കെട്ടിടത്തിന്റെ 23 നിലയിലെ മുറിയിൽ കയറിയ മോഷ്ടാവ് 10,000 യുവാനും ബാങ്ക് കാർഡും കവർന്നിരുന്നു. സംഭവം അറിഞ്ഞ് പോലീസ് സംഘം ഇവിടെ എത്തിയപ്പോൾ രക്ഷപെടാൻ യാതൊരു മാർഗവുമില്ലെന്ന് മോഷ്ടാവിനു മനസിലായി.
എങ്ങനെയെങ്കിലും രക്ഷപെടണമെന്ന് തീരുമാനിച്ചുറപ്പിച്ച മോഷ്ടാവ് രണ്ടും കൽപ്പിച്ച് ജനാലയിൽ കൂടി പുറത്തിറങ്ങുകയായിരുന്നു. തറ നിരപ്പിൽ നിന്നും ഏകദേശം 60 മീറ്റർ ഉയരത്തിലാണ് മോഷ്ടാവ് സാഹസികമായി തൂങ്ങി കിടന്നത്.
എന്നാൽ പുറത്തിറങ്ങിക്കഴിഞ്ഞപ്പോഴാണ് ഒരു വിധത്തിലും രക്ഷപെടുവാൻ സാധിക്കില്ലെന്ന് ഇയാൾക്ക് മനസിലായത്. മാത്രമല്ല താഴേക്കു നോക്കിയപ്പോൾ ഇയാൾ ഭയന്ന് പോകുകയും ചെയ്തു. തുടർന്ന് പോലീസുദ്യോഗസ്ഥരാണ് ഇദ്ദേഹത്തെ അകത്തേക്ക് വലിച്ചു കയറ്റിയത്. പിന്നീട് ഇയാളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുകയും ചെയ്തു.