തൊടുപുഴ: രണ്ടു മാസം തികയുന്നതിനു മുന്പെ ഏഴു കൊലപാതകങ്ങൾ. ഞെട്ടിത്തരിച്ചിരിക്കുകയാണ് ഇടുക്കി. പുതുവർഷം തുടങ്ങി രണ്ടുമാസം തികയുംമുന്പാണ് ജില്ലയിൽ കൊലപാതക പരന്പരയുണ്ടായത്.
പല കൊലപാതകങ്ങളും മനുഷ്യ മനഃസാക്ഷിയെ മരവിപ്പിക്കുന്ന തരത്തിൽ ക്രൂരമായ രീതിയിലുമായിരുന്നു. കൂടുതൽ കൊലപാതകങ്ങളുടെയും പിന്നിലെ യഥാർഥ വില്ലൻ ലഹരിമരുന്നും മദ്യവുമായിരുന്നുവെന്നതും വസ്തുതയാണ്. കൊലപാതകങ്ങളിലെ പ്രതികളെയൊക്കെ പിടിയിലാക്കാൻ കഴിഞ്ഞത് പോലീസിന്റെ മികവായി.
കഴിഞ്ഞ മാസം മൂന്നു കൊലപാതകങ്ങളാണ് ജില്ലയിൽ നടന്നത്. തൊടുപുഴ വെങ്ങല്ലൂരിൽ യുവാവ് കുത്തേറ്റ് മരിച്ചതായിരുന്നു ആദ്യ കേസ്. അച്ചൻകവല പുളിക്കൽ സിയാദ് കോക്കറാ(34)ണ് കൊല്ലപ്പെട്ടത്. ഇയാളെ കുത്തിയ വെങ്ങല്ലൂർ വാരാരപ്പിള്ളിൽ സിദ്ദിഖിനെ(51) പോലീസ് അറസ്റ്റ് ചെയ്തു.
കുമളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ കെട്ടിട നിർമാണ സ്ഥലത്ത് വെച്ച് അസം സ്വദേശി കമൽദാസി(36)നെ കൊലപ്പെടുത്തി. സംഭവത്തിൽ പിടിയിലായത് ഇയാൾക്കൊപ്പം ജോലി ചെയ്തിരുന്ന അമർസിഹ് റാവത്ത് (23), ബോവേന്ദർ സിങ് റാവത്ത് (22) എന്നിവരായിരുന്നു.
മൂലമറ്റം മേമുട്ടത്ത് ഗൃഹനാഥനെ കൊന്ന് ചതുപ്പിൽതള്ളിയ കേസുണ്ടായതും ഇതിനു പിന്നാലെയാണ്. ജനുവരി 15-ന് കാണാതായ മേമുട്ടം അറക്കപ്പടിക്കൽ ശശിധരനെ കൊന്നത് സുഹൃത്തും അയൽവാസിയുമായ അനി നിവാസിൽ അനിലായിരുന്നു. കുറ്റകൃത്യം മറച്ചുവെച്ചതിന് ഇയാളുടെ ഭാര്യയെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെതിരുന്നു.
ഈ മാസം ഞെട്ടിച്ചത് രണ്ട് ദിവസത്തിനിടെ നടന്ന നാല് കൊലപാതകങ്ങൾ ആണ്. ഓട്ടോറിക്ഷ വാങ്ങാൻ പണം നൽകാത്തതിൽ പ്രകോപിതനായ മകന്റെ മർദനത്തിനിരയായ അച്ഛൻ ചികിത്സയിലിരിക്കെ കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് മരിച്ചത്. ഉപ്പുതോട് പുളിക്കക്കുന്നേൽ ജോസഫ്(കൊച്ചേട്ടൻ-64)ആണ് മകന്റെ മർദനമേറ്റ് മരിച്ചത്.
കേസിൽ മകൻ രാഹുലിനെ(32) അറസ്റ്റ് ചെയ്തു. മറയൂരിൽ എഴുപതുകാരൻ ജ്യോൽസ്യൻ മാരിയപ്പനെ ക്രൂരമായി വെട്ടിക്കൊന്ന കേസിൽ രണ്ടു പേരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. എരുമേലി ശാന്തിപുരം സ്വദേശി ആലയിൽ മിഥുൻ, മറയൂർ ബാബു നഗർ സ്വദേശി അൻപഴകൻ എന്നിവരാണ് പിടിയിലായത്.
മദ്യം വാങ്ങുന്നതിനെച്ചൊല്ലിയുള്ള തർക്കമായിരുന്നു കൊലയ്ക്കു കാരണമായത്. വണ്ടിപ്പെരിയാർ ഡൈമുക്കിൽ വീട്ടമ്മയായ പുന്നവേലിൽ വീട്ടിൽ വിജയമ്മ കൊല്ലപ്പെട്ട കേസിൽ ,സമീപവാസിയായ രതീഷ് പിടിയിലായി.
വീട്ടമ്മയെ മാനഭംഗപ്പെടുത്തിയ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. കന്പംമെട്ട് അച്ചക്കടയിൽ അടിപിടിക്കിടെ അച്ചക്കട ആറ്റിൻകര കൊല്ലപ്പള്ളിൻ ടോമി (49) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കുഴിത്തൊളു പ്ലാക്കുഴിയിൽ സന്തോഷ് പോലീസ് പിടിയിലായി.