കൊച്ചി: ബംഗളൂരു ലഹരിമരുന്ന് കടത്ത് കേസില്‍ അന്വേഷണം വ്യാപിച്ചു കേന്ദ്ര നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ(എന്‍സിബി). സംഘത്തിന്റെ പിടിയിലായ കൊച്ചി സ്വദേശി അനൂപ് മുഹമ്മദിൽനിന്ന് ഉള്‍പ്പെടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു അന്വേഷണം പുരോഗമിക്കുന്നത്.
കേരളത്തിലും ബംഗളൂരുവിലും ഉള്‍പ്പെടെ കോടികളുടെ ലഹരി ഇടപാടുകള്‍ ഇയാള്‍ നടത്തിയിട്ടുള്ളതായാണു പുറത്തുവരുന്ന വിവരങ്ങള്‍.
കൊച്ചിയില്‍ അനൂപിന് ലഹരിമരുന്ന് ഇടപാടുണ്ടായിരുന്ന ചലച്ചിത്ര പ്രവര്‍ത്തകരുടെ വിശദാംശങ്ങളും സംഘം തേടുന്നുണ്ട്. കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ഈ നീക്കമെന്നും അറിയുന്നു.
അതേസമയം, മുൻകാലങ്ങളിൽ ലഹരിയുമായി ബന്ധപ്പെട്ട് വിവാദത്തിലായിട്ടുള്ള സിനിമാക്കാർ തന്നെയാണ് അനൂപ് ബന്ധത്തിന്റെ പേരിലും സംശയത്തിന്റെ നിഴലിൽ നിൽക്കുന്നതെന്നാണ് സൂചന.
അനൂപിനുവേണ്ടി പണം മുടക്കുന്നവരെയും ഇയാളുമായി ഇടപാടുകള്‍ നടത്തിയിരുന്നവരെയും പിടികൂടുന്നതിനുള്ള നീക്കങ്ങളാണു സംഘം നടത്തിവരുന്നത്. കേസില്‍ അനൂപ് ഉള്‍പ്പെടെയുള്ള പ്രതികളെ വരും ദിവസങ്ങളില്‍ കൂടുതല്‍ ചോദ്യം ചെയ്യുമെന്നാണു സൂചനകള്‍.
ഇടപാടുകളില്‍ ഇയാള്‍ക്കുവേണ്ടി പണം മുടക്കുന്നവരെ കണ്ടെത്താനുള്ള അന്വേഷണമാണു പുരോഗമിക്കുന്നത്. ഇതുസംബന്ധിച്ചുള്ള ചോദ്യം ചെയ്യലിനെത്തുടര്‍ന്ന് ഇയാള്‍ വസ്തുക്കച്ചവടത്തിലും ഇടനിലക്കാരനായി എന്നുള്ള വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്.
മൂന്നാറില്‍ ഇരുന്നൂറോളം ഏക്കര്‍ വസ്തുക്കച്ചവടത്തിലാണ് ഇയാള്‍ ഇടനിലക്കാരനായതെന്നാണ് മാധ്യമങ്ങളിൽ വന്ന വാർത്ത. ഇതു സംബന്ധിച്ച് ഇയാള്‍ അന്വേഷണ സംഘത്തിനു മൊഴി നല്‍കിയിട്ടുണ്ടെന്നും പറയുന്നു .
നോട്ട് നിരോധനത്തിനു ശേഷം നടന്ന കച്ചവടത്തില്‍ കേരളത്തിലെ സിനിമ പ്രവര്‍ത്തകരാണു പണം മുടക്കിയിരിക്കുന്നതത്രേ. സ്വര്‍ണക്കടത്ത് കേസിലെ ഒരുപ്രതിയുടെ അടുത്ത സുഹൃത്തും പണം മുടക്കിയതായാണു വിവരങ്ങള്‍.