കോട്ടയം: തിരുനക്കര ബസ് സ്റ്റാൻഡ് കോംപ്ലക്സ് ഉടൻ പൊളിക്കണമെന്ന പിടിവാശിക്കു പിന്നിൽ ഭരണപക്ഷത്തെ ഉന്നതനെന്ന് ആരോപണം.
വ്യാപാരികളുമായി ചർച്ച നടത്താനോ കെട്ടിടം പൊളിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പാലിക്കുന്നതിനോ ഈ നേതാവ് തയാറാകുന്നില്ലെന്നാണ് ആരോപണം.
ബസ് സ്റ്റാൻഡ് കോംപ്ലക്സ് കെട്ടിടം പൊളിക്കുന്ന കാര്യം ചർച്ച ചെയ്യുന്നതിനായി സ്പെഷൽ കൗണ്‍സിൽ യോഗം ചേരണമെന്ന ആവശ്യം ഭരണപക്ഷത്തുനിന്നുവരെ ഉയർന്നെങ്കിലും ഈ ഉന്നത നേതാവ് ഇതിനെയെല്ലാം തടയുകയായിരുന്നു.
മുന്‍പ് നടന്ന കൗണ്‍സിൽ യോഗത്തിൽ 80 എണ്ണമുള്ള അജണ്ടയിൽ ഒന്നായിട്ടാണ് വിഷയം ഉൾപ്പെടുത്തിയത്. കൗണ്‍സിൽ യോഗം തീരാറായപ്പോൾ പല അംഗങ്ങളും ഹാൾ വിട്ടുപോയി.
തന്റെ കൂട്ടാളികളായ ഏതാനും കൗണ്‍സിലർമാർ മാത്രം കൗണ്‍സിൽ യോഗത്തിലുള്ളപ്പോൾ അജണ്ട വായിച്ച് മിനിട്സിൽ രേഖപ്പെടുത്തിയാണ് കെട്ടിടം പൊളിക്കുന്നതിനായുള്ള തീരുമാനം എടുത്തതെന്ന് ആക്ഷേപമുണ്ട്.
സ്ഥലം എംഎൽഎയെവരെ ഭീഷണിപ്പെടുത്തിയാണ് നേതാവ് പല കാര്യങ്ങളും നഗരസഭയിൽ നടത്തുന്നതെന്നു ഭരണപക്ഷത്തു തന്നെ അഭിപ്രയാമുണ്ട്.
നാളെ കൗണ്‍സിൽ യോഗത്തിൽ പ്രതിപക്ഷത്തിനൊപ്പം ഭരണപക്ഷത്തുനിന്നും വിഷയം ചർച്ചയിൽ വരുമെന്നാണ് സൂചന.
ബസ് സ്റ്റാൻഡ് കോംപ്ലക്സിനു ബലക്ഷയമുണ്ടെന്നു കാട്ടി ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി നൽകിയ ആളുടെ പിന്നിലും ഈ ഉന്നതനാണെന്നു ആരോപണമുണ്ട്.
ഹർജി പരിഗണിച്ച കോടതി ബലക്ഷയമുണ്ടോ എന്നു പരിശോധിക്കാൻ നിർദേശിച്ചു. പരിശോധനയിൽ അറ്റകുറ്റ പണികൾ നടത്തി ബലക്ഷയം പരിഹരിക്കാമെന്നായിരുന്നു കണ്ടെത്തൽ.
എന്നാൽ ഇതിനായി ടെൻഡർ വിളിച്ച നഗരസഭയുടെ ടെൻഡർ ആരും ഏറ്റെടുക്കാനെത്തിയില്ല. ഇതിനു പിന്നിലും നേതാവെന്നാണ് സൂചന.
തുടർന്ന് കെട്ടിടത്തിനു ബലക്ഷയമുണ്ടെന്നും ഉടൻ പൊളിച്ചുനീക്കുമെന്നും കൗണ്‍സിൽ തീരുമാനിക്കുകയായിരുന്നു.
മർച്ചന്റ് അസോസിയേഷനും വ്യാപാരി വ്യവസായി ഏകോപന സമിതിയും ഈ ഉന്നത നേതാവുമായി പലതവണ ചർച്ച നടത്തിയെങ്കിലും അനുകൂലമായ ഒരു തീരുമാനവും പറയാതെ തിരുനക്കരയിലെ വ്യാപാരികൾ കൊള്ളക്കാരാണെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.
ഇതിനിടയിൽ വ്യാപാരികൾ എംഎൽഎയെ സമീപിച്ചു പരാതി പറഞ്ഞെങ്കിലും എംഎൽഎയും ഉന്നത നേതാവിനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.
നഗരസഭ തെരഞ്ഞെടുപ്പ് സമയത്ത് ഭരണപക്ഷ പാർട്ടിയിലെത്തിയ നേതാവിന് ഇപ്പോൾ ഭരണമുന്നണിയിൽ വലിയ സ്വാധീനമാണുളളത്.
പൊളിക്കുന്നതിനെതിരെ വ്യാപാരികൾ പ്രതിഷേധവുമായി രംഗത്തെത്തിയതിനിടയിൽ വ്യാപാരികൾക്കിടയിൽ ഭിന്നത സൃഷ്ടിക്കാനും ഉന്നത നേതാവ് ശ്രമം തുടങ്ങിയിട്ടുണ്ട്.
പ്രതിഷേധം ശക്തമാക്കി തിരുനക്കരയിലെ വ്യാപാരികൾ
തിരുനക്കര ബസ് സ്റ്റാൻഡ് കോംപ്ലക്സ് പൊളിക്കുന്നതുമായി ബന്ധപ്പെട്ടു പ്രതിഷേധം ശക്തമാക്കി വ്യാപാരികൾ.
ഒഴിപ്പിക്കലിനെ പ്രതിരോധിക്കുന്നതുമായി ബന്ധപ്പെട്ടു നടപടികൾ സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ വ്യാപാരികളുടെ യോഗം ഉടൻ ചേരും.
മർച്ചന്റ് അസോസിയേഷൻ പ്രതിനിധികളുമായി നഗരസഭ അധികൃതർ ചർച്ച നടത്തിയതിനു ശേഷമായിരിക്കും വ്യാപാരികളുടെ യോഗം.
പുനർനിർമാണത്തിന്റെ ഭാഗമായി കോംപ്ലക്സിലെ കടമുറികളിൽനിന്ന് ഏഴു ദിവസത്തിനുള്ളിൽ ഒഴിഞ്ഞു പോകണമെന്ന നിർദേശം കഴിഞ്ഞദിവസം പൂർത്തിയായിരുന്നു.
ഈ സാഹചര്യത്തിൽ വിഷയത്തിൽ ചർച്ച നടത്തണമെന്ന് ആവശ്യവുമായി വ്യാപാരികൾ നഗരസഭയെ സമീപിച്ചുവെങ്കിലും ഇതുവരെ അനുകൂല മറുപടിയുണ്ടായിട്ടില്ല. നാളെ ചേരുന്ന കൗണ്‍സിൽ യോഗത്തിൽ വിഷയം ചർച്ചയാകുമെന്നാണ് സൂചന.
ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണു പൊളിക്കുന്നതെന്നാണ് നഗരസഭയുടെ വാദം. പൊളിക്കാതിരുന്നാൽ കോടതി അലക്ഷ്യമാകും.
പുതിയ കെട്ടിടം വരുന്പോൾ വ്യാപാരികൾക്കു സൗകര്യമേറുകയും കച്ചവടം വർധിക്കുകയും ചെയ്യുമെന്നും നഗരസഭ പറയുന്നു.
ഇരുപത് വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന സി ബ്ലോക്ക് ആദ്യം പൊളിക്കുമെന്നാണു പറയുന്നത്.
നഗരസഭയ്ക്ക് ഏറ്റവും കൂടുതൽ വാടക ലഭിക്കുന്നത് ഈ കെട്ടിടത്തിൽ നിന്നുമാണ്. ബലക്ഷയമുണ്ടെന്ന ആരോപണം ഉയർന്നതു മറുവശത്ത കെട്ടിടത്തിനാണെന്നു വ്യാപാരികൾ പറയുന്നു.
യാതൊരു തകരാറുമില്ലാത്തതാണു സി ബ്ലോക്ക്. ഏതാനും വർഷം മുൻപ് അറ്റകുറ്റപ്പണി നടത്തി മനോഹരമാക്കിയതാണ് .
നഗരസഭയ്ക്കെതിരേ ഒറ്റക്കെട്ടായി നിൽക്കുന്ന വ്യാപാരികളെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് നഗരസഭ ഇപ്പോൾ നടത്തുന്നതെന്നു വ്യാപാരികൾ ആരോപിക്കുന്നു.