വിയ്യൂര്‍: കോലഴി സിനിമാകൊട്ടകയില്‍ ഈ മാസത്തെ സിനിമ ഡെന്‍മാര്‍ക്കില്‍ നിന്നുള്ള ദി കീപ്പര്‍ ഓഫ് ലോസ്റ്റ് കോസസ് ( നഷ്ട ദൗത്യങ്ങളുടെ കാവലാള്‍ ) ആണ് . ഉദ്വേഗജനകമായ സസ്‌പെന്‍സ് ക്രൈം ത്രില്ലറായ ഈ സിനമ നാലിന് വൈകീട്ട് ആറിന് കോലഴി ഗ്രാമീണ വായനശാലയില്‍ പ്രദര്‍ശിപ്പിക്കും.
ലോകശ്രദ്ധ പിടിച്ചു പറ്റിയ ജസ്സി ആഡ്‌ലര്‍ ഓള്‍സന്‍ എഴുതിയ നോവലിന്റെ ഡാനിഷ് ഭാഷയിലെ സിനിമാവിഷ്കാരം ആണിത്. അഞ്ചുവര്‍ഷം മുമ്പത്തെ തിരോധാനത്തെ തുടര്‍ന്ന്, എല്ലാവരും ആത്മഹത്യ ചെയ്തു എന്ന് എഴുതിത്തള്ളിയ മെരറ്റ് ലിങ്ഗാര്‍ഡ് എന്ന സ്ത്രീയെ പിന്തുടരുന്ന പോലീസ് ഇന്‍സ്പക്ടറുടെയും സഹായിയുടെയും അന്വേഷണത്തിന്റെ കഥയാണ് സിനിമ പറയുന്നത്. ആളുകളോടുള്ള തന്റെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് എല്ലാവരാലും വെറുക്കപ്പെട്ട്, പണിഷ്‌മെന്റ് ട്രാന്‍സ്ഫര്‍ ലഭിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥന്‍ ആയ കാള്‍ മോര്‍ക്ക് (നിക്കോളാസ് ലീ കാസ് )ആണ് സിനിമയിലെ നായകന്‍. അന്വേഷണം എങ്ങുമെത്താതെ അവസാനിപ്പിച്ച കേസ്ഫയലുകള്‍ സൂക്ഷിക്കുന്ന കോള്‍ഡ് സ്‌റ്റോറേജിലേക്കാണ് ഇയാളെ തരംതാഴ്ത്തി മാറ്റുന്നത്. അസദ് എന്ന സഹായി എത്തി പഴയ കേസ് ഫയലുകള്‍ തപ്പുന്നതിനിടെ മെരറ്റിന്റ്‌റെ കേസ് അവരുടെ ശ്രദ്ധയില്‍പ്പെടുന്നു. ഏറെ ദുരൂഹതയുള്ള ഈ കേസിനെ ഇരുവരും പിന്തുടരുകയും ഒട്ടും പ്രതീക്ഷിക്കാത്ത വഴിത്തിരിവുകള്‍ കേസിലും ജീവിതത്തിലും ഉണ്ടാവുകയും ചെയ്യുന്നു..
മൈക്കിള്‍ നോര്‍ഗാര്‍ഡ് ആണ് സംവിധായകന്‍. 2013ല്‍ ഇറങ്ങിയ ചിത്രം ഏറെ ജനശ്രദ്ധ പിടിച്ചുപറ്റുകയും, ഈ നിരയില്‍ ഡിപ്പാര്‍ട്ട്‌മെന്‍റ് ക്യൂ സീരിസില്‍ മറ്റ് രണ്ടു സിനിമകള്‍ കൂടി പിന്നീട് വരികയും ചെയ്തു. മലയാളം സബ്‌ടൈറ്റിലോടെയാണ് ചിത്രത്തിന്റെ പ്രദര്‍ശനം.