ആരാണ് പ്രോജക്ട് മേക്കേഴ്‌സ്? മലയാള സിനിമയെ പിന്നോട്ടടിക്കുന്ന വസ്തുതകള്‍! സിനിമാ നിര്‍മ്മാണത്തിലെ കള്ളക്കളികളെക്കുറിച്ചറിയാം.

top-10-father-and-son-actors-in-the-malayalam-cinemaനൂറുകണക്കിനാളുകളുടെ അദ്ധ്വാനത്തിന്റെയും ത്യാഗത്തിന്റെയും ഫലമായാണല്ലോ ഒരു സിനിമ പുറത്തിറങ്ങുന്നത്. എന്നാല്‍ സ്വാര്‍ത്ഥതയും അത്യാഗ്രഹവും കൈമുതലാക്കിയ ഏതാനും പേരുടെ പ്രവര്‍ത്തനങ്ങള്‍ സിനിമാ മേഖലയില്‍ മായം കലര്‍ത്തുന്ന കാഴ്ചയാണ് നമുക്ക് കാണാനാവുന്നത്. ഇത്തരം പ്രവര്‍ത്തികള്‍ കൂടുതലുള്ളത് മലയാള സിനിമയിലാണെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

പ്രോജക്ട് മേക്കേഴ്‌സ് എന്ന പേരില്‍ അറിയപ്പെടുന്ന സിനിമാ നിര്‍മാതാക്കളാണ് ഇത്തരത്തില്‍ മലയാള സിനിമയുടെ വളര്‍ച്ചയ്ക്ക് ശാപമായി മാറിക്കൊണ്ടിരിക്കുന്നത്. തിയറ്ററില്‍ ആളു കയറി ലാഭമുണ്ടാകണമെങ്കില്‍ ഒന്നാം നിര താരങ്ങള്‍ സിനിമയില്‍ ഉണ്ടാകണമെന്നാണ് ഇത്തരക്കാര്‍ കരുതുന്നത്. ഇത്തരക്കാര്‍ക്ക് താരത്തിന്റെ ഡേറ്റ് കിട്ടുക എന്നത് മാത്രമാണ് പ്രധാനം. ഒന്നുകില്‍, തിരക്കഥാകൃത്തും സംവിധായകനും കൂടി താരത്തെ കണ്ട് ഏകദേശ കഥപറഞ്ഞ് താരത്തെ ബോധ്യപ്പെടുത്തും. താരത്തിന് ഇഷ്ടമായാല്‍ പ്രോജക്ട് കമ്മിറ്റ് ചെയ്യും. ചിലപ്പോള്‍ താരം തന്നെ ചില മാറ്റങ്ങള്‍ നിര്‍ദേശിക്കും. ഇതോടെയാണ് പ്രോജക്ട് ഓണ്‍ ആകുന്നത്. ഓണായ പ്രോജക്ടിനുവോണ്ടി നിര്‍മ്മാതാക്കള്‍ എത്ര കോടി വേണമെങ്കിലും ചിലവാക്കും. ചിലപ്പോള്‍ സംവിധായകനും തിരക്കഥാകൃത്തിനും നിര്‍മ്മാതാവിന്റെ വക പ്രതിഫലവും കിട്ടും.

അല്ലെങ്കില്‍, പ്രോജക്ട് മേക്കേഴ്‌സ് എന്ന പേരില്‍ അറിയപ്പെടുന്ന വര്‍ കഥ പറയാതെ തന്നെ താരങ്ങളുടെ ഡേറ്റ് സംഘടിപ്പിക്കും. താരങ്ങളെ കൈയ്യിലെടുത്താണ് ഇത്തരത്തില്‍ ഡേറ്റ് ഒപ്പിക്കുന്നത്. ഇങ്ങനെ കിട്ടിയ ഡേറ്റ് ഉപയോഗിച്ച് നിര്‍മ്മാതാക്കള്‍ സംവിധായകരെയും തിരക്കഥാകൃത്തുക്കളെയും ആകര്‍ഷിക്കും. മൂന്നാം നിരക്കാരയവര്‍ മാത്രമെ ഈ വലയില്‍ വീഴാറുള്ളു. പിന്നീട് ഒരു കഥ തട്ടിക്കൂട്ടും. അതിന്‌ശേഷം പുതിയ നിര്‍മാതാക്കള്‍ക്ക് ഈ പ്രോജക്ട് വന്‍ ലാഭത്തില്‍ മറിച്ച് വില്‍ക്കും. ഇതാണ് പ്രോജക്ട് മേക്കേഴ്‌സിന്റെ കളി.

പണം മുടക്കാതെ നിര്‍മ്മാതാവാകുന്നവരും ഉണ്ട്. വിദേശത്തും മറ്റും ഉള്ളവരാകും പണം ഇറക്കുന്നത്. എന്നാല്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് മറ്റാരെങ്കിലുമാവും. എത്ര ചെലവായി എത്ര ചെലവാകും എന്നതിനേക്കുറിച്ചൊന്നും ഒറിജിനല്‍ നിര്‍മ്മാതാവിന് അറിവുണ്ടാകണമെന്നില്ല. നിര്‍മ്മാതാവറിയാതെ വീഡിയോ റൈറ്റ് വില്‍ക്കുന്നതും  തിയറ്ററുകളില്‍ നിന്ന് അഡ്വാന്‍സായി തുക കൈപ്പറ്റുന്നതും പതിവാണ്. ഇങ്ങനെ വരുമ്പോള്‍ പടം ഹിറ്റായാല്‍പ്പോലും നിര്‍മ്മാതാവിന് നഷ്ടം മാത്രമായിരിക്കും ഫലം. ബാക്കി എല്ലാവര്‍ക്കും പ്രതിഫലവും ലാഭവും ആവശ്യത്തില്‍ കൂതല്‍ കിട്ടുകയും ചെയ്യുന്നു.

മലയാള സിനിമയിലെ മറ്റൊരു ശാപമാണ് കമ്മീഷന്‍. ഇവിടെ എന്ത് തൊട്ടാലും കമ്മീഷനാണ്. 25000 മുതല്‍ 50000 വരെ വാടകയുള്ള ഷൂട്ടിംങ്ങ് ലൊക്കേഷനുകള്‍ ഏര്‍പ്പാടാക്കുന്നതിന് 10000 മുതല്‍ 20000 വരെ ഇടപാടുകാര്‍ കമ്മീഷനടിക്കും. ലൊക്കേഷനില്‍ എത്തിക്കുന്ന കുപ്പിവെള്ളത്തില്‍ നിന്നു പോലും ലാഭം കൊയ്യുന്ന ഇടനിലക്കാരുണ്ട്. സഹതാരങ്ങളുടെ ഡേറ്റ് സംഘടിപ്പിച്ച് നല്‍കി കമ്മീഷന്‍ തട്ടുന്നവരുമുണ്ട്. ഒരു സിനിമ നിര്‍മ്മിച്ചപ്പോള്‍ കമ്മീഷന്‍ ഇനത്തില്‍ മാത്രം 50 ലക്ഷം മുടക്കിയ നിര്‍മാതാക്കള്‍ പോലുമുണ്ട് എന്ന് പറയുമ്പോള്‍ കാര്യത്തിന്റെ ഗൗരവം മനസിലാവും.

സിനിമാ മേഖലയെക്കുറിച്ച് ആവശ്യത്തിന് അറിവും പരിചയവും ഇല്ലാത്തവര്‍ക്കാണ് കൂടുതല്‍ അക്കിടികളും അബദ്ധവും സംഭവിക്കാറ്.

Related posts