കോട്ടയം: കനത്ത പുകയും പൊടിയും നിറഞ്ഞ സിനിമാ ആക്ഷൻ വർക്ക് ഷോപ്പിലേക്ക് മന്ത്രി കെ.ടി. ജലീൽ എത്തിപ്പോൾ ചിത്രീകരണത്തിന് തയാറെടുക്കുകയായിരുന്നു കെ. ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾ. തീവ്രവാദികളുടെ ആക്രമണത്തിൽപ്പെടുന്ന പ്രദേശവാസികളെ പട്ടാളക്കാർ രക്ഷപ്പെടുത്തുന്ന സാഹസിക രംഗത്തിന്റെ വർക്ക്ഷോപ്പായിരുന്നു ചിത്രീകരിച്ചിരുന്നത്.
പ്രദേശത്തിനും ആളുകൾക്കും തീവ്രവാദികൾ തീവയ്ക്കുന്നത് ലൈവായി ചിത്രീകരിച്ചായിരുന്നു പരിശീലനം. ഇതിനിടയിലൂടെ അപകടത്തിൽപ്പെട്ട കുഞ്ഞിനെ രക്ഷിക്കുന്നതും ചിത്രീകരിച്ചു. ചിത്രീകരിക്കുന്നതിനെടുക്കുന്ന തയാറെടുപ്പുകൾ മുതൽ മന്ത്രി വീക്ഷിച്ചു. കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിലെ പി. പദ്മരാജൻ ലൈബ്രറി ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് വിദ്യാർഥികളുടെ ഷൂട്ടിംഗ് പരിശീലനം അദ്ദേഹം ആസ്വദിച്ചത്.
ഡയറക്ഷൻ, എഡിറ്റിംഗ്, സിനിമാറ്റോഗ്രഫി, ആനിമേഷൻ ആൻഡ് വിഷ്വൽ ഇഫക്ട്, ഓഡിയോഗ്രഫി, ആക്ടിംഗ് എന്നീ കോഴ്സുകളിലെ അവസാന വർഷ വിദ്യാർഥികളാണ് വർക്ക്ഷോപ്പ് നടത്തിയത്. കെ.ആർഎൻ ചെയർമാൻ എസ്. ഹരികുമാറും ഡയറക്ടർ കെ. അന്പാടിയും സന്നിഹിതരായിരുന്നു.