മലയാള സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ലഹരിയുടെ തടവറയിലാണോ? കൊക്കെയ്നും ചരസും നമ്മുടെ ന്യൂജന്‍ സിനിമക്കാരുടെ കൂട്ടുകാരായോ? മയക്കുമരുന്ന് ഉപയോഗം സിനിമക്കാര്‍ക്കിടയില്‍ വര്‍ധിക്കാന്‍ കാരണമെന്താണ്? സിനിമയിലെ അണിയറക്കാരുടെ ലഹരി ഉപയോഗത്തെക്കുറിച്ച് രാഷ്ട്രദീപിക നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകള്‍ ആരെയും ഞെട്ടിക്കുന്നതാണ്.
തിരുവനന്തപുരവും കോഴിക്കോടും വിട്ട് മലയാളസിനിമ കൊച്ചിയിലേക്ക് കേന്ദ്രീകരിക്കപ്പെട്ടു. എന്തും ഏതും ഞൊടിയിടയില്‍ കൈവെള്ളയിലെത്തുന്ന മെട്രോ നഗരത്തില്‍ ന്യൂജന്‍ പിള്ളേര് സിനിമയുടെ കാര്യക്കാരായി. കൊച്ചി നഗരത്തിലെ ഫഌറ്റുകള്‍ മിക്കതും ഇപ്പോള്‍ സിനിമയുമായി ബന്ധപ്പെട്ടവരുടെ താവളങ്ങളാണ്. രാവും പകലും ആളുകള്‍ വന്നുപൊയ്ക്കൊണ്ടിരിക്കുന്നു. നീലാകാശം, പച്ചക്കടല്‍, ചുവന്ന ഭൂമി എന്ന സിനിമയുടെ തിരക്കഥാകൃത്തിനെ പോലീസ് പിടിച്ചിട്ട് അധികനാളായില്ല. ലഹരി മൂത്ത് ഉടുതുണി പോലുമില്ലാതെ തൊട്ടടുത്ത ഫഌറ്റില്‍ താമസിച്ച വീട്ടമ്മയെ കയറിപ്പിടിച്ചതിനായിരുന്നു ഇത്. ഫഌറ്റുകളില്‍ പ്രശ്നം സൃഷ്ടിക്കാന്‍ തുടങ്ങിയതോടെ പലരും സിനിമക്കാര്‍ക്ക് ഫഌറ്റ് കൊടുക്കാതായി.
അടുത്തിടെയാണ് ന്യൂജന്‍ സിനിമകളിലെ അവിഭാജ്യഘടകമായ ഒരു യുവനടനെ ഇന്റര്‍വ്യൂ ചെയ്യാന്‍ കൊച്ചിയിലെ ഒരു മാധ്യമപ്രവര്ത്തകന് താരത്തിന്റെ ഫഌറ്റിലെത്തിയത്. ന്യൂജന്‍ സിനിമയിലെ നായകന്റെ റൂമിനേക്കാള്‍ വൃത്തികേടായി കിടക്കുന്ന റൂമില്‍ പാതിയടഞ്ഞ കണ്ണുമായി യുവനടന് ഇരിപ്പുണ്ട്. കലങ്ങിയ കണ്ണുകളില്‍നിന്നു ലഹരി വിട്ടൊഴിഞ്ഞിട്ടില്ല. രണ്ടു മണിക്കൂറോളം കാത്തിരുന്നെങ്കിലും ഇന്റര്‍വ്യു നടക്കില്ലെന്നു കണ്ട് മാധ്യമപ്രവര്ത്തകന് തിരിച്ചുപോയി. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ഒരു വര്‍ഷം മുമ്പാണ് നടന് ഷൈന്‍ ടോം ചാക്കോ കൊച്ചിയിലെ ഫഌറ്റില്‍ നിന്നും കൊക്കെയ്നുമായി പിടിയിലാകുന്നത്.
താരങ്ങള്‍ക്കിടയിലെ ലഹരി ഉപയോഗം അപകടകരമാംവിധം വര്‍ധിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് താരസംഘടനയായ അമ്മയിലെ ഉന്നതവ്യക്തി പറയുന്നു. താരങ്ങള്‍ക്ക് ബോധവല്ക്കരണക്ലാസുകള് നല്‍കുന്നതിനുള്ള ആലോചനയുണ്ട്. അടുത്ത ജനറല്‍ബോഡിയില്‍ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.