സിനിമയില്‍ അഭിനയിപ്പിക്കാമെന്നു വാഗ്ദാനം നല്കി യുവതിയായ ഡോക്ടറെ പീഡിപ്പിക്കുകയും പണം തട്ടുകയും ചെയ്ത കേസില്‍ പിടിയിലായ സിനിമാ കാമറാമാന് നടത്തിയത് ഞെട്ടിക്കുന്ന തരത്തിലുള്ള പ്രവൃത്തികള്‍. പെണ്‍കുട്ടിയെ സൂപ്പര്‍സ്റ്റാറാക്കാന്‍ നഗ്നപൂജയും ആഭിചാരക്രിയയും ഇയാള്‍ നടത്തി. സിനിമാ മേഖലയില്‍ തനിക്കു ബന്ധമുണ്ടെന്നും സിനിമയില്‍ അവസരം വാങ്ങി നല്കാന് സാധിക്കുമെന്നും യുവതിയെ വിശ്വസിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇയാള്‍ ആഭിചാരക്രിയകള്‍ നടത്തിയെന്നാണു വിവരം. സിനിമയില്‍ നായികാവേഷം വാഗ്ദാനം ചെയ്തു യുവതിയെ പീഡിപ്പിക്കുകയും 33 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്തുവെന്ന കേസില്‍ കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം അവിട്ടംപിള്ളി ജിന്സണ് ലോനപ്പനെ(33)യാണു നോര്‍ത്ത് പോലീസ് ഇന്നലെ പിടികൂടിയത്.
എറണാകുളം സ്വദേശിനിയും യുഎസില്‍ ഡോക്ടറുമായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. യുവതിയുടെ വേലക്കാരിയെ പാട്ടിലാക്കി യുവതിയുടെ കുടുംബപശ്ചാത്തലവും മറ്റും ഇയാള്‍ നേരത്തെതന്നെ മനസിലാക്കിയിരുന്നു. പിന്നീട് കുടുംബകാര്യങ്ങള്‍ സംബന്ധിച്ച് പ്രതി യുവതിയെ അറിയിച്ചു. ഇക്കാര്യങ്ങള്‍ തന്റെ അതീന്ദ്രിയശക്തിയാല്‍ അറിഞ്ഞതാണെന്നാണു യുവതിയെ അറിയിച്ചത്. തുടര്‍ന്ന് ഇവര്‍ തമ്മില്‍ കൂടുതല്‍ അടുപ്പത്തിലായി. ഇതിനിടെ സിനിമയില്‍ നല്ല വേഷം ലഭിക്കുന്നതിനുള്ള പൂജയെന്നു ധരിപ്പിച്ച് യുവതിയുടെ ഫ്ലാറ്റില്‍ ഇയാളുടെ നേതൃത്വത്തില്‍ ചില ആഭിചാരക്രിയകളും നടത്തിയെന്നാണു വിവരം. കൂടുതല്‍ മികച്ച റോളുകള്‍ കിട്ടാനായി നഗ്നപൂജ ഉള്‍പ്പെടെയുള്ള കാര്യങ്ങളും ഇയാള്‍ നടത്തി.
സിനിമയില്‍ സ്വാധീനമുണ്ടെന്നും കാമറമാനാണെന്നും പറഞ്ഞാണു ജിന്സണ് യുവതിയെ വലയിലാക്കിയത്. അഭിനയ മോഹവുമായി കൊച്ചിയിലെ ഫ്ലാറ്റില്‍ താമസിക്കുമ്പോാഴാണു യുവതി ഇയാളുമായി പരിചയപ്പെടുന്നത്. പിന്നീട് വൈറ്റിലയിലെ ഫ്ളാറ്റിലും വിവിധയിടങ്ങളിലുംവച്ചും സംവിധായകര്‍ക്കു നല്കാനാണെന്നു തെറ്റിദ്ധരിപ്പിച്ചു നഗ്നചിത്രങ്ങളുള്പ്പെടെ പകര്‍ത്തിയെന്നും ലൈംഗീകമായി പീഡിപ്പിച്ചെന്നുമാണു പരാതിയില്‍ പറയുന്നത്. രണ്ടു സിനിമയില്‍ അസി. കാമറാമാനായി പ്രവര്‍ത്തിച്ചിട്ടുള്ള പ്രതി ഇതിനോടകം സിനിമാ മേഖലയിലെ പലര്‍ക്കും നല്‍കാനെന്നുപറഞ്ഞു യുവതിയില്‍നിന്നു പണവും തട്ടിയെടുത്തിരുന്നു. ഇതിനിടെ തമിഴ് സിനിമയില്‍ യുവതിക്കു സ്വന്തം നിലയ്ക്കു വേഷം ലഭിച്ചു.
ഒരു വര്‍ഷമായിട്ടും വാഗ്ദാനം പാലിക്കാത്തതിനാല്‍ ഇയാളോടു യുവതി പണം തിരികെ ആവശ്യപ്പെട്ടെങ്കിലും കൊടുക്കാന്‍ തയാറായില്ല. ഇയാള്‍ക്കു മറ്റൊരു സ്ത്രീയുമായുള്ള ബന്ധം അറിഞ്ഞതോടെയാണു താന്‍ വഞ്ചിക്കപ്പെടുകയാണെന്നു മനസിലായതെന്നും യുവതി പരാതിയില്‍ പറയുന്നു. അറസ്റ്റിലായ ജിന്‍സണു ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. മലയാളത്തിലും തമിഴിലുമായി രണ്ടു ചിത്രങ്ങളില്‍ കാമറ ജോലികള്‍ ചെയ്തിരുന്നു. അടുത്തകാലത്തു ചിത്രീകരണം നടന്ന പ്രമുഖ യുവനടന്റെ ചിത്രത്തില്‍ അസിസ്റ്റന്റ് കാമറമാനായിരുന്നു. പരാതിക്കാരിയെകൊണ്ടു ഫോണില്‍ വിളിപ്പിച്ചു കത്രിക്കടവില്‍ എത്തിച്ചാണു പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്.