കോഴിക്കോട്: തിയറ്ററുകള്‍ തുറക്കുന്നതില്‍ ഇപ്പോഴും അവ്യക്തത തുടരുന്നതിനിടെ കൂടുതല്‍ സിനിമകള്‍ ഒടിടി പ്ലാറ്റ് ഫോമിലേക്ക്. തിയറ്ററുകള്‍ പ്രതീക്ഷിച്ചു ചിത്രീകരണം ആരംഭിച്ച ജയസൂര്യ ചിത്രം ‘സണ്ണി’ ഇന്ന് ഓണ്‍ ലൈന്‍ പ്ലാറ്റ് ഫോമില്‍ റിലീസാകും.
രഞ്ജിത്ത് ശങ്കര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന, ജയസൂര്യയുടെ നൂറാമത്തെ സിനിമയാണിത്. കഴിയാഴ്ച ബോബി -സഞ്ജയ് ടീം തിരക്കഥയൊരുക്കിയ ടോവിനോ-സുരാജ് വെഞ്ഞാറമ്മൂട് ചിത്രം ‘കാണെക്കാണെ’യും ഓണ്‍ലൈനില്‍ റിലീസ് ചെയ്തിരുന്നു.
തിയറ്ററുകള്‍ തുറന്നാല്‍ തന്നെ സൂപ്പര്‍താര ചിത്രങ്ങളടക്കം ഒരു പിടിചിത്രങ്ങള് റിലീസിനായി തയാറെടുക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഓണ്‍ലൈന്‍പ്ലാറ്റ് ഫോം തന്നെയാണ് നല്ലതെന്ന അഭിപ്രായമാണ് ചെറുചിത്രങ്ങളുടെ അണിയറക്കാര്‍ പങ്കുവയ്ക്കുന്നത്.
കഴിഞ്ഞ ഒരുമാസത്തിനിടെ മികച്ച പ്രേക്ഷക പ്രശംസ നേടിയ മൂന്നു മലയാളം ചിത്രങ്ങള്‍ ഓണ്‍ ലൈനില്‍ റിലീസ് ചെയ്തുകഴിഞ്ഞു. സുരേഷ് ഗോപിയുടെ തിരിച്ചുവരവാകുമെന്ന് കരുതപ്പെടുന്ന നിതിൻ രണ്‍ജിപണിക്കര്‍ സംവിധാനം ചെയ്യുന്ന കാവല്‍ ഓണ ലൈന്‍ റിലീസിന് തയാറെടുക്കുന്നുവെന്ന വാര്‍ത്തയും പുറത്തുവരുന്നുണ്ട്.
അതേസമയം കോവിഡ് മാറി ഓണത്തിനു തിയറ്ററുകളില്‍ എത്തുമെന്നു കരുതപ്പെട്ടിരുന്ന ബി. ഉണ്ണികൃഷ്ണന് മോഹന്‍ലാല്‍ ചിത്രം ആറാട്ട് ഇപ്പോഴും തിയറ്റര്‍ റിലീസ് കാത്തുനില്‍ക്കുകയാണ്. ചിത്രം ഓണ്‍ ലൈനില്‍ റിലീസ് ചെയ്യില്ലെന്നും തിയറ്ററുകളില്‍ തന്നെ റിലീസ് ചെയ്യുമെന്നുമാണ് സംവിധായകന് പറയുന്നത്.
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രീകരണം പൂര്‍ത്തിയായ മോഹന്‍ലാല്‍ ചിത്രം ബ്രോ-ഡാഡി, ജിത്തുജോസഫ് -മോഹന്‍ലാല്‍ ചിത്രം റ്റിയുവല്ത്ത് മാന്‍ എന്നിവയും വിനയന്റെ ബിഗ് ബജറ്റ് ചിത്രം, 19-ാം നൂറ്റാണ്ട്, ദിലീപ് -നാദിര്‍ഷാ ചിത്രം ,തുടങ്ങി മറ്റു മുന്‍നിര നായക നടന്മാരുടെ ചിത്രങ്ങള്‍ തിയറ്ററുകള്‍ തുറന്നാല്‍ നിരനിരയായി എത്തും.
ഇതിനുപുറമേ ഇതരഭാഷാ ചിത്രങ്ങളുടെ തള്ളിക്കയറ്റവും ഉണ്ടാകും. ഈ സാഹചര്യത്തിലാണ് കൊച്ചുചിത്രങ്ങള്‍ ഓണ്‍ ലൈന്‍ പ്ലാറ്റ് ഫോം സാധ്യതകള്‍ തേടുന്നത്.