വൈപ്പിന്‍: കോവിഡ് രണ്ടാംതരംഗം വ്യാപകമായതിനെ തുടര്‍ന്ന് ഏപ്രില്‍ 24 മുതല്‍ അടച്ചിട്ട സിനിമാ തിയറ്ററുകള്‍ ഇന്നലെ തുറന്നു. ക്ലീനിംഗുകളും മറ്റും പൂര്‍ത്തിയാക്കി. നാളെ മുതലാണ് പ്രദര്‍ശനം ആരംഭിക്കുന്നത്. ചില തീയറ്ററുകള്‍ 28നാകും പ്രദര്‍ശനം തുടങ്ങുക. ഇതിനു മുന്നോടിയായിട്ടാണ് തീയറ്ററുകള്‍ തുറന്നത്.
ആധുനികസംവിധാനങ്ങളോടുകൂടിയ തിയറ്ററുകളായതിനാല് പ്രൊജക്ടറുകള്‍ സംരക്ഷിക്കാനായി അടഞ്ഞു കിടന്ന സമയങ്ങളിലും ഇടക്കിടെ തിയറ്ററിൽ ചിത്രങ്ങളുടെ ട്രെയ്ലറുകള് ഓടിക്കുന്നുണ്ടായിരുന്നു. കടുത്ത സാമ്പത്തിക ബാധ്യതകള്‍ക്കിടയിലും തിയറ്റർ ഉടമകൾ ഇതിനായി ജീവനക്കാരെ നില നിര്‍ത്തിയിരുന്നു.
ജെയിംസ് ബോണ്ട് ചിത്രം നോ ടൈം ടു ഡൈ, വെനം 2 എന്നീ ഇംഗ്ലീഷ് ചിത്രങ്ങളും ശിവകാര്ത്തികേയൻ നായകനാവുന്ന തമിഴ് ചിത്രം ഡോക്ടര്‍, പ്രഥിരാജ് ഗസ്റ്റ് റോളില്‍ വരുന്ന ജോജു ചിത്രമായ സ്റ്റാര്‍ എന്നിവയാണ് പ്രദര്‍ശനത്തിനായി ആദ്യം എത്തുക.
തുടര്‍ന്ന് ദുല്‍ക്കര്‍ സല്‍മാന്റെ കുറുപ്പ് എന്ന സിനിമയും എത്തും. ഇതിനിടയില്‍ അജഗജാന്തരവും റിലീസിനെത്തുമെന്ന് പറയപ്പെടുന്നു.ആദ്യമുണ്ടായിരുന്നതു പോലെ ഒന്നിടവിട്ട സീറ്റുകളിലായി ഒരു ഷോയ്ക്ക് 50 ശതമാനം പേരെ മാത്രമെ കയറ്റുകയുള്ളു. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമുള്ള സജീകരണങ്ങള്‍ എല്ലാം തീയറ്ററുകളിലും ഏർപ്പെടുത്തിയിട്ടുണ്ട്.
ആദ്യ തരംഗത്തിനുശേഷം തീയറ്ററുകള്‍ തുറന്നപ്പോള്‍ കുടുംബ പ്രേക്ഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ മടിയും ഭയവും കൂടാതെ തിയറ്ററുകളില്‍ എത്തിത്തുടങ്ങിയിരുന്നതിനിടയിലാണ് രണ്ടാം തരംഗം എത്തിയത്. നല്ല ചിത്രങ്ങള്‍ ആണെങ്കില്‍ പ്രേക്ഷകര്‍ ഭയപ്പാടില്ലാതെ തന്നെ തീയറ്ററുകളില്‍ എത്തുമെന്ന പ്രതീക്ഷ ഇക്കുറിയും തീയറ്ററുടമകള്ക്കുണ്ട്.
മാത്രമല്ല നല്ലൊരു ശതമാനം ആളുകളും കോവിഡ് വാക്സീന് സ്വീകരിച്ചവരായതിനാല്‍ കോവിഡിനെ ഭയപ്പെടേണ്ട സാഹചര്യവും ഇപ്പോഴില്ലെന്ന് അയ്യമ്പിള്ളി കെ. സിനിമാസ് ഉടമ എ.ബി. ഉല്ലാസ് പറയുന്നു.ആദ്യതരംഗത്തില്‍ മാര്‍ച്ച് 23 നു അടച്ച തീയറ്ററുകള്‍ ജനുവരിയില്‍ വിജയ് സിനിമയുടെ റീലീസിംഗോടെ തുറന്നതാണ്.
പിന്നീടാണ് രണ്ടാം തരംഗം എത്തിയതോടെ വീണ്ടും അടച്ചു. ഇതിനിടയില്‍ ദി പ്രീസ്റ്റ്, വണ്‍ എന്നീ രണ്ട് ഹിറ്റ് മമ്മൂട്ടി സിനിമകളും, മഞ്ജുവാര്യരുടെ ചതുര്‍മുഖം, കുഞ്ചാക്കോ ബോബന്റെ നായാട്ട്, നിഴൽ എന്നീ സിനിമകളും ജയസൂര്യക്ക് അവാര്‍ഡ് സംസ്ഥാന അവാര്‍ഡ് വാങ്ങിക്കൊടുത്ത വെള്ളം എന്ന സിനിമയുമാണ് പ്രദര്‍ശനത്തിനെത്തിയത്. ദി മോര്‍ട്ടല്‍ കോംപാക്ട് എന്ന ഇംഗ്ലീഷ് സിനിമ കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് തീയറ്ററുകള്‍ അടച്ചത്.