കൊച്ചി: മലയാള സിനിമ തിരിച്ചുവരവിന്റെ പാതയിലെന്ന് ആശ്വസിക്കുന്നതിനിടെ തിയറ്ററുകൾക്ക് തിരിച്ചടിയായി ഒാൺലൈൻ ഏജൻസികളുടെ വരവ്.
സിനിമകളുടെ ഒാൺലൈൻ അവകാശം വാങ്ങുന്ന ഏജൻസികൾ തിയറ്റർ വിടും മുന്‍പാണ് സിനിമകൾ വില്‍ക്കുന്നത്. അടുത്തിടെ ഇറങ്ങിയ മമ്മൂട്ടിയുടെ ഷൈലോക്ക് എന്ന ചിത്രം ഇപ്പോഴും തിയറ്ററുകളിലുണ്ട്. എന്നാൽ ഇൗ ചിത്രത്തിന്റെ ഒാൺലൈൻ പതിപ്പ് ഇറങ്ങുകയും ചെയ്തു. അതോടെ തിയറ്റർ കളക്ഷൻ കുറയുകയും ചെയ്തു.
റിലീസ് കഴിഞ്ഞ് 60 ദിവസമെങ്കിലും കഴിഞ്ഞേ ചിത്രം ഒാൺലൈനിൽ പ്രദർശിപ്പിക്കാകൂവെന്ന് കരാറുണ്ട്. എന്നാൽ ഇപ്പോൾ ഇതൊന്നും പാലിക്കാറില്ലെന്ന് മാത്രം. ചില ബഹുരാഷ്ട്ര ഒാൺലൈൻ പ്ലാറ്റ്ഫോമുകൾ മലയാള സിനിമകൾ വലിയ തുക നല്‍കിയാണ് വാങ്ങിയിരിക്കുന്നത്.
ഇവർ ചൂടാറും മുന്‍പ് സിനിമകൾ ഒാൺലൈനിലെത്തിക്കുന്നു. മലയാള സിനിമയിൽ എണ്ണപ്പെരുപ്പവും വൻ നഷ്ടങ്ങളും അപൂർവം ഹിറ്റുകളും നിറഞ്ഞതായിരുന്നു കഴിഞ്ഞ വർഷം. 192 സിനിമകൾ തിയറ്ററിൽ റിലീസ് ചെയ്തതിൽ 23 എണ്ണത്തിനു മാത്രമാണു മുടക്കുമുതൽ തിരിച്ചു കിട്ടിയത്. 12 ശതമാനം മാത്രം.
800 കോടിയിലേറെ ഈ സിനിമകളിലായി നിക്ഷേപം നടന്നിട്ടുണ്ടെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കണക്കാക്കുന്നു. അതിൽ 550 കോടിയിലേറെ നഷ്ടം. മുടക്കുമുതല്‍ തിരിച്ചുകിട്ടിയ 23 ചിത്രങ്ങളില്‍ കേവലം 7 എണ്ണം മാത്രമാണ് തിയേറ്ററുകളില്‍ കളക്ഷന്‍ കൊണ്ട് മാത്രം അത് നേടിയത്.
ബാക്കിയുള്ളവയെല്ലാം സാറ്റലൈറ്റ്, ഡിജിറ്റല്‍ അവകാശങ്ങളില്‍ നിന്നെല്ലാമുള്ള വരുമാനം നേടിയിട്ടാണ് മുടക്കുമുതല്‍ തിരിച്ചുപിടിക്കുന്ന തരത്തിലെങ്കിലും എത്തിച്ചേര്‍ന്നത്. ഈ വര്‍ഷം റിലീസ് ചെയ്ത ചിത്രങ്ങളില്‍ 10 കോടിയിലേറെ മുതല്‍ മുടക്കുള്ള ചിത്രങ്ങള്‍ 12 എണ്ണമാണ്.
തിയറ്ററുകളെ ആശ്രയിക്കാതെ മറ്റു മാർഗങ്ങളിലൂടെ വരുമാനം നേടാനുള്ള നിർമാതാക്കളുടെ നീക്കമാണ് തിയറ്റുകൾക്ക് തിരിച്ചടിയാകുന്നത്.