കൊണ്ടോട്ടി: നഗരത്തിലെ സിനിമാ തിയറ്റർ വരുത്തിയ ലക്ഷക്കണക്കിനു രൂപയുടെ നികുതി കുടിശിക പലിശ സഹിതം ഈടാക്കാൻ കൊണ്ടോട്ടി നഗരസഭാ കൗണ്‍സിൽ യോഗം തീരുമാനിച്ചു.
കൊണ്ടോട്ടി കവിതാ തിയേറ്ററിൽ ടിക്കറ്റിൽ കൃത്രിമം നടത്തിയതായി വിജിലൻസ് കണ്ടെത്തിയ 570583 രൂപയാണ് പലിശ സഹിതം തിരിച്ചുപിടിക്കാൻ കൗണ്‍സിൽ യോഗം തീരുമാനിച്ചത്. 2016 നവംബർ 30 നാണ് വിജിലൻസ് സംഘം മിന്നൽ പരിശോധന നടത്തിയത്.
ഒക്ടോബർ ഏഴ് മുതൽ നവംബർ 17 വരെ ടിക്കറ്റ് വിതരണം ചെയ്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. കേസിൽ നഗരസഭയോടു ഉചിതമായ തീരുമാനമെടുക്കാൻ കോടതി നിർദേശിച്ചിരുന്നു. തുടർന്നു നഗരസഭ ഉപസമിതി രൂപവത്കരിച്ചാണ് നടപടികൾ ആസൂത്രണം ചെയ്തത്. ഉപസമിതി നിർദേശിച്ച പ്രകാരം ക്രമക്കേട് കണ്ടെത്തിയ തുകയും 12 ശതമാനവും തിരിച്ചുപിടിക്കണമെന്ന ഉപസമിതിയുടെ തീരുമാനം നഗരസഭാ കൗണ്‍സിൽയോഗം അംഗീകരിക്കുകയായിരുന്നു.
30 ദിവസത്തിനുള്ളിൽ തുക അടച്ചാൽ ലൈസൻസ് പുതുക്കി നൽകാനും തീരുമാനിച്ചിട്ടുണ്ട്. കരിപ്പൂർ വിമാനത്താവളറോഡിൽ തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കുന്നതിനു കരാർ ഏറ്റെടുത്ത എറണാകുളത്തെ സെഞ്ച്വറി കമ്മ്യൂണിക്കേഷൻ കന്പനിക്കെതിരേ നിയമനടപടി സ്വീകരിക്കാനും കൗണ്‍സിൽയോഗം തീരുമാനിച്ചു. തെരുവ് വിളക്കുകൾ പരിപാലിക്കുകയോ പ്രകാശിപ്പിക്കുകയോ ചെയ്യാത്ത കന്പനിക്കെതിരേ നിരവധി പരാതികൾ ഉയർന്നിരുന്നു. ഇവരുടെ പത്തു വർഷത്തെ കരാർ 2020 ഏപ്രിൽ രണ്ടിനാണ് അവസാനിക്കുക.
കരാർ റദ്ദാക്കുമെന്നു അറിയിച്ച് നഗരസഭ നേരത്തെ കത്തു നൽകിയിരുന്നെങ്കിലും കന്പനി കോടതിയിൽ നിന്ന് സ്റ്റേ ഉത്തരവ് വാങ്ങിയിരിക്കുകയാണ്. കന്പനിക്കെതിരേ നിയമനടപടി കൈക്കൊള്ളാനും കരിന്പട്ടികയിൽ ഉൾപ്പെടുത്താനും തീരുമാനിച്ചു. കന്പനിയുടെ കരാർ ലംഘനത്തെ കുറിച്ച് വിവിധ വകുപ്പുകളെയും ഏജൻസികളെയും അറിയിക്കാനും തീരുമാനിച്ചു.
നഗരസഭ ചെയർപേഴ്സണ്‍ കെ.സി. ഷീബ അധ്യക്ഷയായിരുന്നു. കെ.ആയിഷാബി, യു.കെ മമ്മദീശ, പി. അഹമ്മദ് കബീർ, എ. മുഹമ്മദ്ഷാ, സൗദാമിനി, കെ.കെ. അസ്മാബി, ചുക്കാൻ ബിച്ചു, കെ.കെ. സമ്മദ്, പി. അബ്ദുറഹ്മാൻ, ഇ.എം. റഷീദ്, സി. മുഹമ്മദ് റാഫി എന്നിവർ സംസാരിച്ചു.