കൊച്ചി: കാലടി ശിവരാത്രി മണപ്പുറത്ത് സിനിമാ ചിത്രീകരണത്തിനായി നിര്‍മിച്ച സെറ്റ് തകര്‍ത്ത സംഭവത്തില്‍ പിടിയിലായ പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും.
സംഭവത്തില്‍ അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്റെ (എഎച്ച്പി) യുവജനവിഭാഗമായ രാഷ്ട്രീയ ബജ്റംഗ്ദള്‍ എറണാകുളം വിഭാഗം പ്രസിഡന്റ് മലയാറ്റൂര്‍ സ്വദേശി വെട്ടിക്കാട്ടില്‍ രതീഷ് (37), കാലടി സ്വദേശി രാഹുല്‍ എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതികളെ ഇന്ന് പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. ഇവരെ ചോദ്യം ചെയ്തതില്‍നിന്നും മറ്റു പ്രതികളെക്കുറിച്ചുള്ള വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.
12 ഓളം പേർ ചേർന്നാണ് സെറ്റ് തകര്‍ത്തത്. ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും ഉടന്‍ തന്നെ പിടികൂടമെന്നും അന്വേഷണസംഘത്തിന് നേതൃത്വം നല്കുന്ന റൂറല്‍ എഎസ്പി എം.ജെ. സോജന് പറഞ്ഞു.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളി എന്ന സിനിമക്കായി മണപ്പുറത്തെ ശിവക്ഷേത്രത്തിന് സമീപം ക്രിസ്തീയ ദേവാലയത്തിന്റെ മാതൃകയില്‍ നിര്‍മിച്ച സെറ്റ് ഏതാനും പേര് ചേര്‍ന്ന് തകര്‍ത്തത്.
സിനിമയുടെ ക്ലൈമാക്സ് ചിത്രീകരണത്തിനായി കഴിഞ്ഞ ഫെബ്രുവരിയിലാണ് ലക്ഷക്കണക്കിന് രൂപ ചിലവില്‍ സെറ്റ് നിര്‍മാണം ആരംഭിച്ചത്. കാലടി ശിവരാത്രി മണപ്പുറത്ത് നിര്‍മിച്ചിട്ടുള്ള താത്കാലിക ക്ഷേത്രത്തില്‍ നിന്നും 500 മീറ്ററോളം അകലത്തിലാണ് സെറ്റ് നിര്‍മാണം നടന്നത്.
പള്ളി മോഡലിലുള്ള സെറ്റ് നിര്‍മാണം അവസാന ഘട്ടത്തിലെത്തി നില്‍ക്കുമ്പോഴാണ് അപ്രതീക്ഷിതമായി മാര്‍ച്ചില്‍ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. അതോടെ സെറ്റ് നിര്‍മാണം നിര്‍ത്തിവച്ചു. രണ്ടു മാസക്കാലം സിനിമ സെറ്റിന് സെക്യൂരിറ്റി ജീവനക്കാരുടെ സംരക്ഷണവും ഏര്‍പ്പെടുത്തിയിരുന്നു.
സെറ്റ് നിര്‍മാണം പൂര്ത്തീയാകാത്തതിനാല് ചിത്രീകരണവും താത്കാലികമായി നീട്ടിവച്ചിരുന്നു. ലോക് ഡൗണിന് ശേഷം നിര്‍മാണം പൂര്‍ത്തിയാക്കി ഷൂട്ടിഗ് തുടങ്ങാനിരിക്കെയാണ് സെറ്റ് നശിപ്പിച്ചത്. കാലടി ഗ്രാമപഞ്ചായത്തിന്റെയും കാലടി ശിവരാത്രി ആഘോഷസമിതിയുടെയും അനുവാദത്തോടെയാണ് സെറ്റിട്ടതെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.
സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് റൂറല്‍ ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തികിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണം സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തുന്നത്.
പിടിയിലായ രതീഷ് നിരവധി കേസുകളില്‍ പ്രതിയാണ്. ഇയാളെ ഇന്നലെ വൈകുന്നേരത്തോടെ തന്നെ പോലീസ് പിടികൂടിയിരുന്നു. രാഹുലിനെ രാത്രി ഏറെ വൈകിയാണ് പോലീസ് പിടികൂടിയത്. പ്രതികള്‍ സഞ്ചരിച്ചതെന്ന് കരുതുന്ന വാഹനം കാലടി പട്ടണത്തിലെ മലയാറ്റൂര്‍ റോഡില്‍നിന്നും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.