കൊച്ചി: കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മലയാള സിനിമകളുടെ വിവരങ്ങള്‍ സംസ്ഥാന സ്പെഷല്‍ ബ്രാഞ്ചിനു കൈമാറിയതയി സൂചന.
2019 ജനുവരി മുതല്‍ 2020 മാര്‍ച്ചുവരെ പുറത്തിറങ്ങിയ സിനിമകള്‍, ഇവയില്‍ വിജയിച്ചവ, ഇൗ സിനിമകൾക്ക് ചെലവായ തുക, ആരാണ് പണംമുടക്കിയത് തുടങ്ങിയ വിവരങ്ങളാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് നല്‍കിയിട്ടുള്ളതെന്നാണു വിവരങ്ങള്‍.
ചില തീവ്രവാദ സ്വഭാവമുള്ള ആളുകൾ സിനിമമേഖലയിൽ കടന്നുകയറിയിട്ടുണ്ടെന്ന ഗുരുതര ആരോപണങ്ങൾ അടുത്തിടെ ഉയർന്നുവന്നിരുന്നു.
സിനിമകൾ വഴി ചില പ്രത്യേക മതവിഭാഗങ്ങളെ പ്രമോട്ട് ചെയ്യുന്നുവെന്നും മറ്റു മതങ്ങളെ ഇകഴ്ത്തിക്കെട്ടുന്നുവെന്ന പരാതിയും ചിലർ ഉന്നയിച്ചിട്ടുണ്ട്.
സിനിമാ മേഖലയിലെ ചിലര്‍ക്ക് കള്ളപ്പണ, ലഹരി കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന ആക്ഷേപം ഉയരുന്നതിനിടെയാണു സാമ്പത്തിക കാര്യങ്ങളിലടക്കം സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം നടത്തുന്നത്. സിനിമകളുടെ വിവരങ്ങള്‍ തേടി ആഴ്ചകള്‍ക്കുമുമ്പാണു സംസ്ഥാന സ്പെഷല്‍ ബ്രാഞ്ച് കത്ത് നല്‍കിയിരുന്നത്.
മുന്‍വര്‍ഷങ്ങളിലും ഇത്തരത്തിലുള്ള വിവരശേഖരണം അധികൃതര്‍ നടത്തിയിരുന്നു. ഈ വിവരങ്ങള്‍ മറ്റ് അന്വേഷണങ്ങളുടെ ഭാഗമാണെന്നു കരുതുന്നില്ലെന്നും എല്ലാ വര്‍ഷവും ഇത്തരത്തിലുള്ള വിവരങ്ങള്‍ അധികൃതര്‍ തേടുന്നതാണെന്നുമായിരുന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പ്രസിഡന്റ് എം. രജ്ഞിത്ത് വ്യക്തമാക്കിയിരുന്നത്.
സിനിമകളുടെ വിവരങ്ങള്‍ കൈമാറിയതു സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല. അതിനിടെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് നിര്‍വാഹക സമിതി യോഗം ഇന്ന് കൊച്ചിയില്‍ ചേര്‍ന്നേക്കും.