ജോണ്സണ് വേങ്ങത്തടം
കൊച്ചി: മറ്റൊരുകാലത്തും കാണാത്ത പ്രചാരണതന്ത്രമൊരുക്കിയാണ് കോണ്‍ഗ്രസ് ഇക്കുറി നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്നത്. സിനിമതാരങ്ങളെ പ്രചാരണവാഹകരാക്കി മുന്നിലേക്കു കൊണ്ടുവരാനുള്ള ചടുലനീക്കവും കോണ്‍ഗ്രസ് പയറ്റുന്നു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രയില്‍ പല മിന്നുംതാരങ്ങളും വേദി പങ്കിട്ടു കഴിഞ്ഞു. ഇനിയും പലരും രംഗത്തുവരുമെന്നാണ് കണക്കുകളിലൂടെയും കണക്കുക്കൂട്ടലിലൂടെയും കോണ്‍ഗ്രസ് നല്കുന്ന സൂചന.
സുരേഷ് ഗോപി പോലെയുള്ള താരങ്ങള്‍ പരസ്യമായി ബിജെപി ചായ്വും ഗണേഷ് കുമാറും മുകേഷും ഇടതുപക്ഷ ചായ്വും പ്രകടിപ്പിച്ചപ്പോഴും മൗനം പാലിച്ചിരുന്ന വലതുപക്ഷ താരങ്ങള്‍ പരസ്യമായി രംഗത്തിറങ്ങുന്ന കാഴ്ചയാണിപ്പോഴുള്ളത്.
എല്‍ഡിഎഫ് സ്ഥിരം പയറ്റുന്ന തന്ത്രമൊരുക്കി കളം പിടിക്കാനുള്ള നീക്കമാണ് കോണ്‍ഗ്രസ് ഇതിലൂടെ ശ്രമിക്കുന്നത്. എല്‍ഡിഎഫില്‍ മുകേഷും ഗണേഷ്കുമാറും എംഎല്‍എമാരാണ്.
കോണ്‍ഗ്രസ് ജഗദീഷിനെ പരീക്ഷിച്ചെങ്കിലും വിജയച്ചിരുന്നില്ല. എന്നാല്‍ ഇക്കുറി പ്രചാരണരംഗത്തേക്കു പിഷാരടിയെ പോലെ ജനങ്ങളെ ആകര്‍ഷിക്കുന്ന താരങ്ങളെയാണ് ഇറക്കുന്നത്.
ബിജു മേനോനും സുരാജും?
ധര്മജന് ബോള്‍ഗാട്ടിക്കും രമേശ് പിഷാരടിക്കും ഇടവേള ബാബുവിനും പിന്നാലെ ബിജുമേനോനും സുരാജ് വെഞ്ഞാറമൂടും കോണ്‍ഗ്രസ് പാളയത്തിലേക്കെത്തുമെന്ന സൂചനകളാണ് കോണ്‍ഗ്രസിന്റെ സൈബര്‍ വിംഗ് പുറത്തുവിടുന്നത്.
എന്നാല്‍ ഇരുവരും ഇക്കാര്യത്തില്‍ പ്രതികരണം നടത്തിയിട്ടില്ലെങ്കിലും വലതുപക്ഷ ചായ്വ് കാണിക്കുന്ന താരങ്ങളാണിവര്‍. സുരാജ് വെഞ്ഞാറമൂടിനെയും ബിജു മേനോനെയും കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് കോണ്‍ഗ്രസ് സൈബര്‍ ടീം രംഗത്തെത്തി കഴിഞ്ഞു.
സൈബര്‍ ടീമിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇരുവരെയും സ്വാഗതം ചെയ്ത് പോസ്റ്റിട്ടിട്ടുള്ളത്. ഈ പേജ് ഔദ്യോഗികമല്ലെങ്കിലും പാര്‍ട്ടിയുടെ പ്രധാന പ്രചാരണ ഗ്രൂപ്പുകളിലൊന്നാണ് ഇത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ സുരാജ് വെഞ്ഞാറമൂട് പങ്കെടുത്താലും അത്ഭുതപ്പെടാനില്ലെന്ന് ധര്മജന് ബോള്‍ഗാട്ടി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. “സുരാജ് പങ്കെടുക്കുമോ എന്നറിയില്ല. പങ്കെടുക്കാലും അത്ഭുതപ്പെടാനില്ല.
സുരാജ് വെഞ്ഞാറമൂട് വന്നാല്‍ നല്ലതായിരിക്കുമെന്നാണ് ധര്മജന് വ്യക്തമാക്കിയത്. സിനിമയില്‍ ഇടതുപക്ഷ കൂട്ടായ്മയുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല. വലതുപക്ഷ കൂട്ടായ്മയാണ് കൂടുതലുള്ളത്. കലാകാരന്മാര് കൂടുതലും വലതുപക്ഷക്കാരാണെന്നും ധര്മജന് പ്രതികരിച്ചിരുന്നു.
രമേശ് പിഷാരടിയൊക്കെ ദീര്‍ഘവീക്ഷണവും വിദ്യാഭ്യാസവുമുള്ള ആളുകളാണ്. ഞാന്‍ കോണ്‍ഗ്രസായതുകൊണ്ട് വെറുതെ എന്റെ പുറകെ വരുന്നതല്ല. കേരളത്തിലെ ഏതു മണ്ഡലത്തില്‍ നിര്‍ത്താനും യോഗ്യനായ സ്ഥാനാര്‍ഥിയാണ് പിഷാരടിയെന്നും ധര്മജന് അഭിപ്രായപ്പെട്ടിരുന്നു.
സിനിമയില്‍ വലതുപക്ഷ കൂട്ടായ്മ
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മലയാള സിനിമയില്‍ വലതുപക്ഷ കൂട്ടായ്മ രൂപപ്പെടുന്നതിന്റെ സൂചനയാണിത്. പിണറായി സര്‍ക്കാരുമായി അടുത്തുനില്ക്കുന്ന ഇടതു കൂട്ടായ്മയെ ചെറുക്കുക എന്ന ലക്ഷ്യവും നീക്കത്തിന് പിന്നിലുണ്ട്.
ആഷിഖ് അബുവും റീമ കല്ലുങ്കലും ഉള്‍പ്പെടെയുള്ള ഇടതുപക്ഷ ചായ്വ് പരസ്യമാക്കുന്ന താരങ്ങളുടെ കൂട്ടായ്മ ശക്തമാണ്. എന്നാല്‍ വലതുപക്ഷ ചായ്വ് പ്രകടിപ്പിക്കുന്ന താരങ്ങള്‍ കുറവായിരുന്നു. ഇനി ഇതിനൊരു മാറ്റം വരുമെന്നാണ് സിനിമയിലെ അണിയറപ്രവര്‍ത്തകരും നല്കുന്ന സൂചന.
പ്രേംനസറിന്റെ പരസ്യമായ കോണ്‍ഗ്രസ് അനുഭാവം പഴയ കാല ചരിത്രമാണ്. അതൊരു ഒറ്റപ്പെട്ട ചരിത്രമായിരുന്നു. കെ.ബി. ഗണേഷ് കുമാറും നേരത്തെ യുഡിഎഫ് പാളയത്തിലായിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജഗദീഷും കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചിരുന്നു. ബിജെപിക്ക് ഒപ്പമായിരുന്ന മേജര്‍ രവിയും കോൺഗ്രസ് പക്ഷത്തേക്കു മാറിയിരിക്കുന്നു. അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും കോൺഗ്രസിലെത്തി.
സലീം കുമാര്‍ ഐഎഫ്എഫ്കെയോടെ തന്റെ രാഷ്ട്രീയ അനുഭാവം പൊടിതട്ടിയെടുത്തു.വിളിച്ച് ചെറിയൊരു സര്‍വേ നടത്തിയാല്‍ മലയാള സിനിമയില്‍ വലതുപക്ഷ കൂട്ടായ്മയാണ് ശക്തമെന്ന് മനസിലാവുമെന്ന് ധര്മജന് അഭിപ്രായപ്പെടുന്നത്.
വലതുപക്ഷ രാഷ്ട്രീയമായാലും ഇടതുപക്ഷ രാഷ്ട്രീയമായാലും കാഴ്ചപ്പാടുണ്ടായാല്‍ മതിയെന്നായിരുന്നു ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍ അഭിപ്രായപ്പെട്ടത്. നിഷ്പക്ഷരാവുക നല്ല കാര്യമല്ല.
പക്ഷം പിടിക്കേണ്ടിവരുമെന്നും അദേഹം പറഞ്ഞു. ഇന്ത്യപോലൊരു രാജ്യത്തും, കേരളം പോലൊരു സംസ്ഥാനത്തും കോണ്‍ഗ്രസ് ഒരു അത്യാവശ്യമാണെന്നായിരുന്നു കോണ്‍ഗ്രസ് പ്രവേശനത്തെക്കുറിച്ചുള്ള പിഷാരടിയുടെ പ്രതികരണം.
കാരണമായി ചലച്ചിത്ര മേളയും
കൊച്ചിയില്‍ നടക്കുന്ന ചലച്ചിത്രമേളയില്‍ നിന്നും സലീംകുമാറിനെ ഒഴിവാക്കിയതിലൂടെ വലതുപക്ഷ താരങ്ങള്‍ മറ്റൊരു പ്രചാരണതന്ത്രമാണ് ഒരുക്കിയത്. കോണ്‍ഗ്രസുകാരനായതുകൊണ്ട് ഒഴിവാക്കി എന്ന നിലയിലേക്കു കാര്യങ്ങള്‍ നീങ്ങി.
ഇതു ഏറെകുറെ വിജയിക്കുകയും ചെയ്തു. ദേശീയ അവാര്‍ഡു ജേതാക്കളായിട്ടും സുരേഷ് ഗോപിയേയും സലീംകുമാറിനെയും ഒഴിവാക്കിയതു രാഷ്ട്രീയവിവാദമാക്കാന്‍ സംഘടിതമായി സാധിച്ചു.സലിം കുമാറിനെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജനകീയ ചലച്ചിത്ര മേള സംഘടിപ്പിച്ചു.
സലിം കുമാറിനെയും ഷാജി എന്‍ കരുണിനെയും ഒഴിവാക്കിയതിനെതിരേയാണ് യൂത്ത് കോണ്‍ഗ്രസ് സമരം നടത്തിയത്.