കെ.കെ. അർജുനൻ
വിയ്യൂർ: നാളെ മുതൽ ഇതാ ഇന്നു മുതൽ എന്ന മൈക്ക് അനൗണ്‍സ് മെന്റ് ഓർമയുണ്ടോ…ഒരു കാലത്ത് സിനിമകളുടെ അനൗണ്‍സ്മെന്റും കളർ നോട്ടീസ് വിതരണവും നാട്ടിൻപുറങ്ങളിൽ പതിവു കാഴ്ചയായിരുന്നു.
ഇതാ ഇന്നുമുതൽ എന്ന സിനിമ റിലീസ് ചെയ്യുന്നതിന്റെ തലേന്ന് നടത്തിയ മൈക്ക് അനൗണ്സ്മെന്റിലാണു നാളെ മുതൽ ഇതാ ഇന്നുമുതൽ എന്ന ഡയലോഗ് പിറന്നത്.
സിനിമ കാലത്തിനൊപ്പം മാറിയതോടെ മൈക്ക് അനൗണ്‍സ്മെന്റും നോട്ടീസ് വിതരണവുമൊക്കെ നിലച്ചു. എന്നാൽ, കാലങ്ങൾക്കു ശേഷം ഇപ്പോൾ വീണ്ടും മൈക്ക് അനൗണ്‍സ്മെന്റും നോട്ടീസ് വിതരണവും തിരിച്ചുവരുന്പോൾ പോയകാലത്തിന്റെ രസകരമായ ഓർമകളും തിരിച്ചെത്തുകയാണ്.
അടുത്തിടെ റിലീസ് ചെയ്ത “ഉപചാരപൂർവം ഗുണ്ട ജയൻ’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി എറണാകുളത്ത് ജീപ്പിൽ മൈക്ക് അനൗണ്‍സ്മെന്റും നോട്ടീസ് വിതരണവും നടത്തിയിരുന്നു.
ഇപ്പോൾ തൃശൂരിലും ഇത്തരത്തിൽ മൈക്ക് അനൗണ്‍സ്മെന്റും നോട്ടീസ് വിതരണവും തുടങ്ങി.വി.കെ. പ്രകാശ് നവ്യനായരെ കേന്ദ്രകഥാപാത്രമാക്കി സംവിധാനം ചെയ്ത “ഒരുത്തീ’ എന്ന സിനിമയുടെ പ്രമോഷനാണു ജീപ്പിൽ അനൗണ്‍സ്മെന്റ് നടത്തി നാട്ടിടവഴികളിലൂടെ കടന്നുപോകുന്നത്.
ഗ്രാമങ്ങളിൽ നിന്ന് നഗരത്തിലേക്കും ജീപ്പെത്തുന്നുണ്ട്. സിനിമകളുടെ പ്രമോഷനുവേണ്ടി സോഷ്യൽ മീഡിയയെ ഉപയോഗപ്പെടുത്തുന്ന പുതിയ കാലത്ത് ജീപ്പും മൈക്കും കളർ നോട്ടീസുമെല്ലാം ഒരിക്കൽകൂടി മടങ്ങിവരുന്പോൾ അത് ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് കാലഘട്ടത്തിന്റെ ഓർമപ്പെടുത്തൽ കൂടിയാവുകയാണ്.