റിയാദ്: മലയാള സിനിമാ പ്രവർത്തകർക്കിടയിൽ ലഹരിമരുന്ന് ഉപയോഗം കൂടുതലാണെന്നതു ഊഹാപോഹം മാത്രമെന്നു ജയിൽ ഡിജിപി ഋഷിരാജ് സിംഗ്. റിയാദിൽ ഒരു ചടങ്ങിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇപ്പോൾ പ്രചരിക്കുന്നത് അഭ്യൂഹം മാത്രമാണ്. ഇതിന് അടിസ്ഥാനമില്ല. ആരോപണം സാധൂകരിക്കുന്ന തരത്തിലുള്ള പരാതികളോ തെളിവുകളോ ഇതുവരെ ലഭ്യമായിട്ടില്ല. ഉൗഹാപോഹങ്ങൾ വച്ച് എന്തു ചെയ്യാനാകും?. താൻ എക്സൈസ് കമ്മീഷണറായിരുന്നപ്പോൾ ഇതുസംബന്ധിച്ച പരാതികൾ ലഭിച്ചിരുന്നില്ലെന്നും ഋഷിരാജ് സിംഗ് പറഞ്ഞു.
മലയാള സിനിമാരംഗത്തു ലഹരിമരുന്ന് ഉപയോഗം വ്യാപകമാണെന്നു നിർമാതാക്കളുടെ സംഘടന അടുത്തിടെ ആരോപിച്ചിരുന്നു. ഷെയിൻ നിഗം അടക്കം യുവതലമുറയിലെ ഒരു വിഭാഗം നടൻമാർ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നും സംഘടനാ ഭാരവാഹികൾ ആരോപിച്ചു.