കോഴിക്കോട്: അലിഖിത അവകാശം പോലെ സിനിമയിൽ തുടർന്നു വരുന്ന ലൈംഗിക ചൂഷണമടക്കമുള്ള നെറികേടുകൾ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ടെങ്കിലും മലയാള സിനിമാ വ്യവസായത്തിലെ ഒട്ടേറെ ‘പ്രമുഖർ’ ഇപ്പോഴും കാണാമറയത്ത്. പല മുൻനിര വനിതാ പ്രവർത്തകർക്കും ഒട്ടേറെ കഥകൾ പറയാനുണ്ടെന്നാണ് സിനിമാ മേഖലയിലെ പിന്നാന്പുറ സംസാരം. അവരുടെ കഥകൾക്കു മുന്നിൽ ഇപ്പോൾ പുറത്തുവന്നിട്ടുള്ള വെളിപ്പെടുത്തലുകൾ നിസാരമാണെന്നാണ് സൂചന.
ഫീൽഡിൽ സജീവമായി നിൽക്കുന്നവരും ഭാവിയിൽ നല്ല റോളുകൾ ലഭിക്കുമെന്ന പ്രതീക്ഷയിൽ ദിവസങ്ങൾ തള്ളിനീക്കുന്നവരും തുറന്നുപറച്ചിലുകൾ നടത്താത്തത് എന്നന്നേക്കുമായി തങ്ങൾ തഴയപ്പെടുമോയെന്ന ഭീതി മൂലമാണ്. ചൂഷണത്തിനെതിരേ നടപടി സ്വീകരിക്കാനേ സർക്കാരിനു കഴിയു.
ആർക്കൊക്കെ സിനിമയിൽ അവസരം കൊടുക്കണമെന്നു തീരുമാനിക്കാനുള്ള പൂർണമായ അവകാശവും അധികാരവും സംവിധായകരും നിർമാതാക്കളും പ്രമുഖ നടൻമാരും അടങ്ങിയ ലോബിക്കാണുള്ളത്. ഈ സാഹചര്യത്തിൽ നോക്കിയുംകണ്ടുമൊക്കെയുള്ള നിലപാടു സ്വീകരിക്കാനാണ് ചൂഷണത്തിനിരയായ പല താരങ്ങളുടെ തീരുമാനം.
ഒരു മുൻനിര താരം പോലും ഇതുവരെ കാര്യമായ വെളിപ്പെടുത്തലുകൾ നടത്തിട്ടില്ല. ആരാധകരുടെ ആർപ്പുവിളികളും സന്പത്തും ഗ്ലാമറും പ്രശസ്തിയും കൂടിക്കലർന്ന വല്ലാത്തൊരു മോഹവലയത്തിൽ ജീവിക്കുന്ന താരങ്ങൾക്ക് അതൊന്നും പെട്ടെന്നു നഷ്ടപ്പെടുന്നതു ചിന്തിക്കാൻ പോലും കഴിയുന്ന കാര്യമല്ല. ഹേമ കമ്മിറ്റിക്കു മുന്നിൽ അവർ സ്വകാര്യമായി പീഡനങ്ങൾ വിവരിച്ചിട്ടുണ്ട്. പേരുവിവരം പുറത്തുവരില്ലെന്ന ഉറപ്പിലാണ് പലരും ഉള്ള കാര്യങ്ങൾ തുറന്നു പറഞ്ഞത്.
കുറ്റവാളികളുടെ പേരു പുറത്തുവന്നില്ലെങ്കിലും ഇനിയെങ്കിലും ചൂഷണത്തിനു തടയിടാൻ സർക്കാർ സംവിധാനങ്ങൾ ഉണരണമെന്ന ഉദ്ദേശത്തോടെയാണ് ഹേമ കമ്മീഷനു മുന്നിൽ നടിമാർ മനസു തുറന്നത്. ലൈംഗിക ചൂഷണ പരാതി പരസ്യമായി ഉന്നയിച്ച് സമൂഹമധ്യത്തിൽ ചർച്ചാ വിഷയമാകാനും അപമാനമേറ്റുവാങ്ങാനും ഭൂരിഭാഗം താരങ്ങൾക്കും താൽപര്യമില്ല.
പൊതുജനം കരുതുന്നതിലുമപ്പുറം സമൂഹത്തിലെ എല്ലാ മേഖലകളിലും പിടിപാടുള്ളവരാണ് സിനിമാ മേഖലയിലെ പ്രമുഖർ. അവരെ പരസ്യമായി തൊട്ടാൽ സിനിമാ ഫീൽഡ് നിലയ്ക്കുമെന്നും അതിന്റെ പഴി പേറേണ്ടിവരുമെന്ന ആശങ്കയും നടിമാർക്കുണ്ട്.ഇപ്പോൾതന്നെ അമ്മ ഭരണസമിതി അംഗങ്ങൾ രാജിവച്ചതോടെ, വനിതാ പ്രവർത്തകർ ചൂഷണത്തിനിരയാകുന്നുവെന്ന വസ്തുതക്കുപരിയായി ആനുകൂല്യങ്ങൾ കുറയുമെന്ന വാദമുയർത്തി ഭാരവാഹികൾക്കനുകൂലമായ സഹതാപ തരംഗമുണർത്താനുള്ള നീക്കം സജീവമായിട്ടുണ്ട്.
ഈ സാഹചര്യത്തിൽ സർക്കാർ ഹേമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊതുവായ മുൻകരുതൽ നടപടി സ്വീകരിക്കണമെന്ന ഉദ്ദേശം മാത്രമേ പലർക്കുമുള്ളു. നടപടി സ്വീകരിച്ചാൽ സിനിമാ മേഖല കുറച്ചെങ്കിലുമൊക്കെ ശുദ്ധമാകുമെന്നും ഭാവിയിൽ തങ്ങൾക്കു അഭിനയ ജീവിതം തുടരാമെന്നുമാണ് പല വനിതാ അഭിനേതാക്കളുടെയും ഉള്ളിലിരിപ്പ്.