തൃശൂർ: സംവിധാനം മകൻ, നിർമാണം അമ്മ, മേക്കപ്പ് സഹോദരി, മുഖ്യനടൻ അച്ഛൻ – മറുവശം എന്ന ഹ്രസ്വചിത്രം ശരിക്കും ഒരു കുടുംബചിത്രമാണ്. മദ്യപാനത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് ഈ കുടുംബം ഒരുക്കിയ മറുവശം എന്ന ഹ്രസ്വചിത്രം കുടുംബസദസുകളിലും പൊതുസമൂഹത്തിലും പുതിയ തരംഗമാകുന്പോൾ ക്യാമറയ്ക്കു മുന്നിലും പിന്നിലും അണിനിരന്ന നാലംഗ കുടുംബത്തിന് അഭിനന്ദന പ്രവാഹം.
തൃശൂർ ചെന്പുക്കാവ് സ്വദേശിയായ അശ്വിൻ അശോക് രചനയും സംവിധാനവും നിർവഹിച്ച മറുവശം എന്ന ഹ്രസ്വചിത്രം നിർമിച്ചത് അശ്വിന്റെ അമ്മ പി.സുമതിയാണ്. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് അശ്വിന്റെ പിതാവ് കെ.കെ.അശോകനാണ്.
മുൻകാല മുഖ്യധാര നാടകപ്രവർത്തകനായ ഏജീസ് ഓഫീസ് ഉദ്യോഗസ്ഥനായ അശോകൻ സംസ്ഥാന സർക്കാരിന്റെ പുരസ്കാരം നേടിയ മരമച്ഛൻ എന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. മറുവശത്തിലെ കഥാപാത്രങ്ങൾക്ക് മേക്കപ്പ് നിർവഹിച്ചത് കാലിക്കട്ട് യൂണിവേഴ്സിറ്റി ക്യാന്പസ് സെന്ററിലെ ഒന്നാം വർഷ ബിഎഡ് വിദ്യാർഥിനിയായ അശ്വിന്റെ സഹോദരി ഐശ്വര്യ എം അശോകാണ്.
കുസാറ്റിലെ മൂന്നാംവർഷ വിദ്യാർഥിയാണ് മറുവശത്തിന്റെ സംവിധായകൻ അശ്വിൻ അശോക്. അമിത മദ്യപാനം മൂലം രോഗശയയ്യിലായ മദ്യപാനി തന്റെ കാമുകിയായ മദ്യത്തെ കാണാൻ ആഗ്രഹിക്കുന്നതും കൂട്ടുകാരന്റെ സഹായത്തോടെ മദ്യപാനിയെ മദ്യമെന്ന കാമുകി കാണാനെത്തുന്നതും അവരുടെ സ്വകാര്യ സംവാദങ്ങളും പരിഭവങ്ങളുമാണ് മറുവശം എന്ന 12 മിനുറ്റ ഹ്രസ്വചിത്രത്തിലുള്ളത്.
അമിത മദ്യപാനത്തിന്റെ ദൂഷ്യഫലങ്ങൾ സമൂഹത്തോട് പുതിയ രീതിയിൽ പറയാനാണ് ശ്രമിച്ചതെന്ന് സംവിധായകൻ അശ്വിൻ അശോക് പറഞ്ഞു. ശ്യാംപ്രസാദും ശബരീഷ്ബാബുവും ചേർന്നാണ്. ക്യാമറ കൈകാര്യം ചെയ്തത്. എഡിറ്റിങ്ങ് സജീഷ് നന്പൂതിരിയും, സംഗീതം സുജിത്ത് രാജ് എസ്സും നിർവ്വഹിച്ചു.
സൗണ്ട് ഇഫക്ട്സ് ടി.ശ്രീരാജും റിച്ചാർഡ് അന്തിക്കാട് സൗണ്ട് മിക്സിങ്ങും ചെയ്തിരിക്കുന്ന മറുവശം ഹൈ ഫ്ലൈ ക്രിയേഷൻസിന്റെ ബാനറിലാണ് നിർമ്മിച്ചിരിക്കുന്നത്. കെ.കെ.അശോകനു പുറമെ പാർവ്വതി, ദിലീപ് കുമാർ എന്നിവരും അഭിനയിച്ചു.