കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രതികൾ സമർപ്പിച്ച ഹർജികൾ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്നു തീർപ്പാക്കിയേക്കും. ഇത്തരം കേസുകളിൽ എത്രയും വേഗം വിചാരണ നടപടികൾ പൂർത്തിയാക്കണമെന്നാണു മേൽ കോടതികളുടെ നിർദേശം. അതിനാൽ, സാക്ഷി വിസ്താര തീയതിയും കോടതി ഇന്നു തീരുമാനിച്ചേക്കും.
കേസിൽ ഒന്നാംപ്രതിയായ സുനിൽകുമാറെന്ന പൾസർസുനിയ്ക്കു പുറമെ നടൻ ദിലീപ്, രണ്ട് അഭിഭാഷകരടക്കമാണു കേസിലെ പ്രതികൾ. കേസുമായി ബന്ധപ്പെട്ടു പ്രതികൾ സമർപ്പിച്ച മുഴുവൻ ഹർജികളും കോടതി ഇന്നു തീർപ്പാക്കുമെന്നാണു സൂചന.
ഇതോടൊപ്പം വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ പ്രത്യേക കോടതി വേണമെന്നും വനിതാ ജഡ്ജിയെ നിയോഗിക്കണമെന്നും സ്പെഷൽ പ്രോസിക്യൂട്ടർക്കു പുറമെ സ്വകാര്യ അഭിഭാഷകനെ ഹാജരാവാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ആക്രമണത്തിന് ഇരയായ നടി സമർപ്പിച്ച ഹർജിയും കോടതി ഇന്നു പരിഗണിച്ചേക്കും.