തൃശൂർ: റിലീസ് ചെയ്ത പുതിയ സിനിമകളുടെ വ്യാജ പതിപ്പ് ഇന്റർനെറ്റിൽ പുറത്തിറക്കാതിരിക്കാൻ നിർമാതാക്കളിൽനിന്നും വൻതുക ആവശ്യപ്പെടുന്ന മാഫിയ സംഘം സംസ്ഥാനത്തു സജീവം. ലക്ഷങ്ങൾ വരെ ഇത്തരത്തിൽ ഈ മാഫിയ സംഘം സിനിമ നിർമാതാക്കളിൽനിന്ന് ഭീഷണിപ്പെടുത്തി ഈടാക്കുന്നുണ്ടെന്നാണ് വിവരം.
പുതിയ സിനിമകൾ റിലീസായാൽ ഉടൻതന്നെ അവ നെറ്റിൽ അപ്ലോഡ് ചെയ്യാൻ സാധ്യതയുണ്ടെന്ന പ്രീ പോസ്റ്റുകൾ ഉണ്ടാക്കി നിർമാതാക്കളെ സമീപിച്ച് പണം പറ്റുന്ന രീതിയാണ് ഇത്തരം സംഘങ്ങളുടേതെന്നു പോലീസ് പറഞ്ഞു. പുതിയ സിനിമകൾ ഇന്റർനെറ്റിൽ വരാതിരിക്കാനായി, പൈറസി തടയാനെന്ന പേരിൽ ഒരു മാസത്തേക്ക് അറുപതിനായിരം മുതൽ ഒരു ലക്ഷം രൂപയാണ് ഈ സംഘങ്ങൾ വാങ്ങുന്നത്.
പൈറസി തടയാനായി പല നിർമാതാക്കളുമായും ഇത്തരത്തിൽ പണം വാങ്ങി കരാറുണ്ടാക്കിയ ആളെ കഴിഞ്ഞദിവസം ആന്റി പൈറസി സെൽ അറസ്റ്റു ചെയ്തപ്പോഴാണ് സിനിമാരംഗത്തെ തകർക്കുന്ന പുതിയ മാഫിയയുടെ പ്രവർത്തനം പുറത്തറിഞ്ഞത്.
പലപ്പോഴും നിർമാതാക്കൾ ഇത്തരം സംഘങ്ങളുടെ സത്യാവസ്ഥ അറിയാതെ തങ്ങളുടെ ചിത്രം ഇന്റർനെറ്റിൽ വരാതിരിക്കാൻ ഇവർ ചോദിച്ച പണം നൽകുകയാണ് ചെയ്യുക. സിനിമാമേഖലയിൽ പുതുതായി കടന്നുവരുന്ന നിർമാതാക്കളെയാണ് ഈ സംഘം പ്രധാനമായും ലക്ഷ്യമിടുന്നത്.
സീനിയർ പ്രൊഡ്യൂസർമാർ തങ്ങളുടെ വലയിൽ വീഴില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് ഇവർ പുതിയ നിർമാതാക്കളെ സമീപിക്കുന്നത്. കഷ്ടപ്പെട്ട് നിർമിച്ച സിനിമ തീയറ്ററിലെത്തുംമുന്പോ തീയറ്ററിലെത്തിയതിനു തൊട്ടുപിറകെയോ ഇന്റർനെറ്റിൽ വരുന്നത് ആലോചിക്കാൻ പോലും കഴിയാതെ നിർമാതാക്കൾ ഇവർ ചോദിക്കുന്ന തുക നൽകാറുണ്ട്.
പണം കൈപ്പറ്റിയിട്ടും ഈ സംഘങ്ങൾ കരാർ ലംഘിച്ച് സിനിമകൾ അപ്ലോഡ് ചെയ്യുന്നതായും പരാതികൾ ലഭിച്ചിട്ടുണ്ട്. ഇത്തരത്തിൽ നിർമാതാക്കളെ ഭീഷണിപ്പെടുത്തി പണം കൈപ്പറ്റുന്ന സംഘങ്ങൾക്കെതിരെ കർശന നടപടികളുമായി ആന്റി പൈറസി സെൽ രംഗത്തുണ്ട്.