ഒറ്റപ്പാലം: ലക്കിടിയിൽ സഹോദരങ്ങൾ വാഹനാപകടത്തിൽ കൊല്ലപ്പെട്ട കേസിൽ ലോറി കസ്റ്റഡിയിലെടുക്കാൻ പോലീസിനു വഴിയൊരുക്കിയത് സിനിമാപ്രവർത്തകർ. രണ്ടുകുടുംബങ്ങളുടെ അത്താണിയായിരുന്ന യുവാക്കളെ അപകടത്തിനു കാരണമായ വാഹനം ഏതാണെന്നു കണ്ടെത്താനാകാതെ പോലീസ് മൂന്നാഴ്ച വലഞ്ഞു.
കേസ് എഴുതിതള്ളേണ്ടിവരുമോ എന്നുപോലും പോലീസ് സംശയിച്ചു. തുടർന്നാണ് അന്വേഷണത്തിന് വി.രവി, ആർ.പ്രദീപ് എന്നീ പോലീസ് ഉദ്യോഗസ്ഥരെ ഒറ്റപ്പാലം സിഐ അബ്ദുൾ മുനീർ നിയോഗിച്ചത്. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് കില്ലർ വാഹനം കണ്ടെത്താൻ കഴിഞ്ഞത്.
അപകടം നടന്ന പ്രദേശത്തിനടുത്തെ നൂറോളം കാമറകൾ പോലീസ് പരിശോധിച്ചു. സമയം, സാഹചര്യം എന്നിവ കണക്കിലെടുത്ത് സൈബർ സെൽ, പാലക്കാട് എസ്പിയുടെ പ്രത്യേക സ്ക്വാഡ് എന്നിവയുടെ സഹായവും പോലീസ് സംഘംതേടി.സിസിടിവി ദൃശ്യങ്ങളിൽനിന്നും വ്യക്തത ലഭിക്കാതെ വന്നതോടെ ദൃശ്യങ്ങൾ വിദഗ്ധരുടെ സാങ്കേതിക സഹായത്തോടെ പരിശോധിക്കുകയായിരുന്നു.
തുടർന്ന് വീന്പ് എന്ന സിനിമയുടെ അണിയറക്കാരെ ഇതിനായി പോലീസ് സമീപിച്ചു. സിനിമാ പ്രവർത്തകരുടെ ടെക്നിക്കൽ ടീം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് സാങ്കേതിക മികവോടെ കില്ലർ ലോറി തിരിച്ചറിയുകയുമായിരുന്നു.പി.രമേഷ്, എഡിറ്റർ കെ.സലീം എന്നിവരടങ്ങിയ സംഘമാണ് പോലീസിനൊപ്പം നിന്ന് അന്വേഷണത്തിനു തെളിവുണ്ടാക്കിയത്.
ജൂണ് 27നാണ് മങ്കര മഞ്ഞക്കര മേലേതിൽ വിനോദ് (42), സഹോദരൻ വിജേഷ് (36) എന്നിവർ ലക്കിടിയിൽ രാത്രിയിൽ ഇരുചക്രവാഹനത്തിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ അപകടത്തിൽ മരിച്ചത്.എന്നാൽ ഇവരെ ഇടിച്ചിട്ട വാഹനം കണ്ടെത്താനാകാതെ പോലീസ് നട്ടംതിരിയുകയായിരുന്നു. ലോറി ഡ്രൈവർ ദിണ്ഡിക്കൽ സനാർപട്ടി ടി.രാസു (48) അറസ്റ്റിലാകുകയും ചെയ്തു.
കേസ് അന്വേഷണം വിജയത്തിലെത്തിക്കാൻ സഹായിച്ച സിനിമാസംഘത്തെ കഴിഞ്ഞദിവസം സിഐ പി.അബ്ദുൾ മുനീർ സ്റ്റേഷനിൽ വിളിച്ചുവരുത്തി അഭിനന്ദിച്ചു. ഒറ്റപ്പാലം പോലീസിനു അഭിമാനിക്കാൻ ഏറെ വകനല്കുന്ന കേസിൽ സിഐയ്ക്കു പുറമേ ട്രാഫിക് എസ്ഐ ടി.സുരേന്ദ്രൻ, എഎസ്ഐ ബിജേഷ്, വി.രവികുമാർ, കെ.സി.പ്രദീപ് കുമാർ, ജയകുമാർ, സലീം, മഹേശ്വരി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.