തിരുവനന്തപുരം: നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തുന്നതിന് ആസൂത്രണം ചെയ്ത ഫൈസൽ ഫരീദിനെ നാട്ടിലെത്തിക്കാൻ എൻഐഎ നടപടി ആരംഭിച്ചു.
ഫൈസലിന് ദുബായിലും കേരളത്തിലും രാഷ്ട്രീയ-സിനിമാ മേഖലയിലെ പല പ്രമുഖരുമായും ബന്ധമുണ്ടെന്ന് എൻഐഎയുടെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
എൻഐഎയുടേയും ഇന്റർപോളിന്റെയും നിർദേശാനുസരണം ഫൈസലിനെ കഴിഞ്ഞ ദിവസം ദുബായ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ദുബായ് പോലീസ് ചോദ്യം ചെയ്തുവരികയാണ്.
സ്വപ്ന സുരേഷിന്റെയും സന്ദീപിന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ഫൈസൽ ഫരീദിനെക്കുറിച്ച് എൻഐഎ വിശദമായി അന്വേഷണം നടത്തിയത്.
ദുബായിയിൽനിന്ന് ഉൾപ്പെടെ ഇയാൾ മുഖേന ഹവാല പണവും കേരളത്തിലെത്തിയിരുന്നുവെന്ന് എൻഐഎയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള പണം സിനിമാ നിർമാണത്തിനും ഉ പയോഗിച്ചിരുന്നു.
അടുത്തകാലത്ത് പുറത്തിറങ്ങിയ നിരവധി സിനിമകൾക്ക് ഇയാൾ പണം മുടക്കിയിരുന്നുവെന്നാണ് അന്വേഷത്തിൽ കണ്ടെത്തിയിരിക്കുന്നത്. 230 കിലോയോളം സ്വർണം നയതന്ത്രബാഗേജ് മുഖേനയും അല്ലാതെയും കേരളത്തിലേക്ക് ഒന്നരവർഷത്തക്കാലത്തിനിടയ്ക്ക് കടത്തിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ മുൻ ഐടി ഫെല്ലോ അരുൺ ബാലചന്ദ്രനുമായി ഫൈസൽ ഫരീദിന് അടുത്ത ബന്ധം ഉണ്ടായിരുന്നതായി എൻഐഎക്ക് വിവരം ലഭിച്ചിട്ടുണ്ട്.
സ്വർണക്കടത്തിലൂടെ ലഭിച്ച പണം ഭീകര പ്രവർത്തനങ്ങൾക്കും ഉപയോഗിച്ചിരുന്നതായും എൻഎഐയുടെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.