തിരുവനന്തപുരം: സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ മൂന്നംഗസമിതിയെ നിയമിച്ചു. മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. ജസ്റ്റിസ് ഹേമ അധ്യക്ഷയായ സമിതിയിൽ അംഗങ്ങളായി വത്സലകുമാരി, ചലച്ചിത്ര താരം ശാരദ എന്നിവരെ ഉൾപ്പെടുത്താൻ മന്ത്രിസഭായോഗത്തിൽ തീരുമാനിച്ചു.
സിനിമാ മേഖലയിലെ സ്ത്രീകൾക്കെതിരെ നടക്കുന്ന അക്രമങ്ങൾക്കെതിരെയും സ്ത്രീകളുടെ പ്രശ്നങ്ങളെക്കുറിച്ചും പുതുതായി രൂപീകരിച്ച സിനിമാ മേഖലയിലെ സ്ത്രീകൂട്ടായ്മ നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകിയിരുന്നു.
മഞ്ജുവാര്യർ,ബീനാപോൾ, റീമാ കല്ലിങ്കൽ എന്നിവരുടെ നേതൃത്വത്തിലാണ് നേരത്തെ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നത്. കൊച്ചിയിൽ നടിക്കെതിരെ നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമാ മേഖലയിലെ സ്ത്രീകൾ പുതിയ സംഘടനക്ക് രൂപം നൽകിയത്.