ടോവിനോ തോമസ് നായകനാകുന്ന മിന്നല്‍ മുരളിയുടെ കാലടി മണപ്പുറത്തെ പള്ളിയുടെ സെറ്റ് പൊളിച്ചു നീക്കിയ സംഭവത്തില്‍ പ്രതികരണവുമായി ചിത്രത്തിന്റെ സംവിധായകന് ബേസില്‍ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
എന്താ പറയേണ്ടത് എന്നറിയില്ലെന്ന് വ്യക്തമാക്കി ആരംഭിക്കുന്ന ഫേസ്ബുക്ക് പോസ്റ്റില്‍ ചിലര്‍ക്കിത് പബ്ലിസിറ്റി ആവാമെങ്കിലും തങ്ങള്‍ക്ക് ഇതൊരു സ്വപ്നം ആയിരുന്നുവെന്ന് അദേഹം വ്യക്തമാക്കുന്നു. ഒരുമിച്ചു നില്‍ക്കേണ്ട സമയത്തു,
ഇങ്ങനെയൊക്കെ സംഭവിക്കും എന്ന് സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിട്ടില്ലെന്നും നല്ല വിഷമമുണ്ട്, ആശങ്കയും എന്ന് വ്യക്തമാക്കികൊണ്ട് ഏതാനും ചിത്രങ്ങള്‍കൂടി പങ്കുവച്ചുകൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.
സംഭവം വളരെ ദൗര്‍ഭാഗ്യകരം, ഭീമമായ നഷ്ടവുമുണ്ടാക്കി: സോഫിയ പോള്‍
ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളിയുടെ കാലടി മണപ്പുറത്തെ സെറ്റ് തകര്‍ത്തതില്‍ പ്രതികരണവുമായി ചിത്രത്തിന്റെ നിര്‍മാതാവ് സോഫിയ പോളിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഏറെ പ്രതീക്ഷകളോടെ ഒരുക്കുന്ന അതിമാനുഷിക നായക കഥാപാത്ര ചിത്രമാണ് മിന്നല്‍ മുരളിയെന്നു വ്യക്തമാക്കിക്കൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്.
രണ്ട് വര്‍ഷത്തെ പ്രീ പ്രൊഡക്ഷന്‍ ജോലികളും പ്ലാനിങ്ങും ചിത്രത്തിന് വേണ്ടിവന്നിരുന്നു. നിലവിലെ നിയന്ത്രണങ്ങളില്‍ ഇളവ് വരുന്നതോടെ ചിത്രീകരണം ആരംഭിക്കാനിരിക്കുകയായിരുന്നു. കാലടിയിലാണ് അടുത്ത ഷെഡ്യൂള്‍ പ്ലാന്‍ ചെയ്തത്.
ചിത്രത്തിന്റെ ക്ലൈമാക്സിനായി വലിയ പള്ളിയുടെ സെറ്റും നിര്‍മിച്ചു. നിര്‍ഭാഗ്യവശാല്‍ കോവിഡ് മഹാമാരിയും ലോക്ക്ഡൗണും കാരണം ചിത്രീകരണം തുടരാനായില്ല. സര്‍ക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുകയായിരുന്നു.
വളരെ അധികം പ്രാധാന്യമുളള രംഗത്തിനായാണ് കാലടിയിലെ പള്ളിയുടെ സെറ്റ് നിര്‍മിച്ചത്. അവിടെ സെറ്റിടാനുളള എല്ലാ അനുമതിയും വാങ്ങിയിരുന്നു. സെറ്റ് തകര്‍ത്ത സംഭവം വളരെ ദൗര്‍ഭാഗ്യകരവും ഭീമമായ നഷ്ടവുമായി എന്ന് വ്യക്തമാക്കികൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.