കൊച്ചി: കാലടി ശിവരാത്രി മണപ്പുറത്ത് സിനിമാ സെറ്റ് അടിച്ചുതകര്‍ത്ത കേസില്‍ അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ഇന്നലെ പെരുമ്പാവൂര്‍ പോലീസ് പിടികൂടിയ മുടക്കുഴ അകനാട് തേവരുകുടി രാഹുല്‍ രാജ്(19), ഇരിങ്ങോള്‍ പട്ടാല്‍ കാവിശേരി രാഹുല്‍ (23), കൂവപ്പടി നെടുമ്പിള്ളി ഗോഗുല്‍ (25), കീഴില്ലം വാഴപ്പിള്ളി സന്ദീപ് കുമാര്‍ (33) എന്നിവരെയാണ് ഇന്ന് കോടതിയില്‍ ഹാജരാക്കുക.
സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും കൂടുതല്‍ പ്രതികള്‍ ഉള്പ്പെട്ടിട്ടുണ്ടോയന്നത് ഉള്‍പ്പെടെ അന്വേഷിച്ചുവരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി. കേസിലെ മുഖ്യപ്രതിയായ കാരി രതീഷ് എന്ന മലയാറ്റൂര്‍ രതീഷ് കഴിഞ്ഞ ദിവസം പോലീസ് മുമ്പാകെ കീഴടങ്ങിയിരുന്നു.
സിനിമ സെറ്റ് നശിപ്പിക്കല്‍, അതുവഴി വര്‍ഗീയ കലാപം സൃഷ്ടിക്കാനുള്ള ശ്രമം, കേരള എപ്പിഡമിക് ഡിസീസ് ആക്ട് എന്നിവ പ്രകാരമാണ് പ്രതികള്‍ക്കെതിരേ കേസെടുത്തിട്ടുള്ളത്. ടൊവിനോ തോമസ് നായകനായ ചിത്രത്തിന്റെ നിര്‍മാണത്തിനായി കാലടി മണപ്പുറത്ത് താത്കാലികമായി നിര്‍മിച്ച പള്ളിയുടെ സെറ്റാണ് സംഘം തകര്‍ത്തത്.
സംഭവം വിവാദമായതോടെ കണ്ടാലറിയാവുന്നവര്‍ക്കെതിരേ പെരുമ്പാവൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. കാലടി മണപ്പുറത്ത് ലോക്ക്ഡൗണിനു മുമ്പാണ് സിനിമാ പ്രവര്‍ത്തകര്‍ സെറ്റിട്ടത്. ലോക്ക്ഡൗണ്‍ വന്നതോടെ ഇവര്‍ക്ക് ഷൂട്ടിംഗ് നിര്‍ത്തിവയ്ക്കുകയായിരുന്നു.